ഉന്നത വിദ്യാഭ്യാസത്തിന് പുത്തന്‍ വഴികളുമായി അസാപ്

post

തൃശൂര്‍ : ലോക്ക് ഡൗണ്‍ കാലത്തെ സമയം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം, നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങളെ എങ്ങനെ വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനൊക്കെ പുതിയ നിര്‍ദ്ദേശങ്ങളുമായി അസാപ് (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം). ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപ്പും ചേര്‍ന്ന് സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെയും പോളിടെക്‌നിക്ക് കോളേജുകളിലെയും ബിരുദബിരുദാനന്തര / ഡിപ്ലോമ കോഴ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതി ജില്ലയിലും ആരംഭിച്ചു.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള പല കോളേജുകളും കെ.ടി.യു.വിന് കീഴിലുള്ള എന്‍നീയറിങ് കോളേജുകളും ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗിച്ച് അദ്ധ്യയന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 9.30 വരെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സെഷനുകളാക്കിക്കൊണ്ടാണ് ഓരോ വിഷയത്തിലും അദ്ധ്യയനം പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്നത്.

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ലോക്ക് ഡൗണ്‍ സാഹചര്യം മറികടക്കുന്നതിന് വിവിധ പരിഹാരമാര്‍ഗങ്ങള്‍ പരിശോധിച്ച് നടപടിയെടുത്തത്.വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ അദ്ധ്യയനം ലഭ്യമാക്കുന്നതിനും അവശേഷിക്കുന്ന പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതിനുമുള്ള ഓണ്‍ലൈന്‍ പഠനക്ലാസ്സുകള്‍ ആരംഭിച്ചതോടെ ഉന്നത വിദ്യഭ്യാസ മേഖലയില്‍ നില നിന്നിരുന്ന ആശങ്കയ്ക്കും തെല്ലുശമനമായി.

ഓരോ സര്‍വ്വകലാശാലകളിലെയും അതാത് വിഷയങ്ങളില്‍ വിദഗ്ധരായ അദ്ധ്യാപകരുടെ സഹായത്തോടെ അവശേഷിക്കുന്ന പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഏതെങ്കിലും കാരണവശാല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി റെക്കോര്‍ഡഡ് വീഡിയോ അസാപിന്റെ യൂട്യൂബ് ചാനല്‍ ആയ SAP Kerala official channel ല്‍ അപ്ലോഡ് ചെയ്യുന്നതാണ്.