ഭൂപതിവു നിയമഭേദഗതി ചട്ടങ്ങൾക്ക് മന്ത്രിസഭാ അംഗീകാരം

post

കാലങ്ങളായി മലയോര ജനത നേരിടുന്ന ഭൂപ്രശ്നങ്ങൾക്ക്  പരിഹാരമുണ്ടാക്കുന്നതിന്റെ ഭാഗമായി ഭൂപതിവു നിയമഭേദഗതി ചട്ടങ്ങൾക്ക് മന്ത്രിസഭാ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.  അംഗീകരിച്ച നിയമഭേദഗതി ചട്ടങ്ങൾ ഇനി സബ്ജക്ട് കമ്മിറ്റിയിൽ വയ്ക്കാനുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

1960-ലെ കേരള ഭൂമി പതിവ് നിയമത്തിനു കീഴിലെ വിവിധ ചട്ടങ്ങൾ പ്രകാരം വ്യക്തികൾക്കും കുടുംബങ്ങൾക്കും കൃഷി, ഭവന നിർമ്മാണം, അയൽവസ്തുവിന്റെ ഗുണകരമായ അനുഭവം, ഷോപ്പ് സൈറ്റുകൾ എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കായി പട്ടയം അനുവദിക്കുന്നതിനു വ്യവസ്ഥയുണ്ട്. ഈ കാലയളവിനിടയിൽ ഭൂമി പതിച്ച് കിട്ടിയ പലരും ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയും കൈമാറ്റം ചെയ്യുകയുമുണ്ടായി. പട്ടയവ്യവസ്ഥകൾക്ക് അനുസൃതമല്ലാത്ത നിർമ്മാണവും കൈമാറ്റവും പലർക്കും പലവിധ ബുദ്ധിമുട്ടുകൾക്കും കാരണമായി.

ഇക്കാര്യത്തിൽ ഒട്ടേറെ സന്ദർഭങ്ങളിൽ വിവിധ കോടതികളുടെ ഇടപെടലുകളും കർശനമായ നിയന്ത്രണങ്ങളും ഉണ്ടായി. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ഈ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി സർക്കാർ പല മാർഗ്ഗങ്ങളും ആലോചിച്ചു. തുടർന്നാണ് ആറര പതിറ്റാണ്ടായുള്ള മലയോര ജനതയുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 2023 സെപ്റ്റംബർ 14ന് ഭൂപതിവ് നിയമഭേദഗതി നിയമസഭ പാസാക്കിയത്. 2024 ഏപ്രിൽ 27ന് ഗവർണർ ബിൽ അംഗീകരിച്ചു. ആ വർഷം ജൂൺ 9ന് സർക്കാർ ഭൂപതിവ് നിയമം-2023 വിജ്ഞാപനം ചെയ്തു.

ഭേദഗതി നിയമം പ്രാബല്യത്തിൽ വന്ന 2024 ജൂൺ 7 വരെ ഇത്തരം ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗങ്ങൾ ക്രമീകരിക്കുന്നതിനും, പതിച്ചു നൽകിയ ആവശ്യങ്ങൾക്കല്ലാതെ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാൻ വ്യവസ്ഥകളോടെ അനുമതി നൽകുന്നതിനും ഈ ഭേദഗതി സഹായകമാകും. തികച്ചും ജനാധിപത്യപരമായാണ് സർക്കാർ ഈ നിയമ ഭേദഗതി കൊണ്ടു വന്നിട്ടുള്ളത്. രാഷ്ട്രീയ പാർട്ടികൾ, മതമേലധ്യക്ഷൻമാർ, സാമുദായിക നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ, മാധ്യമ പ്രതിനിധികൾ, നിയമവിദഗ്ദ്ധർ തുടങ്ങി എല്ലാ വിഭാഗത്തിൽപ്പെട്ടവരുമായും നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഭേദഗതി തയ്യാറാക്കിയത്. നിയമസഭ ഈ ഭേദഗതി ഐക്യകണ്ഠേനയാണ് പാസാക്കിയത്.

നിലവിലുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരത്തിനായി ഇതുവരെ ഉണ്ടായ വ്യതിചലനങ്ങൾ ക്രമീകരിക്കുന്നതിനൊപ്പം ഭൂമിയുടെ ജീവനോപാധി ലക്ഷ്യമാക്കിയുള്ള വിനിയോഗത്തിന് അനുവാദം നൽകുന്നതിനുള്ള വ്യവസ്ഥകളുമുണ്ടാകണം. പാരിസ്ഥിതിക ദുർബല പ്രദേശങ്ങളിൽ ഭൂമി വ്യാപകമായി ദുർവിനിയോഗം ചെയ്യുന്ന പ്രശ്നവും പരിഗണിക്കണം. മാത്രമല്ല, വിവിധ സന്ദർഭങ്ങളിൽ കോടതികളിൽ നിന്ന് വന്നിട്ടുള്ള വിലക്കുകളും നിർദ്ദേശങ്ങളും വിശദമായി പരിശോധിക്കുകയും വേണം. വിവിധ അവസരങ്ങളിൽ  ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ അഡ്വക്കേറ്റ് ജനറലിന്റെയും റവന്യൂ, വ്യവസായ, ധനവകുപ്പ് മന്ത്രിമാരുടെയും, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പരിശോധിച്ചശേഷം വിവിധതലത്തിലുള്ളയോഗങ്ങൾ ചേർന്നാണ് ചട്ടങ്ങൾക്ക് അന്തിമരൂപം നൽകിയത്.

രണ്ടു ചട്ടങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്. ഒന്നാമത്തേത്, പതിവു ലഭിച്ച ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ള വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടങ്ങളും, രണ്ടാമതായി, കൃഷിക്കും ഗൃഹനിർമ്മാണത്തിനും മറ്റുമായി പതിച്ചു നൽകിയ ഭൂമി പ്രധാനമായും ജീവനോപാധി ലക്ഷ്യമാക്കിയുള്ള മറ്റു വിനിയോഗത്തിനു അനുവദിക്കുന്നതിനുള്ള ചട്ടങ്ങളും. ഏറ്റവും നിർണ്ണായകമായത് വകമാറ്റി യുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടങ്ങൾക്ക് രൂപം നൽകലാണ്. വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ഇന്നത്തെ  മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.

ജീവനോപാധിക്കായി പട്ടയഭൂമി വിനിയോഗിക്കുന്നതിന് അനുമതിക്കായുള്ള രണ്ടാമത്തെ ചട്ടങ്ങൾ ഇതിന് തുടർച്ചയായി പരിഗണിക്കും. 1964ലെ ഭൂമി പതിച്ചുനൽകൽ ചട്ടങ്ങളനുസരിച്ചും 1995ലെ മുൻസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടങ്ങളനുസരിച്ചുമാണ് പട്ടയം കൂടുതലായി നൽകിയിട്ടുള്ളത്. എന്നാൽ സംസ്ഥാനത്ത് വിവിധ സന്ദർഭങ്ങളിൽ ഭൂമി പതിച്ചു നൽകുന്നതിന് കൊണ്ടുവന്ന മറ്റു ചില ചട്ടങ്ങൾ കൂടിയുണ്ട്.  1970ലെ കൃഷിയുക്ത വനഭൂമി പതിച്ചുനൽകൽ ചട്ടങ്ങൾ, കർഷകത്തൊഴിലാളികളുടെ പുനരധിവാസ ചട്ടങ്ങൾ, റബ്ബർ കൃഷി, ഏലം, തേയില, കോഫി എന്നിവയ്ക്കുള്ള പതിവ് ചട്ടങ്ങൾ, വയനാട് കോളനൈസേഷൻ സ്‌കീം, 1993ലെ കേരള ലാന്റ്് അസൈൻമെന്റ് സ്പെഷ്യൽ റൂൾസ് തുടങ്ങിയ ചട്ടങ്ങളനുസരിച്ച് വിവിധ വിഭാഗം ജനങ്ങൾക്ക പതിച്ച് കിട്ടിയ ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുക എന്ന ആവശ്യം പൂർണ്ണമായും പരിഹരിക്കപ്പെടും. കൂടുതൽ ചട്ടങ്ങൾ ഇതിന്റെ പരിധിയിൽ കൊണ്ടുവരേണ്ടതുണ്ടെന്ന് കണ്ടാൽ അവയും കൂട്ടിച്ചേർക്കും.

