വിഷൻ 2031: ഉന്നതവിദ്യാഭ്യാസ വകുപ്പ് നയരേഖ മന്ത്രി അവതരിപ്പിച്ചു

നാലു നഗരങ്ങൾ കേന്ദ്രീകരിച്ച് ഉന്നത വിദ്യാഭ്യാസ ഹബ്ബുകൾ സ്ഥാപിക്കാനാകും: മന്ത്രി ആർ. ബിന്ദു
വിപുലമായ അടിസ്ഥാന സൗകര്യങ്ങളും വ്യവസായ ബന്ധങ്ങളും സംയോജിപ്പിച്ച് 2031ഓടെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസ നഗരങ്ങൾ സ്ഥാപിക്കാനാകുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. വിഷൻ 2031 ന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ 2031ൽ വരേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ആശയസമാഹരണത്തിനായി വകുപ്പ് കോട്ടയത്ത് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറിന്റെ പ്രാരംഭ സമ്മേളനത്തിൽ സമീപന രേഖ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ആഗോള വാണിജ്യം, മാരിടൈം സ്റ്റഡീസ്, ഫിൻടെക്, ആഗോള വ്യാപാരം, തുറമുഖ മാനേജ്മെന്റ്, ബിസിനസ് അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയ്ക്ക് പ്രാധാന്യമുള്ള ഉന്നത വിദ്യാഭ്യാസ ഹബ്ബാണ് കൊച്ചിയിൽ വിഭാവനം ചെയ്യുന്നത്.
തിരുവനന്തപുരം കേന്ദ്രമായി ശാസ്ത്രം, സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രം, സൈബർ സുരക്ഷ, ബയോമെഡിക്കൽ എൻജിനിയറിംഗ്, പൊതുനയം, അന്താരാഷ്ട്ര ബന്ധങ്ങൾ എന്നിവയുടെ ഉന്നത വിദ്യാഭ്യാസ ഹബ്ബ് സ്ഥാപിക്കാനാകും.
കോഴിക്കോട്ട് ലിബറൽ ആർട്സ്, ഡിജിറ്റൽ ഹ്യൂമാനിറ്റീസ്, ഹോസ്പിറ്റാലിറ്റി, വ്യോമയാനം, കാലാവസ്ഥ-തീരദേശ പഠനങ്ങൾ, സാംസ്കാരിക പൈതൃകം എന്നിവയുടെയും തൃശൂരിൽ പെർഫോമിംഗ് ആർട്സ്, ആയുർവേദം, കാർഷിക സാങ്കേതിക ശാസ്ത്രങ്ങൾ, സഹകരണ ബാങ്കിംഗ്, ഇവന്റ് മാനേജ്മെന്റ്, ആരോഗ്യം, സെമികണ്ടക്ടർ ടെക്നോളജി എന്നിവയുടെയും ഹബ്ബുകളാണ് മന്ത്രി അവതരിപ്പിച്ച സമീപന രേഖയിലുള്ളത്.
പ്രധാന നഗരങ്ങളിൽ നിലവിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗുണനിലവാരം, തൊഴിൽക്ഷമത, ലോകോത്തര ഗവേഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, ആഗോള മത്സരക്ഷമതയുള്ള, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളായി പരിവർത്തനം ചെയ്യപ്പെടണമെന്ന് സമീപന രേഖ നിർദേശിക്കുന്നു. കേരളം മുന്നോട്ടു വയ്ക്കുന്ന ജനകേന്ദ്രീകൃതമായ വൈജ്ഞാനിക സമൂഹം എന്ന ആശയം തിളക്കമാർന്ന കേരള മാതൃകയുടെ രണ്ടാം അധ്യായമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന പ്രാരംഭ സമ്മേളനത്തിൽ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തെ ആഗോള ഹബ്ബാക്കി മാറ്റാൻ സാധിക്കുന്ന ഇടപെടലുകളാണ് കഴിഞ്ഞ ഒൻപതു വർഷമായി സംസ്ഥാന സർക്കാർ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ആഗോള റാങ്കിംഗുകളിൽ കേരളത്തിലെ സർവകലാശാലകൾ മികച്ച നേട്ടം കൈവരിക്കുന്നത് സർക്കാർ നടത്തിയ ഇടപെടലുകളുടെ ഫലമായുണ്ടായ മാറ്റമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ ഒൻപതു വർഷം സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അവതരിപ്പിച്ചു. മഹാത്മാ ഗാന്ധി സർവകലാശാലാ വൈസ് ചാൻസലർ ഡോ. സി. ടി. അരവിന്ദകുമാർ, കോളജ് വിദ്യാഭ്യാസ ഡയറക്ടർ കെ. സുധീർ എന്നിവർ പ്രസംഗിച്ചു.
ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, മലയാളം സർവകലാശാല വൈസ് ചാൻസലർ സി. ആർ. പ്രസാദ്, കൊച്ചി സർവകലാശാല വൈസ് ചാൻസലർ ഡോ. ജുനൈദ് എം. ബുഷ്റി, കേരള സാങ്കേതിക സർവകലാശാല വൈസ്ചാൻസലർ കെ. ശിവപ്രസാദ്, ശ്രീനാരായണ ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ജഗതി രാജ്, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ പി. ജയപ്രകാശ്, മുംബൈ ഐഐടി എമരിറ്റസ് പ്രൊഫസർ എൻ. വി. വർഗീസ്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ- മെംബർ സെക്രട്ടറി പ്രൊഫ. രാജൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.