വിഷൻ 2031: പൊതുമരാമത്ത് വകുപ്പ് നയരേഖ മന്ത്രി അവതരിപ്പിച്ചു

post

കേരളത്തെ പശ്ചാത്തല വികസനത്തിന്റെ ഹബ്ബാക്കി മാറ്റും: മന്ത്രി പി എ മുഹമ്മദ് റിയാസ്

സംസ്ഥാനം 75-ാം വർഷത്തിലേക്ക് കടക്കുന്ന 2031-ൽ രാജ്യത്തെ ഏറ്റവും മികച്ച പശ്ചാത്തല സൗകര്യമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിഷൻ 2031-ന്റെ ഭാഗമായി കോഴിക്കോട് ബീച്ചിലെ ആസ്പിൻ കോർട്ട് യാർഡിൽ സംഘടിപ്പിച്ച പൊതുമരാമത്ത് വകുപ്പിന്റെ സംസ്ഥാനതല സെമിനാറിൽ വകുപ്പിന്റെ വികസന നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2031 ൽ പശ്ചാത്തല വികസനത്തിന്റെ ഹബ്ബാക്കി കേരളത്തെ ഉയർത്തുക എന്ന ലക്ഷ്യത്തിലെത്താനാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

രാജ്യത്ത് മികച്ച റോഡ് ശൃംഖലയുള്ള സംസ്ഥാനമാണ് കേരളം. അതേസമയം വാഹനസാന്ദ്രതയും ഏറ്റവും കൂടുതലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഗ്രാമീണ മേഖലയിലടക്കം ബിഎം-ബിസി റോഡുകൾ പണിത് പശ്ചാത്തല സൗകര്യ വികസനത്തിലൂടെ ജനജീവിതം മെച്ചപ്പെടുത്താൻ കേരളത്തിനായി. കുതിരാൻ ടണൽ, മൂന്നാർ-ബോഡിമെട്ട്, നാട്ടുകാൽ-താണാവ് എന്നീ ദേശീയപാത വികസന പ്രവർത്തികളും പൂർത്തീകരിച്ചു. ദേശീയപാത-85 ൽ കൊച്ചി - മൂന്നാർ 125 കിലോമീറ്റർ പാതാനവീകരണം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമാക്കി തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ്, എറണാകുളം ബൈപാസ്, കൊല്ലം ചെങ്കോട്ട ഗ്രീൻഫീൽഡ്, കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് പാതാ എന്നീ പ്രവൃത്തികൾ ആരംഭിക്കുന്നതിനാണ് വകുപ്പ് അടിയന്തര പ്രാധാന്യം നൽകുന്നത്. ഈ പദ്ധതികളിൽ ജിഎസ്ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി സംസ്ഥാന പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. അതോടൊപ്പം തൃശൂർ - ഇടപ്പള്ളി ദേശീയപാതാ ആറുവരി വികസനം, എൻ എച്ച് 766 (കോഴിക്കോട് -മുത്തങ്ങ), എൻ എച്ച് 185 ൽ അടിമാലി- കുമളി, എൻ എച്ച് 183 ൽ മുണ്ടക്കയം - കുമളി എന്നീ പാതകളുടെ നവീകരണം സാധ്യമാക്കുന്നതിനുള്ള ഇടപെടലും നടത്തുന്നതായും മന്ത്രി പറഞ്ഞു. ദേശീയപാതാ അതോറിറ്റി പദ്ധതി രേഖ തയ്യാറാക്കുന്ന രാമനാട്ടുകര -കോഴിക്കോട് എയർപോർട്ട് റോഡ്, കണ്ണൂർ വിമാനത്താവള റോഡ് (ചൊവ്വ - മട്ടന്നൂർ), കൊടൂങ്ങല്ലൂർ - അങ്കമാലി, ഫോർട്ട് വൈപ്പിൻ മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ്, കോതമംഗലം മൂവാറ്റുപുഴ ബൈപ്പാസ് എന്നിവ യാഥാർത്ഥ്യമാക്കുകയും ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു.