സംസ്ഥാനത്ത് പട്ടയം വഴി സർക്കാർ ഭൂമി ലഭിച്ച ഏതൊരാൾക്കും അവരുടെ ജീവനോപാധിക്കായുള്ള സ്വതന്ത്ര വിനിയോഗത്തിന് തടസ്സം സൃഷ്ടിക്കരുതെന്നതാണ് സർക്കാരിന്റെ നിലപാട്. താമസത്തിനായുള്ള വീട് നിർമ്മാണത്തിന് നൽകിയ ഭൂമി മറ്റൊരാവശ്യത്തിന് വിനിയോഗിച്ചുവെങ്കിൽ മാത്രമേ ക്രമീകരണം ആവശ്യമായുള്ളൂ. ഉടമസ്ഥന്റെ താമസത്തിനായുള്ള എല്ലാ വീടുകളും അപേക്ഷാ ഫീസ് മാത്രം ഈടാക്കി ക്രമീകരിക്കും. അതായത് വ്യാപാരാവശ്യത്തിന് വിനിയോഗിക്കുന്ന കെട്ടിടങ്ങൾക്കുള്ള കോമ്പൗണ്ടിംഗ് ഫീസ് എല്ലാ റസിഡൻഷ്യൽ ബിൽഡിംഗുകൾക്കും ഒഴിവാക്കും. പട്ടയഭൂമി  നിശ്ചിത സമയപരിധിക്ക് ശേഷമേ മറ്റൊരാൾക്ക് കൈമാറുന്നതിന് കഴിയുകയുള്ളൂ. ഇത് ലംഘിച്ചുള്ള കൈമാറ്റങ്ങൾ നടന്നിട്ടുണ്ട്. ഇപ്രകാരം ഭൂമി കൈമാറി ലഭിച്ച ഉടമസ്ഥർക്ക് ന്യായവില യുടെ നിശ്ചാത ശതമാനം ഫീസ് ഈടാക്കി ക്രമപ്പെടുത്തി നൽകും. അതോടൊപ്പം കൈമാറ്റം വഴി ലഭിച്ച ഭൂമി മുൻകൂർ അനുമതിയോടെ വകമാറ്റി ഉപയോഗിക്കുവാൻ രണ്ടാമതായി രൂപീകരിക്കുന്ന ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്യും.

പൊതുവായ ചില വ്യവസ്ഥകൾ കൂടി ഇതിന്റെ ഭാഗമായുണ്ട്:

1. ഈ ചട്ടമനുസരിച്ച് 'പതിവുകാരൻ' (ഉടമസ്ഥൻ) എന്നത് ഭൂമി പതിച്ചുകിട്ടിയ വ്യക്തിയും അനന്തരാവകാശിയും പിന്തുടർച്ചാവകാശിയും ഭൂമി പതിവുവ്യവസ്ഥകൾ ലംഘിച്ച ശേഷമുള്ള കൈമാറി ലഭിച്ച ഉടമസ്ഥനും ഉൾപ്പെടുന്നു. ഇക്കാരണത്താൽ നിലവിലുള്ള ഉടമസ്ഥന് തന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള രേഖകൾ മാത്രം സമർപ്പിച്ചാൽ മതിയാകും.

2. അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് ഒരു ഓൺലൈൻ പോർട്ടൽ ഏർപ്പെടുത്തും. അപേക്ഷ സമർപ്പിക്കുവാനും അതിലെ തുടർനടപടികൾ നിരീക്ഷിക്കുവാനും നടപടി സ്വീകരിക്കും.

3. വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കാൻ ഒരു വർഷം വരെ സമയമനുവദിക്കും. ആവശ്യമെങ്കിൽ കാലാവധി നീട്ടി നൽകുകയും ചെയ്യും. ഇക്കാരണത്താൽ അപേക്ഷകൾ സമർപ്പിക്കുന്നതിന് സാവകാശവും ലഭിക്കും.

4. പതിവ് ലഭിച്ച ഭൂമിയിലെ പട്ടയവ്യവസ്ഥ ലംഘിച്ച് എത്ര അളവ് ഭൂമി മറ്റാവശ്യത്തിന് വിനിയോഗിച്ചിട്ടുണ്ടോ, ആ ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗം മാത്രമാണ് ക്രമീകരിക്കുക. ബാക്കിയുള്ള ഭൂമി നേരത്തെയുള്ള പട്ടയവ്യവസ്ഥയ്ക്ക് വിധേയമായിരിക്കും. ഇവിടെ മറ്റാവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് പ്രത്യേക അനുമതി നേടേണ്ടതാണ്. അതായത്, ക്രമവിരുദ്ധമായ പ്രവർത്തനങ്ങളൊന്നുംതന്നെ പിന്നീട് അനുവദിക്കുകയില്ല.

