ജൈവ വൈവിധ്യ ബോർഡ് പുരസ്‌കാര ദാനം; സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു

post

കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ പുരസ്‌കാര ദാന ചടങ്ങ് നിയമസഭാ ശങ്കരനാരായണൻ തമ്പി ഹാളിൽ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥവ്യതിയാനത്തിനനുസരിച്ച് വിവിധ മേഖലകളിൽശാസ്ത്രീയ മാർഗങ്ങൾ പിൻതുടരണമെന്ന് ചടങ്ങിൽ സംസാരിക്കവേ സ്പീക്കർ പറഞ്ഞു.സമകാലിക കേരളീയ പശ്ചാത്തലത്തിൽ ജൈവ വൈവിധ്യ ബോർഡിന് നിരവധി ദൗത്യങ്ങളുണ്ട്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് നിരവധി പ്രതിസന്ധികളെ സംസ്ഥാനത്തിന് നേരിടേണ്ടി വരുന്നുണ്ട്. സമഗ്രമായ പഠനങ്ങളും കർമ പദ്ധതിയും ഇതിനായി രൂപീകരിക്കണം. കേരളത്തിൽ  ഏപ്രിൽ മാസം തുടങ്ങിയ മഴ ഒക്ടോബർ മാസത്തിലും തുടരുകയാണ്. ജൈവ വൈവിധ്യം നിലനിർത്തുന്നതിനായി ഗൗരവകരമായ പഠനങ്ങൾ വേണ്ടി വരുന്ന സാഹചര്യത്തിൽ ദുരന്ത പ്രതിരോധവും നിവാരണവുമടക്കം ശാസ്ത്രീയമായി നടപ്പിലാക്കണം. കടലാക്രമണത്തെ തുടർന്ന് തീരങ്ങളില്ലാതാകുന്ന പ്രതിഭാസം തുടരുന്നു. മണ്ണിടിച്ചിലും ഉരുൾപൊട്ടലുമടക്കം മലമ്പ്രദേശങ്ങളെയടക്കം ബാധിക്കുന്നു. ഓരോ പരിസ്ഥിതി മേഖലയും അടിസ്ഥാനമാക്കി നിർമാണ പ്രവർത്തനങ്ങളിലടക്കം ശാസ്ത്രീയമായ മാറ്റങ്ങളുണ്ടാകണം. കൃഷിയിലടക്കം കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാൻ കഴിയുന്ന മാറ്റങ്ങൾ കൊണ്ട് വരാൻ നടപടികൾ സ്വീകരിക്കണം. മനുഷ്യ വന്യജീവി സംഘർഷമടക്കമുള്ള കാര്യങ്ങളിൽ ജൈവ വൈവിധ്യ  പഠനങ്ങളും  ശാശ്വതമായ പരിഹാരങ്ങളും നിർദേശിക്കാൻ കഴിയണം.

പ്ലാസ്റ്റിക്കിന്റെ നിക്ഷേപം കരയിലെപ്പോലെ തന്നെ ജലാശയങ്ങളിലും വർധിക്കുന്നു. മുലപ്പാലിൽ പോലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതും ഞെട്ടിക്കുന്നതാണ്. ശാസ്ത്രീയ മാലിന്യസംസ്‌കരണം കാലഘട്ടത്തിന്റെ ആവശ്യമാകുമ്പോൾ കേരളം വലിയ മുന്നേറ്റം ഈ മേഖലയിൽ നടത്തുന്നുവെന്നത് അഭിമാനകരമാണ്. മാലിന്യ നിർമാജനത്തിലടക്കം കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കുമ്പോൾ പൊതുപ്രവർത്തകർ ഇടപെടാതെ മാതൃക തീർക്കണമെന്നും സ്പീക്കർ പറഞ്ഞു.

അവാർഡ് ജേതാക്കൾക്കുള്ള പുരസ്‌കാരങ്ങൾ സ്പീക്കർ സമ്മാനിച്ചു. പുതുക്കിയ ജൈവ വൈവിധ്യ രേഖ സ്പീക്കർ എ എൻ ഷംസീറും 20 വർഷ പ്രർത്തന റിപ്പോർട്ട് മന്ത്രി എ കെ ശശീന്ദ്രനും പ്രകാശനം ചെയ്തു.


വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ എൻ അനിൽ കുമാർ സ്വാഗതമാശംസിച്ചു. നിയമസഭ പരിസ്ഥിതി സമിതി ചെയർപേഴ്‌സൺ ഇ കെ വിജയൻ എം എൽ എ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തൻ, പരിസ്ഥിതി വകുപ്പ് സെക്രട്ടറി സീറാം സാംബശിവറാവു, സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് അംഗങ്ങളായ ഡോ. ആർ വി വർമ, ഡോ. പ്രമോദ് ജി കൃഷ്ണൻ, ഡോ. എസ് ഡി ബിജു, ഡോ. മിനി മോൾ ജെ എസ്, ഡോ. എവി സന്തോഷ് കുമാർ, മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.