ബംഗ്ലാംകുന്നിന് ഇത് സ്വപ്ന സാഫല്യം; 14 കുടുംബങ്ങൾ ഇനി ഭൂവുടമകൾ
തൊടുപുഴ മുനിസിപ്പാലിറ്റിയിലെ ബംഗ്ലാംകുന്ന് സ്വദേശികളായ 14 കുടുംബങ്ങളുടെ കാത്തിരിപ്പിനാണ് വാഴത്തോപ്പിലെ ജില്ലാ പട്ടയമേളയിൽ വിരാമമായത്. ബംഗ്ലാംകുന്നുകാരുടെ പട്ടയമെന്ന ആവശ്യത്തിന് ഏകദേശം 70 വർഷത്തോളം പഴക്കമുണ്ട്. 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ബംഗ്ലാംകുന്ന് സ്വദേശികളും പട്ടയത്തിന് അവകാശികളായത്. ബംഗ്ലാംകുന്നുകാർ പട്ടയത്തിനായി ഏഴ് പതിറ്റാണ്ടിനിടയിൽ കയറിയിറങ്ങാത്ത ഓഫീസുകളില്ല, മുട്ടാത്ത വാതിലുകളില്ല.
ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയുമെല്ലാം നിരന്തര ഇടപെടലുകളും സർക്കാരിന്റെ ഇച്ഛാശക്തിയും പ്രഖ്യാപിത നയങ്ങളുമാണ് ബംഗ്ലാംകുന്നിന്റെ പട്ടയ സ്വപ്നം യാഥാർഥ്യമാക്കിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2019 മുതൽ പ്രദേശവാസികൾ നിരന്തരം നടത്തിയ ഇടപെടലുകളെ തുടർന്നാണ് നിലവിൽ പട്ടയം ലഭിച്ചതെന്ന് അവർ പറയുന്നു. തങ്ങളുടെ പട്ടയ സ്വപ്നം യാഥാർഥ്യമാക്കിയ സർക്കാരിനും ഒപ്പം പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരുടെയും പേരെടുത്ത് പറഞ്ഞാണ് പ്രദേശവാസികൾ നന്ദി രേഖപ്പെടുത്തുന്നത്. രഞ്ജിത പ്രതാപൻ, തങ്കമ്മ പെരുമാൾ, കൗസല്യ രാജപ്പൻ, വത്സലാ ബാലകൃഷ്ണൻ, ചന്ദ്രൻ വി.കെ, മഹേഷ് ബി.എം, നൗഷാദ് കെ.എ, ബേബി കൃഷ്ണൻകുട്ടി, ജയചന്ദ്രൻ, ജിബി കണ്ടത്തിൽ, ജിനു കെ.പി, ഷൈല വിനിൽ, കമലാക്ഷി, സാവിത്രി ഉലകനാഥൻ എന്നിവർക്കാണ് കാത്തിരുപ്പിനൊടുവിൽ പട്ടയം ലഭ്യമായ ബംഗ്ലാംകുന്നിലെ കുടുംബങ്ങൾ.
അറുപതാണ്ടിന്റെ കാത്തിരിപ്പിന് അവസാനം; തങ്കമ്മയമ്മയും ഇനി ഭൂവുടമ
തൊടുപുഴ മുനിസിപ്പാലിറ്റിയിലെ ബംഗ്ലാകുന്ന് സ്വദേശിയായ പഴയവീട്ടിൽ തങ്കമ്മ പെരുമാൾ പറഞ്ഞറിയിക്കാനാവത്ത സന്തോഷത്തിലാണ്. 72 വയസുകാരിയായ തങ്കമ്മയമ്മക്ക് അറുപത് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പട്ടയം ലഭിക്കുന്നത്. വർഷങ്ങളായി നിരവധി ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും പട്ടയം കിട്ടിയില്ലെന്ന് പറയുമ്പോൾ തങ്കമ്മയമ്മയുടെ കണ്ഠമിടറുന്നുണ്ടായിരുന്നു.

ഇക്കാലമത്രയും നിരവധി ആവശ്യങ്ങൾ ഉണ്ടായിരുന്നിട്ടും പട്ടയം ഇല്ലാത്തതിനാൽ ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചതായി തങ്കമ്മയമ്മ പറയുന്നു. മക്കളുടെ വിവാഹം, പഠനം, ചികിത്സ അങ്ങനെ ആവശ്യങ്ങളേറെ.... പട്ടയം ഇല്ലാത്തതിനാൽ തമസിക്കുന്നിടത്ത് നിന്ന് കുടിയിറക്കിവിടുമോ എന്ന പേടിയിലാണ് കഴിഞ്ഞിരുന്നത്. ആറ് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ ഭൂമിയുടെ അവകാശ രേഖ കിട്ടയ സന്തോഷവും സർക്കാരിനോടുള്ള നന്ദിയും പങ്കുവെക്കുമ്പോൾ ആ അമ്മയുടെ കണ്ണുനിറയുന്നുണ്ടായിരുന്നു. തങ്കമ്മയമ്മ ഭൂവുടമയായപ്പോൾ ഒപ്പം മകൾ ബേബിക്കും പട്ടയം ലഭിച്ചു. അമ്മയും മകളും ഒരേ വേദിയിൽ നിന്ന് പട്ടയവുമായാണ് വീട്ടിലേയ്ക്ക് മടങ്ങിയത്. മകൻ ബാബുവിനും മകൾ ബേബിക്കുമൊപ്പമാണ് തങ്കമ്മയമ്മ വാഴത്തോപ്പിൽ ജില്ലാതല പട്ടയമേളക്ക് എത്തിയത്.










