ഗുരുസങ്കല്പത്തിനനുസരിച്ച് മുഴുവൻ മനുഷ്യരെയും സർക്കാർ ചേർത്തു പിടിക്കുന്നു: മുഖ്യമന്ത്രി

post

ഗുരു  സങ്കൽപ്പിച്ചത് പോലെ മുഴുവൻ മനുഷ്യരെയും ചേർത്തുപിടിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 171 -ാമത് ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ സംഘടിപ്പിച്ച  മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഓരോ വർഷവും ഗുരുവിന്റെ  പ്രസക്തി വർദ്ധിക്കുന്നു. ഗുരു കേരളത്തിന്റെ ഇരുൾ മൂടിയ  സാമൂഹിക ജീവിതത്തെ എങ്ങനെയാണ് പുതുക്കിപ്പണിതതെന്നും അതിന് സഹായിച്ച ഗുരുദർശനവും അതിന് നടത്തിയ ഇടപെടലുകളും എന്തായിരുന്നുവെന്നും അവ എങ്ങനെയെല്ലാമാണ് ഇന്ന് ഓർമ്മിക്കപ്പെടുന്നതെന്നും അവയോട് വർത്തമാനകാലം എത്രത്തോളം നീതി പുലർത്തുന്നുവെന്നതടക്കമുള്ള  ചോദ്യങ്ങൾ സ്വയം ചോദിക്കണ്ട കാലമാണിത്.  മാറുന്ന കാലത്ത് ഗുരുവിന്റെ പ്രസക്തി കൂടുതൽ ബോധ്യപ്പെടുന്നതിനും സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടക്കണം.


ഗുരു ദർശനത്തെ വക്രീകരിക്കാനും ഗുരുവിനെ സ്ഥാപിത താല്പര്യങ്ങൾക്ക് ഉപയോഗിക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങൾ ചിലർ നടത്തുന്ന സാഹചര്യത്തിൽ ഇത് കൂടുതൽ ആവശ്യമായി വരികയാണ്. മനുഷ്യൻ എന്താണെന്നും മതം എന്താണെന്നും ദൈവ ഭാവന എന്താണെന്നുമൊക്കെ അത്യന്തം ലളിത സുന്ദരമായ വചനങ്ങളിലൂടെ മനുഷ്യർക്ക് കാട്ടിക്കൊടുത്ത മഹാത്മാവാണ് ശ്രീനാരായണഗുരു. സമൂഹത്തിൽ നീതിയെക്കുറിച്ചുള്ള മഹാസങ്കല്പത്തിന്റെ പ്രകാശം സ്വന്തം ദർശനങ്ങളിലൂടെ  ചൊരിയുകയാണ് ഗുരു ചെയ്തത്.ആ നീതി സാധ്യമാകണമെങ്കിൽ തുല്യതയോടെ മറ്റുള്ളവരെ കാണാൻ കഴിയണം. അവിടെയാണ് സോദരത്വേന എന്ന ഗുരുവിന്റെ മഹത് വചനത്തിന്റെ ആഴം കണ്ടറിയുന്നത്. പുതിയ കാലത്ത് ഇൻക്ലൂസീവ് എന്ന വാക്ക് കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഒരാളും വിട്ടു പോകാത്ത വിധം എല്ലാവരെയും ചേർത്ത് പിടിക്കുക എന്നതാണ് ഇൻക്ലൂസീവ് കൊണ്ട് ഉദ്ദേശിക്കുന്നത് ഈ സങ്കല്പം ആദ്യമായി പ്രകാശിതമായത് ഗുരുവചനങ്ങളിലൂടെയാണ് എന്നത് ശ്രദ്ധേയമാണ്. മാറുന്ന സ്‌നേഹത്തിന്റെയും അപരൻ താൻ തന്നെ എന്ന കാഴ്ചപ്പാടിന്റെയും മഹാ മന്ത്രങ്ങൾ നമുക്ക് നൽകിയ ഗുരുവിനെ ഒരു മതസന്യാസിയാക്കി മാറ്റുവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നത് ഏറെ ജാഗ്രതയോടെ കാണേണ്ട കാര്യമാണ്. ഗുരു കേവലം ആധ്യാത്മികവാദി ആയിരുന്നില്ല ഭൗതിക ജീവിതത്തിൽ ഇടപെട്ടുകൊണ്ടാണ്  അധ്യാത്മകത്തെക്കുറിച്ച് വിശദീകരിച്ചത്. ഈ ലോകത്തെ ജീവിക്കാൻ കൊള്ളാവുന്നതാക്കി മാറ്റിയെടുക്കാൻ  ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് ഗുരു പറഞ്ഞുകൊണ്ടേയിരുന്നത്.


