മത്സ്യകൃഷിയിലൂടെ വരുമാനം ഉറപ്പാക്കി തൊടിയൂര്‍ ഗ്രാമപഞ്ചായത്ത്

post

ജലാശയങ്ങള്‍ ശുചീകരിക്കുന്നതിനൊപ്പം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് വരുമാനം ഉറപ്പാക്കാന്‍ മുന്‍കൈയെടുത്ത് കൊല്ലം തൊടിയൂര്‍ ഗ്രാമപഞ്ചായത്ത്.  തൊടിയൂര്‍ പാലമുറ്റത്തെ പൊതുകുളം വൃത്തിയാക്കിയാണ് കുടുംബശ്രീ പ്രവര്‍ത്തര്‍ക്ക് മത്സ്യകൃഷിക്ക്  ഭരണസമിതി അവസരമൊരുക്കിയത്.

പായലും മാലിന്യവും നിറഞ്ഞ് കാട് പിടിച്ച് ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്നു  കുളം. ആദ്യഘട്ടമായി 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ വാര്‍ഡ്തല ശുചീകരണ ഫണ്ട്, പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നുമായി 35,000 രൂപ വകയിരുത്തി മാലിന്യം നീക്കി കുളം മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് ഒമ്പത് സെന്റ് വിസ്തൃതിയുള്ള കുളം വൃത്തിയാക്കിയത്. മുഴുവന്‍ മാലിന്യങ്ങളും തൊഴിലുറപ്പ് തൊഴിലാളികള്‍ ശേഖരിച്ച് ശാസ്ത്രീയമായി  സംസ്‌കരിച്ചു.

നവീകരണത്തിന്റെ ഭാഗമായി കുളത്തിന്റെ വശങ്ങള്‍ ബലപ്പെടുത്തി എക്കലും മണ്ണും നീക്കം ചെയ്ത് സംഭരണശേഷി കൂട്ടി.  കൈവരി, ചുറ്റുമതില്‍ എന്നിവ നിര്‍മിച്ചു. രണ്ടാംഘട്ടത്തില്‍ കുളത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. 2024-2025 സാമ്പത്തിക വര്‍ഷം ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതി വഴി ലഭിച്ച 600 കാര്‍പ്പിനത്തില്‍പ്പെട്ട കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ചുറ്റും വലയിട്ടു  സംരക്ഷണം ഒരുക്കി.

നടപ്പ് സാമ്പത്തിക വര്‍ഷമാണ് (20252026) വ്യാവസായിക അടിസ്ഥാനത്തില്‍ ഫിഷറീസ് ജനകീയ മത്സ്യകൃഷി പദ്ധതി വഴി ലഭിച്ച 1500 മത്സ്യ കുഞ്ഞുങ്ങളെ കൃഷി നടത്താന്‍ കുളത്തില്‍ നിക്ഷേപിച്ചത്. ജൂലൈ പകുതിയോടെ വരാല്‍, കട്ട്ല, രോഹു, കരറ്റി ഇനത്തില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.  കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് മേല്‍നോട്ടം. ആറുമാസത്തിനകം വിളവെടുത്ത് വില്പന നടത്താനാകും.  കുടുംബശ്രീ പ്രവര്‍ത്തകര്‍ സമാഹരിച്ച തുക വിനിയോഗിച്ചാണ് പ്രതിദിനം ഒന്നര കിലോഗ്രാം മത്സ്യത്തീറ്റ വാങ്ങുന്നത്.

പൊതുകുളത്തിലെ ആവാസ വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ചത് വഴി പ്രദേശത്തെ വനിതകള്‍ക്ക് പുതിയ വരുമാനമാര്‍ഗം കൂടിയായി എന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാര്‍ അറിയിച്ചു.