കോവിഡ് 19: മെയ് മൂന്ന് വരെ മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങളില്‍ പ്രത്യേക ഇളവുകളില്ല

post

നിലവിലെ നിയന്ത്രണങ്ങള്‍ ജില്ല മുഴുവന്‍ കൂടുതല്‍ ശക്തമായി തുടരും: ജില്ലാ കലക്ടര്‍

മലപ്പുറം : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച മലപ്പുറം ജില്ലയില്‍ മെയ് മൂന്ന് വരെ നിയന്ത്രണങ്ങളില്‍ യാതൊരു ഇളവുകളുമുണ്ടാകില്ല. ലോക് ഡൗണിന്റെ ഭാഗമായി നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത വില്ലേജുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ 20 ന് ശേഷം നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭാഗികമായ ഇളവുകളൊന്നും ജില്ലയില്‍ ബാധകമാവില്ല.

വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മാത്രം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഏപ്രില്‍ 20 ന് ശേഷം മറ്റിടങ്ങളില്‍ ഭാഗികമായ ഇളവുകള്‍ നല്‍കാനാവില്ലെന്ന് കോവിഡ് പ്രതിരോധ ജില്ലാതല മുഖ്യ സമിതി അവലോകന യോഗത്തിനു ശേഷം ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഇക്കാര്യം യോഗം വിശദമായി പരിശോധിച്ചു. ജില്ലയില്‍ 15 ഗ്രാമ പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമാണ് ഇതുവരെ കോവിഡ്ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ മുഴുവന്‍ പഞ്ചായത്തുകളിലും നഗരസഭകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. രോഗം സ്ഥിരീകരിച്ചവരുടേയും സമ്പര്‍ക്കം പുലര്‍ത്തിയവരുടേയും നിരീക്ഷണ കാലയളവ് പൂര്‍ത്തിയായിട്ടില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഉള്‍പടെ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളും നിരീക്ഷണത്തില്‍ തുടരുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും മലപ്പുറം സ്വദേശികള്‍ തിരിച്ചെത്തുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ജില്ല മുഴുവന്‍ ഹോട്ട് സ്പോട്ടായി പരിഗണിച്ച് ഇളവുകള്‍ വേണ്ടെന്ന് യോഗത്തില്‍ തീരുമാനമായി.

നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ മാത്രമെ മെയ് മൂന്നു വരേയും തുറക്കാന്‍ പാടുള്ളു. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ തന്നെയായിരിക്കും പ്രവര്‍ത്തന സമയം. ഇപ്പോള്‍ നിലവിലുള്ള അവശ്യ സേവനങ്ങള്‍ക്കല്ലാതെ മറ്റ് സ്ഥാപനങ്ങള്‍ക്ക് ജില്ലയില്‍ പ്രവര്‍ത്തനാനുമതി ഇല്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. അത്യാവശ്യങ്ങള്‍ക്കു മാത്രമെ ജനങ്ങള്‍ പുറത്തിറങ്ങാവൂ. മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. ഗ്രാമ - നഗര വ്യത്യാസമില്ലാതെ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ പ്രവര്‍ത്തനാനുമതി ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നത് ശ്രദ്ധയില്‍പ്പെടുകയോ അനാവശ്യമായി കൂട്ടം കൂടുകയോ ചെയ്താലും കര്‍ശനമായ നിയമ നടപടികള്‍ നേരിടേണ്ടി വരും.  

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നത് ആരോഗ്യ ജാഗ്രത ലംഘിക്കാനുള്ള ലൈസന്‍സായി ആരും കാണരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. രോഗ വ്യാപനം തടയാന്‍ ജനപിന്തുണ അനിവാര്യമാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു.