രണ്ടാമത്തെ 'ഒപ്പം' ആക്സസ് കഫേ പ്രവര്‍ത്തനം തുടങ്ങി

post

ഭിന്നശേഷിക്കാര്‍ക്കായി മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ഒപ്പം' പദ്ധതിയുടെ ഭാഗമായുള്ള രണ്ടാമത്തെ 'ആക്‌സസ് കഫേ' ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഭിന്നശേഷിക്കാര്‍ക്ക് സ്ഥിര വരുമാനം നല്‍കുകയെന്ന ഉദ്ദേശത്തോട് കൂടിയാണ് ഭിന്നശേഷി സൗഹൃദ കഫേകള്‍ സ്ഥാപിക്കുന്നത്. കഫേയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍വഹിച്ചു. ആനപടിക്കല്‍ ഗ്രൂപ്പിന്റെ സഹായത്തോടെ തണല്‍ ട്രസ്റ്റാണ് കഫേ സ്‌പോണ്‍സര്‍ ചെയ്തത്. കാപ്പി, ചായ, ചെറുകടികള്‍ എന്നിവയാണ് കഫേയില്‍ വില്‍പന നടത്തുക. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ കഫേ പ്രവര്‍ത്തിക്കും. കോട്ടക്കല്‍ സ്വദേശി കെ. സമീറാണ് കഫെ നടത്തുന്നത്.

ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിശീലനവും പിന്തുണയും നല്‍കി അവരുടെ ജീവിതസുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'ഒപ്പം' പദ്ധതി നടപ്പാക്കുന്നത്. ആക്‌സസ് കഫയുടെ ആദ്യ യൂണിറ്റ് കളക്ടറുടെ ചേംബറിനരികെ ഒരു വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

ആക്‌സസ് മലപ്പുറം സെക്രട്ടറി അബ്ദുല്‍ നാസര്‍, ട്രഷറര്‍ ബഷീര്‍ മമ്പുറം, ജോയിന്റ് സെക്രട്ടറി തോരപ്പ മുസ്തഫ, ജില്ലാ സാമൂഹികനീതി ഓഫീസര്‍ ഷമീര്‍ മച്ചിങ്ങല്‍, തണല്‍ ട്രസ്റ്റ് ഭാരവാഹി എ.പി. ആസാദ് എന്നിവര്‍ പങ്കെടുത്തു.