5. ഒരു പ്രത്യേക ആവശ്യത്തിനായി അനുവദിച്ച പട്ടയ ഭൂമിയിൽ നിർമ്മിച്ച വീടുകൾക്ക് ക്രമീകരണം ആവശ്യമെങ്കിൽ നിർമ്മിതിയുടെ വലിപ്പം നോക്കാതെ ക്രമവൽക്കരിച്ച് നൽകും. അപേക്ഷയോടൊപ്പമുള്ള ചെറിയ ഫീസ് മാത്രം നൽകിയാൽ മതി. കോമ്പൗണ്ടിംഗ് ഫീസ് പൂർണ്ണമായും ഒഴിവാക്കും. ഉടമ സമർപ്പിക്കുന്ന സത്യവാങ്മൂലം അടിസ്ഥാനമാക്കിയാകും നടപടി.

6. സമാനമായി, പതിവുഭൂമിയിലെ സർക്കാർ കെട്ടിടങ്ങൾ, പൊതുസ്ഥലങ്ങൾ, ജീവനോപാധിക്കുള്ള 3000 സ്‌ക്വയർ ഫീറ്റ് വരെയുള്ള വാണിജ്യ കെട്ടിടങ്ങളും കോമ്പൗണ്ടിംഗ് ഫീസ് ഈടാക്കാതെ ക്രമവൽക്കരിക്കും. അപേക്ഷ ലഭിച്ച് 90 ദിവസത്തിനകം ബന്ധപ്പെട്ടവർ തീരുമാനമെടുക്കണം. അല്ലാത്തപക്ഷം, ഡീംഡ് പെർമിഷൻ ആയി കണക്കാക്കിയുള്ള ഉത്തരവ് ലഭിക്കും. ഇതിന് ഓൺലൈൻ സംവിധാനത്തിലൂടെ സർട്ടിഫിക്കറ്റ് നൽകും. കൃഷിയ്ക്കും, കൃഷി അനുബന്ധ ആവശ്യത്തിനും വിദ്യാഭ്യാസ, മതപര, സാംസ്‌കാരിക, വിനോദ ആവശ്യങ്ങൾക്കും സാമുദായിക സംഘടനകളുടേയും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളുടേയും ആവശ്യത്തിനും ആശുപത്രികൾ, സർക്കാർ അംഗീകാരത്തോട് പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകളുടെയും ഭൂമി നിർമ്മാണങ്ങൾ മുതലായവയുടെ ആവശ്യങ്ങൾക്കും ഉപയോഗിച്ചതായിട്ടുള്ള കെട്ടിടങ്ങൾ കോമ്പൗണ്ടിംഗ് ഫീസ് ഈടാക്കാതെ ക്രമവൽക്കരിക്കും. ഇടത്തരം വാണിജ്യ കെട്ടിടങ്ങൾ അവയുടെ വലിപ്പമനുസരിച്ച് നിശ്ചിത ശതമാനം കോമ്പൗണ്ടിംഗ് ഫീസ് ഈടാക്കി ക്രമീകരിക്കും.