സംസ്ഥാനത്താകെ 29,573 കിലോമീറ്റർ റോഡുകളാണ് പൊതുമരാമത്ത് വകുപ്പ് പരിപാലിക്കുന്നത്. റോഡ് വികസനപദ്ധതികൾക്കു വേണ്ടി മാത്രം 35,000 കോടിയോളം രൂപയാണ് സർക്കാർ അനുവദിച്ചത്. 8200 കിലോ മീറ്ററിലേറെ റോഡുകൾ നവീകരിച്ചു. പകുതിയിൽ അധികം പൊതുമരാമത്ത് റോഡുകൾ ബിഎം-ബിസി നിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രഖ്യാപനം നടപ്പിലാക്കി. നിലവിൽ 17,749.11 കിലോമീറ്റർ റോഡ് ബിഎം-ബിസി നിലവാരത്തിലേക്ക് ഉയർത്തി. മലയോര പാത തീരദേശ പാത എന്നിവ പൂർത്തിയാക്കി കേരളത്തിന്റെ റോഡ് ശൃഖല ശക്തിപ്പെടുത്തകയെന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

സ്മാർട്ട് ഡിസൈൻ റോഡുകൾ

2031 ഓടെ നൂറു ശതമാനം റോഡുകളും സ്മാർട്ട് ഡിസൈനിലുള്ള ആധുനിക നിലവാരത്തിലേയ്ക്ക് ഉയർത്തുകയാണ് ലക്ഷ്യം. സംസ്ഥാന പാതകൾ നാല് വരി ഡിസൈൻ റോഡായും പ്രധാന ജില്ല റോഡുകൾ രണ്ട് വരി ഡിസൈൻ റോഡ് ആയും ഘട്ടം ഘട്ടമായി ഉയർത്തും. ബൈപ്പാസ്, എലിവേറ്റഡ് ഹൈവേ, ഗ്രേഡ് സെപ്പറേറ്ററുകളുടെ നിർമാണം എന്നിവും ലക്ഷ്യം. പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനു റോഡ് ശൃംഖലയുടെ മാപ്പ് തയ്യാറാക്കി ഡിസൈൻ പോളിസിക്ക് അനുസൃതമായി വികസിപ്പിക്കും. ആദിവാസി മേഖലയിലെ സമഗ്ര റോഡ് കണക്റ്റിവിറ്റി, നഗരങ്ങളിൽ സ്മാർട്ട് റോഡുകൾ എന്നിവയും നിർമിക്കും.

കേരളത്തിന്റെ കാലാവസ്ഥ വെല്ലുവിളികൾ കണക്കിലെടുത്ത് സുസ്ഥിര നിർമ്മാണം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി റീക്ലെയിംഡ് ആസ്ഫാൾട്ട് പേവ്മെന്റ്, ഫുൾ ഡെപ്ത് റിക്ലമേഷൻ തുടങ്ങിയ സാങ്കേതികവിദ്യ പദ്ധതികളിൽ ഉൾപ്പെടുത്തും. ജിയോ സെൽ/ജിയോ ഗ്രിഡ്, കയർ ഭൂവസ്ത്രം, നാച്ചുറൽ റബ്ബർ തുടങ്ങിയവയുടെ ഉപയോഗത്തിനു കൂടുതൽ ഊന്നൽ നൽകുമെന്നും മന്ത്രി പറഞ്ഞു. സൃഷ്ടിപരമായി രൂപകൽപ്പന ചെയ്ത പൊതുസ്ഥലങ്ങൾ, ഗതാഗത ശൃംഖലകല പോലെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏകീകരിച്ച് കേരളത്തെ ആഗോള കേന്ദ്രമായി മാറ്റാനും മികച്ച സൗകര്യങ്ങളോടെയുള്ള വഴിയോര വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കാനും വകുപ്പ് ലക്ഷ്യമിടുന്നു. പരിസ്ഥിതി, സ്ത്രീ, ഭിന്നശേഷി സൗഹൃദ സ്മാർട്ട് ബസ് ഷെൽട്ടറുകൾ നിർമിക്കും.

റോഡ് സേഫ്റ്റി സെൽ രൂപീകരിക്കും

നിരത്തുപരിപാലനത്തിൽ സർക്കാർ ആവിഷ്‌ക്കരിച്ച റണ്ണിംഗ് കോൺട്രാക്ട് പദ്ധതി ഈ മേഖലയിലെ പ്രധാന ചുവടുവെപ്പായിരുന്നു. ഡിഎൽപി ബോർഡുകൾ സ്ഥാപിച്ച് പരിപാലനത്തിൽ സുതാര്യത ഉറപ്പാക്കി. ഇത് റോഡുകൾ കാര്യക്ഷമമായി പരിപാലിക്കുന്നതിലേക്ക് നയിച്ചു. സമഗ്ര റോഡ് സുരക്ഷാ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ/ഹോസ്പിറ്റൽ മേഖലകളിൽ ആധുനിക ഫൂട്ട് ഓവർ ബ്രിഡ്ജ്, റോഡ് കാരിയേജ് വേഎഐ സാങ്കേതികവിദ്യയിലൂടെ റോഡ് സേഫ്റ്റി പ്രവർത്തനങ്ങൾ എന്നിവ നടപ്പിലാക്കും. റോഡ് സുരക്ഷ ഓഡിറ്റ് നടത്തുന്നതിന് എല്ലാ ജില്ലകളിലും റോഡ് സേഫ്റ്റി സെൽ രൂപീകരിക്കും.

