ഭാരതപ്പുഴ-ബിയ്യം കായല്‍ സംയോജന പദ്ധതി: നിര്‍മ്മാണോദ്ഘാടനം നടന്നു
ഭാരതപ്പുഴ-ബിയ്യം കായല്‍ സംയോജന പദ്ധതി സര്‍ക്കാരിന്റെ ശ്രദ്ധേയ പദ്ധതി: മന്ത്രി റോഷി അഗസ്റ്റിന്‍
ഭാരതപ്പുഴ-ബിയ്യം കായല്‍ സംയോജന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി നിർവഹിച്ചു.സംസ്ഥാന ജലവിഭവ വകുപ്പിന്റെ ശ്രദ്ധേയ പദ്ധതിയാണ് ഭാരതപ്പുഴ-ബിയ്യം കായല്‍ സംയോജിത പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.
പൊന്നാനി-തൃശൂര്‍ മേഖലയില്‍ വേനല്‍ക്കാലത്തും വെള്ളം കിട്ടാനും താഴ്ന്ന പ്രദേശങ്ങളില്‍ പുഞ്ച കൃഷിക്കായി വെള്ളം ശേഖരിക്കാനും ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താനും സാധിക്കുന്ന പദ്ധതിയാണിത്. മലപ്പുറം ബിയ്യം പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പി. നന്ദകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. അഞ്ച് പതിറ്റാണ്ടായുള്ള കാത്തിരിപ്പിന്റെ ഫലമാണ് ഇതെന്നും കൃത്യമായ പ്രവര്‍ത്തനത്തിന്റെയും ഇച്ഛാശക്തിയുടെയും സാക്ഷാത്കാരമാണ് ഇത്തരത്തിലുള്ള വികസന പദ്ധതികള്‍ എന്നും അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ രണ്ട് നഗരസഭകളിലേക്കും പത്തിലേറെ പഞ്ചായത്തുകളിലേക്കും ബിയ്യം കായലിനോടും നൂറടിത്തോടിനോടും ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കാനുള്ള പദ്ധതിയായാണ് ഭാരതപ്പുഴ-ബിയ്യം കായല്‍ സംയോജന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 35.80 കോടി രൂപ നബാര്‍ഡ് ഫണ്ട് വകയിരുത്തിയാണ് പദ്ധതിയുടെ നിര്‍മ്മാണം നടക്കുക.
ചടങ്ങില്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ. അജ്മല്‍ സ്വാഗതം പറഞ്ഞു. എ.സി. മൊയ്തീന്‍ എം.എല്‍.എ മുഖ്യാതിഥിയായി. കോഴിക്കോട് ഇറിഗേഷന്‍ നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ടി. ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, പൊന്നാനി നഗരസഭ ചെയര്‍പേഴ്സണ്‍ ശിവദാസ് ആറ്റുപുറം, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍, കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന്‍, ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നബീസ കുട്ടി, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, കെ.സി.ഡി.സി കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയര്‍ എ.ജി ബോബന്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എസ്. ബീന, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.