ഇതിൽ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സാധാരണ ഗതിയിൽ കാർഷിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോ കാർഷികോൽപ്പന്നപരമോ ആയ ആവശ്യങ്ങൾക്കായി നിർമ്മിച്ച കെട്ടിടം. മറ്റൊന്ന് ആരാധനാലയമായി ഉപയോഗിക്കുന്ന ഭൂമി. ഭൂമിയിൽ സർക്കാർ അംഗീകാരമുള്ളതോ യൂണിവേഴ്സിറ്റികളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതോ ആയ അൺഎയ്ഡെഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമ്മിച്ചതും ഉപയോഗിക്കുന്നതുമായ കെട്ടിടം. ഇതിനെല്ലാം ഫീസ് ഉണ്ടാവില്ല. സാംസ്‌കാരിക, വിനോദ, അല്ലെങ്കിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രജിസ്റ്റർ ചെയ്ത സൊസൈറ്റി, അംഗീകൃത രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്ന സ്ഥലത്ത് നിർമ്മിച്ച കെട്ടിടം, സർക്കാർ അംഗീകരിച്ച രജിസ്റ്റർ ചെയ്ത സാമൂഹിക സംഘടന ഉപയോഗിക്കുന്ന സ്ഥലത്ത് നിർമ്മിച്ച കെട്ടിടം, രജിസ്റ്റർ ചെയ്ത സഹകരണ സംഘങ്ങൾ നിർമ്മിച്ചതും ഉപയോഗിക്കുന്നതുമായ  കെട്ടിടം, ഭൂമി പതിച്ചു ലഭിച്ച ചട്ടങ്ങൾ പട്ടയം അല്ലെങ്കിൽ അസൈൻമെന്റ് ഉത്തരവ് എന്നിവയിൽ നിർദ്ദേശിച്ചിരിക്കുന്ന സമയപരിധി ലംഘിച്ചുകൊണ്ട് കൈമാറ്റം ചെയ്യപ്പെടുന്ന കേസുകൾ. ഇവയ്ക്കെല്ലാം ന്യായവിലയുടെ ഒരു ശതമാനമാണ് ഫീസ് ഈടാക്കുക.

അടുത്തത് കാർഷിക,  പാർപ്പിട ആവശ്യങ്ങൾക്കായി അനുവദിച്ച ഭൂമിയിൽ 3000 ചതുരശ്ര അടി മുതൽ 5000 ചതുരശ്ര അടി വരെ വിസ്തീർണമുള്ള വാണിജ്യ  അല്ലെങ്കിൽ വ്യാവസായിക കെട്ടിടങ്ങൾ നിർമ്മിച്ചവ. അതിൽ ഫീസിന്റെ ഭാഗമാണ് ഇനി പറയുന്നത്. കെട്ടിടം നിർമ്മിച്ചിരിക്കുന്ന സ്ഥലത്തിന്റെയോ വാണിജ്യ അല്ലെങ്കിൽ വ്യാവസായിക പ്രവർത്തനങ്ങൾക്ക് അവശ്യം വേണ്ട ഭൂമിയുടെയോ ന്യായ വിലയുടെ 5 ശതമാനം.

പട്ടയഭൂമിയിൽ നിർമ്മിച്ചതും ആശുപത്രിയായി ഉപയോഗിക്കുന്നതുമായ കെട്ടിടം. കാർഷിക പാർപ്പിട ആവശ്യങ്ങൾക്കായി അനുവദിച്ച ഭൂമിയിൽ 5000 ചതുരശ്ര അടി മുതൽ 10,000 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള വാണിജ്യ അല്ലെങ്കിൽ വ്യാവസായിക കെട്ടിടങ്ങൾ നിർമ്മിച്ചവ. ആശുപത്രി എന്ന് പറയുന്നത് സ്വകാര്യ ആശുപത്രിയാണ്. കെട്ടിടം നിർമ്മിച്ചിരിക്കുന്ന സ്ഥലത്തിന്റെയോ വാണിജ്യ അല്ലെങ്കിൽ വ്യാവസായിക പ്രവർത്തന ങ്ങൾക്ക് ആവശ്യം വേണ്ട ഭൂമിയുടെയോ ന്യായവിലയുടെ 10 ശതമാനം.

കെട്ടിടം പണിയാതെ വ്യാവസായിക വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമി. കെട്ടിടങ്ങൾ നിർമ്മിച്ചതോ നിർമ്മിക്കാതെയോ വിനോദസഞ്ചാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമി. ഭൂമിയുടെ ന്യായ വിലയുടെ 10 ശതമാനം.

കാർഷിക പാർപ്പിട ആവശ്യങ്ങൾക്കായി അനുവദിച്ച ഭൂമിയിൽ 10,000 ചതുരശ്ര അടിയിൽ കൂടുതലും ഇരുപത്തയ്യായിരം ചതുരശ്ര അടിയിൽ താഴെയും വിസ്തീർണ്ണമുള്ള വാണിജ്യ അല്ലെങ്കിൽ വ്യാവസായിക കെട്ടിടങ്ങൾ. അതിന് ഫീസ് വരുന്നത് കെട്ടിടം നിർമ്മിച്ചിരിക്കുന്ന സ്ഥലത്തിന്റെയോ വാണിജ്യ അല്ലെങ്കിൽ വ്യാവസായിക പ്രവർത്തനങ്ങൾക്ക് അവശ്യം വേണ്ട ഭൂമിയുടെയോ ന്യായ വിലയുടെ 20 ശതമാനം. അത് 10,000 ചതുരശ്ര അടി മുതൽ  25,000 ചതുരശ്ര അടി വരെയുള്ള സ്ഥലത്തിനാണിത്.