150 പാലങ്ങൾ പൂർത്തിയാക്കി

നൂറ് പാലങ്ങൾ പൂർത്തിയാക്കുമെന്ന പ്രഖ്യാപനം മൂന്ന് വർഷം കൊണ്ട് സാധ്യമാക്കി. 150-ാമത് പാലം തിരുവന്തപുരത്തെ പാറശാലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ അഞ്ചിന് നാടിന് സമർപിക്കുമെന്നും മന്ത്രി പറഞ്ഞു. പാലനിർമ്മാണത്തിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താനും സ്ട്രക്ചറൽ ഹെൽത്ത് മോണിറ്ററിംഗ് വഴി പാലങ്ങളുടെ കാര്യക്ഷമമായ പരിപാലനം നടത്താനും വിനോദ സഞ്ചാര സാധ്യത പരിഗണിച്ച് പാലം ഭംഗിയായി ഡിസൈൻ ചെയ്തു പണിയാനും പദ്ധതി.

144 റെയിയിൽവേ മേൽപാലങ്ങൾ പണിയുക ലക്ഷ്യം

കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റെയിൽവെ മേൽപ്പാലങ്ങൾ പൂർത്തിയാക്കാനായി. നിലവിൽ 10 എണ്ണം പൂർത്തിയായി. 25 മേൽപാലങ്ങളുടെ പ്രവൃത്തി പുരോഗമിക്കുന്നു.

കെട്ടിട നിർമ്മാണ മേഖലയിൽ കോംപസിറ്റ് ടെണ്ടർ നടപ്പിലാക്കിയും ഗ്രീൻ ബിൽഡിംഗ് രീതികൾ വ്യാപകമാക്കിയും കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവന്നു. പൊതുമരാമത്ത് വകുപ്പിലെ കെട്ടിട നിർമ്മാണത്തിന്റെ നൈപുണ്യ വികസനത്തിന് ബിഐഎം പ്ലാറ്റ്ഫോം സജ്ജമാക്കുകയാണ് പ്രധാന ലക്ഷ്യം. നിർമ്മാണ മേഖലയിൽ പുരനുപയോഗ-പുനഃചംക്രമണ രീതി നടപ്പിൽ വരുത്തും.

തീരദേശ മേഖലകളിലെ നിർമ്മാണ പ്രവർത്തികൾ കൂടുതൽ കാലം നിലനിൽക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യകൾ സ്വീകരിക്കും. കെട്ടിട നിർമ്മാണ പ്രക്രിയയെ വേഗത്തിലാക്കുന്നതിനും നിർമ്മിതിയുടെ ഗുണനിലവാരം, ഈട്, പെർഫോമൻസ് എന്നിവ മെച്ചപ്പെടുത്തി സമയവും ചിലവും കുറയ്ക്കുന്നതിന് ആഗോള തരത്തിൽ അംഗീകരിക്കപെട്ടിട്ടുള്ള സാങ്കേതിക വിദ്യയായ പ്രീ ഫാബ്രിക്കേറ്റഡ് നിർമ്മാണരീതി വ്യാപകമായി പ്രയോജനപ്പെടുത്താനും വകുപ്പ് ലക്ഷ്യമിടുന്നു.

പൊതുമരാമത്ത് വകുപ്പിൽ നടപ്പിലാക്കിയ പീപ്പിൾസ് റസ്റ്റ് ഹൗസ് ഓൺലൈൻ ബുക്കിംഗ് പദ്ധതിയിലൂടെ റസ്റ്റ് ഹൗസുകളുടെ വരുമാനം നാലു വർഷം കൊണ്ട് മുപ്പത് കോടിയിലേക്ക് എത്തിക്കാനായി. കേരളത്തിലെ എല്ലാ പ്രധാന ടൂറിസം തീർത്ഥാടന കേന്ദ്രങ്ങളിലും റസ്റ്റ് ഹൗസുകൾ നിർമ്മിക്കാനും ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു.