എല്ലാ സാമ്പ്രദായിക അതിരുകളിൽ നിന്നും പുറത്തു കടന്നാണ് ഗുരു മതങ്ങൾക്ക് അതീതമായി മനുഷ്യനെ പ്രതിഷ്ഠിച്ചത്.അവിടെനിന്ന് ഗുരുവിനെ അപഹരിക്കാനാണ് ശ്രമിക്കുന്നത്, എന്നുവെച്ചാൽ നാം കൈവരിച്ച മാനവിക  മൂല്യങ്ങളെല്ലാം അപഹരിക്കപ്പെടുക എന്നാണർത്ഥം. ജാതിനശീകരണധാരയുടെ വക്താവാണ് ശ്രീനാരായണഗുരു. ഗുരുവിനെയും അംബേദ്ക്കറെയും മാത്രമല്ല നവോത്ഥാന നായകരിൽ പലരെയും ഹൈജാക്ക് ചെയ്യാൻ വർഗീയ ശക്തികൾ ശ്രമിച്ചുവരുന്നു. ചരിത്രത്തിന്റെയും ഗുരുവിന്റെ ദർശന വെളിച്ചത്തെയും അട്ടിമറിക്കാനാണ് ഇത്തരം ശ്രമങ്ങൾ. ഇത് തിരിച്ചറിഞ്ഞ് ചെറുത്ത് തോൽപ്പിക്കാൻ നമുക്ക് കഴിയണം. ശാസ്ത്രസാങ്കേതിക രംഗത്ത് നാം വലിയ തോതിൽ മുന്നേറികൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ കാലഘട്ടം വന്നതോടെ നമ്മുടെ ജീവിതരീതിയിലും വലിയ മാറ്റങ്ങൾ വന്നിരിക്കുന്നു. മാറ്റങ്ങൾക്കനുസരിച്ച് മനുഷ്യ ജീവിതത്തെ മാറ്റിയെടുക്കേണ്ടതും അവയുടെ സാധ്യതകൾ എല്ലാ വിഭാഗം ജനങ്ങൾക്കും അനുഭവിക്കാൻ കഴിയുന്ന അവസ്ഥ ഉണ്ടാകേണ്ടതുമുണ്ട്. എന്നാൽ മാത്രമേ ഗുരു ദർശനത്തിനനുസരിച്ച് എല്ലാ വൈജാത്യങ്ങൾക്കുമപ്പുറം മനുഷ്യത്വം സാധ്യമാവുകയുള്ളൂ.ഈ കാഴ്ചപ്പാടാണ് സംസ്ഥാന സർക്കാർ മുറുകെപ്പിടിക്കുന്നത്. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം ഇതിനു ഉദാഹരണമാണ്. അതുപോലെ നവം. 1 ന് കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി  പ്രഖ്യാപിക്കാൻ പോവുകയാണ്.


മൂന്നുവർഷം കൂടി കഴിയുമ്പോൾ ഗുരു സമാധിയുടെ ശതാബ്ദി ഗുരു സന്ദേശ പ്രസരണ വർഷമായി ആചരിക്കുവാൻ കഴിയണമെന്നും  മുഖ്യമന്ത്രി പറഞ്ഞു. 2025 ഒക്ടോബർ 14 ഓസ്‌ട്രേലിയ വിക്ടോറിയ പാലസിൽ നടത്തുന്ന സർവ്വമത ശതാബ്ദി കോൺഫറൻസിന്റെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു.

 കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ്  സച്ചിദാനന്ദ സ്വാമികൾ, ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ, സൂക്ഷ്മാനന്ദ സ്വാമികൾ, ഡോ. ശശി തരൂർ എം.പി, കെ.ജി. ബാബുരാജൻ, ഗോകുലം ഗോപാലൻ, കെ.മുരളീധരൻ, ജി.മോഹൻദാസ്, വാർഡ് കൗൺസിലർ ചെമ്പഴന്തി ഉദയൻ, അനീഷ് ചെമ്പഴന്തി എന്നിവർ പങ്കെടുത്തു.