കാർഷിക പാർപ്പിട ആവശ്യങ്ങൾക്കായി അനുവദിച്ച ഭൂമിയിൽ 25,000 ചതുരശ്ര അടിയിൽ കൂടുതലും 50,000 ചതുരശ്ര അടിയിൽ താഴെയുമുള്ള വാണിജ്യ അല്ലെങ്കിൽ വ്യാവസായിക കെട്ടിടങ്ങൾ നിർമ്മിച്ചാൽ അതിന്റെ ഫീസ് കെട്ടിടം നിർമ്മിച്ചിരിക്കുന്ന സ്ഥലത്തിന്റെയോ വാണിജ്യ അല്ലെങ്കിൽ വ്യാവസായിക പ്രവർത്തനങ്ങൾക്ക് അവശ്യം വേണ്ട ഭൂമിയുടെയോ ന്യായവിലയുടെ നാൽപ്പത് ശതമാനം.

കാർഷിക, പാർപ്പിട ആവശ്യങ്ങൾക്കായി അനുവദിച്ച സ്ഥലത്ത് 50,000 ചതുരശ്ര അടിയിൽ കൂടുതലുള്ള വാണിജ്യ അല്ലെങ്കിൽ വ്യാവസായിക കെട്ടിടങ്ങൾ നിർമ്മിച്ചാൽ,  ക്വാറി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ പെർമിറ്റുകളും ലൈസൻസുകളും നേടിയ ശേഷം പെർമിറ്റുകളോ ലൈസൻസുകളോ ലഭിച്ച ഭൂമികൾ. ഈ രണ്ട് കാറ്റഗറിക്കും കെട്ടിടം നിർമ്മിച്ച സ്ഥലത്തിന്റെയോ വാണിജ്യ അല്ലെങ്കിൽ വ്യാവസായിക പ്രവർത്തനങ്ങൾക്ക് ആവശ്യം വേണ്ട ഭൂമിയുടെയോ ന്യായവിലയുടെ 50 ശതമാനം.

ഇവിടെ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്മേലോ ഏതെങ്കിലും വ്യക്തിയുടെ ആക്ഷേപത്തിൻമേലോ സ്വമേധയാ ഏത് സമയത്തും ഈ ചട്ടത്തിൻ കീഴിൽ പുറപ്പെടുവിച്ച ഏതൊരു ഉത്തരവും പുനഃപരിശോധിക്കുവാൻ സർക്കാരിന് അധികാരമുണ്ടായിരിക്കും. കൂടാതെ സർക്കാരിന്  പൊതുതാല്പര്യം മുൻനിർത്തി പ്രത്യേക അധികാരം വിനിയോഗിക്കുന്നതിനും അനുവാദം നൽകുന്നുണ്ട്.

നമ്മുടെ സംസ്ഥാനത്തെ മലയോര ജനതയുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ഇതുവഴി നിറവേറ്റപ്പെടുന്നത്. ഇതോടെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ച ഭൂമി നിയമവിധേയമാവുകയാണ്. അതോടൊപ്പം ചെറുകിട ഇടത്തരം ആളുകളെ സങ്കീർണമായ നടപടിക്രമങ്ങൾ ഒഴിവാക്കി ലംഘനങ്ങൾ ക്രമവൽക്കരിക്കാൻ ശ്രമിച്ചിട്ടുണ്ട്.  പല വിഭാഗങ്ങളെയും ഫീസിൽ നിന്ന് ഒഴിവാക്കി, താരതമ്യേന കുറഞ്ഞ ഫീസ് നിരക്ക് ഏർപ്പെടുത്തി ക്രമവൽക്കരണത്തിൽ ലഘൂകരിച്ച നടപടിക്രമങ്ങൾ സ്വീകരിച്ചിരിക്കുകയാണ്. ഇത് മലയോര ജനതയോടുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന  കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.