നെറ്റ് സീറോ എനർജിയിലേക്ക്

പരിസ്ഥിതി സൗഹൃദ ഇലക്ട്രിക്ക് നിർമ്മാണ സാമഗ്രികളുടെ ഉപയോഗത്തിലേക്ക് മാറും. നെറ്റ് സീറോ എനർജി കെട്ടിടങ്ങളുടെ വികസനം, ഉപഭോക്ത സൗഹൃദത്തിന് ഉതകുന്ന നിർമ്മാണ രീതികൾ എന്നിവ പ്രോത്സാഹിപ്പിക്കും. സൗരോർജ്ജം ഉൾപ്പെടെ ഉപയോഗപ്പെടുത്താനുള്ള പരിശ്രമം നടത്തും. പരിസ്ഥിതി സംരക്ഷിക്കുന്നതിനായി ദൃശ്യമലിനീകരണം കുറക്കുന്ന രീതിയിലുള്ള സംവിധാനം പൊതുമരാമത്ത് പ്രവർത്തികളിൽ ഉൾപ്പെടുത്തും. കെട്ടിടങ്ങളിൽ ആധുനിക അഗ്നി സുരക്ഷാ അടിസ്ഥാനസൗകര്യങ്ങൾ നടപ്പിലാക്കും. മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനവും ജലപുനരുപയോഗവും സംരക്ഷണവും നടപ്പിലാക്കാനും ലക്ഷ്യമിടുന്നു.

ഇൻക്ലൂസീവ് ഡിസൈൻ

പൊതു നിർമ്മിതികളിൽ ഇലക്ട്രോണിക്, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി ഉപകരണങ്ങൾ സ്ഥാപിച്ച് ഭിന്ന ശേക്ഷി സൗഹൃദമാക്കും. പശ്ചാത്തല വികസന സാധ്യതകൾ ഉൾക്കൊണ്ടുകൊണ്ട് ബൃഹത്തായ ''ഡാറ്റാ ബാങ്ക്'' തയ്യാറാക്കി 'ഇൻക്ലൂസീവ് ഡിസൈൻ' നടപ്പിലാക്കുന്നതിനാണ് വകുപ്പ് ഊന്നൽ നൽകുന്നു.

ഹരിത നിർമ്മാണ നയത്തിന്റെ ഭാഗമായ കെ-ഗ്രീൻ റേറ്റിംഗ് സംസ്ഥാനത്തിൽ നടപ്പിലാക്കും. നൂതന ആശയങ്ങളും കെട്ടിട നിർമ്മാണ സാമഗ്രഹികളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് പൊതു കെട്ടിടങ്ങളും മറ്റു നിർമ്മിതികളും അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുവാൻ ശ്രമിക്കും. പ്രാദേശിക പ്രതിഛായയും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന സുസ്ഥിരവും ആകർഷകവും പരിസ്ഥിതി സൗഹൃദവുമായ നിർമ്മിതികൾ പ്രോത്സാഹിപ്പിക്കും. ഗ്രീൻ ബിൽഡിംഗ്, ലാൻഡ്സ്‌കേപ്പ് ഡിസൈൻ, ഇന്റീരിയർ ഡിസൈൻ, പ്രീ എഞ്ചിനിയേർഡ് ബിൽഡിംഗ് തുടങ്ങിയ മേഖലകളിൽ നൈപുണ്യ വികസനങ്ങൾ സാധ്യമാക്കുന്നതിനും ലക്ഷ്യമിടുന്നു.

കെഎച്ച്ആർഐ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയർത്തും

നിർമ്മാണ മേഖലയിൽ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായി കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ മാറ്റാൻ സാധിച്ചു. സ്ഥാപനത്തെ അന്താരാഷ്ട്രാ നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രമായി ഉയർത്തി തിങ്ക് ടാങ്കായി മാറ്റാൻ വകുപ്പ് ലക്ഷ്യമിടുന്നു. നിർമാണ മേഖലയിലെ മാലിന്യം പുനരുപയോഗം ചെയ്യുന്നതിനായി  ഗവേഷണം വ്യാപിപ്പിക്കും.

ഭരണസംവിധാനം സുതാര്യമാക്കും

പൊതമരാമത്ത് മേഖലയിൽ സുതാര്യത ഉറപ്പുവരുത്തുന്നതിന് ഇ ഓഫീസ് സംവിധാനം, കോൺസ്റ്ററ്റൻസി മോണിറ്ററിംഗ് ടീം, ജില്ലാതല ഡി ഐ സി സി കൾ തുടങ്ങിയവയുടെ തുടർച്ചയായി സമഗ്രവും കാലാനുസൃതവുമായ മാനുവൽ പരിഷ്‌കരണം ലക്ഷ്യമിടുന്നു. അതോടൊപ്പം പ്രവൃത്തികൾ കാര്യക്ഷമമാക്കുവാൻ കരാറുകാർക്ക് പെർഫോമൻസ് ബേസ്ഡ് ഗ്രേഡിങ് സിസ്റ്റം നടപ്പിലാക്കാനും ലക്ഷ്യമിടുന്നതായി നയരേഖ അവതരണത്തിൽ മന്ത്രി പറഞ്ഞു.