മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാലിന്യ പരിപാലനം : സംസ്ഥാനതല ശില്പശാല ഉദ്‌ഘാടനം ചെയ്തു

മെഡിക്കൽ കോളേജുകളിൽ ശുചീകരണത്തിന് ഇൻഹൗസ് പരിശീലനം നടപ്പാക്കും: മന്ത്രി വീണാ ജോർജ്
അണുബാധാ നിയന്ത്രണത്തിന്റെ ഭാഗമായി പരിശീലനവും സർട്ടിഫിക്കറ്റും
മാലിന്യമുക്തം നവകേരളം, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാലിന്യ പരിപാലനം സംസ്ഥാനതല ശില്പശാല തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ കോളേജുകളിൽ ശുചീകരണത്തിന് ഇൻഹൗസ് പരിശീലനം നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു . അണുബാധാ നിയന്ത്രണത്തിന്റെ ഭാഗമായി പരിശീലനവും സർട്ടിഫിക്കറ്റും നൽകും. ജീവനക്കാർ ഈ പരിശീലനം നേടിയിരിക്കണം. ആശുപത്രികൾ മികച്ച രീതിയിൽ ശുചീകരണം നടത്തുന്നുണ്ട്. എങ്കിലും ശാസ്ത്രീയ മാർഗം അവലംബിച്ച് മാലിന്യം നിർമ്മാർജനം ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്. മാലിന്യം ഉണ്ടാകുന്ന സ്ഥലത്ത് തന്നെ നല്ലൊരു ഇടപെടൽ നടത്താനാകണം. കൃത്യമായി ആലോചിച്ച് നമ്മുടെ മുന്നിലുള്ള മാർഗങ്ങളിൽ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എന്നതാണ് ഈ വർക്ക്ഷോപ്പിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ മേഖലയിൽ ഏറ്റവും അധികം അടിസ്ഥാന സൗകര്യ വികസനം നടത്തിയ കാലഘട്ടമാണിത്. കിഫ്ബിയിലൂടെ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നത്. അടിസ്ഥാന സൗകര്യ വികസന രംഗത്തും ചികിത്സാ രംഗത്തും അക്കാഡമിക് രംഗത്തും സുപ്രധാന ഇടപെടലുകൾ നടത്താനായി. രണ്ട് മെഡിക്കൽ കോളേജ് സ്ഥാപിച്ചു. 15 നഴ്സിംഗ് കോളേജുകൾ ആരംഭിച്ചു. നഴ്സിംഗ് സീറ്റുകൾ മൂന്നിരട്ടിയാക്കി. ചികിത്സാ രംഗത്തും മെഡിക്കൽ വിദ്യാഭാസ രംഗത്തും വലിയ മുന്നേറ്റം നടത്തി. ക്വാളിറ്റി ഇൻഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സയും അനുബന്ധ സംവിധാനങ്ങളും മികച്ചതാക്കി. ആശുപത്രി ക്യാമ്പസുകളെ സുരക്ഷിത ഇടങ്ങളാക്കാനായി സുക്ഷ്മതലത്തിൽ ഗ്യാപ് അനാലിസിസും സേഫ്റ്റി ഓഡിറ്റും നടത്തി. രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ഒരുപോലെ സുരക്ഷിതത്വം ഉറപ്പാക്കാനാനുള്ള നടപടികളാണ് സ്വീകരിച്ചത്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ സ്വാഗതവും തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ കൃതജ്ഞതയും പറഞ്ഞു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശില്പശാലയെക്കുറിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ മുഖ്യ പ്രഭാഷണം നടത്തി. ഐഐടി മുംബൈയിലെ പ്രൊഫസർ ഡോ. എൻ.സി. നാരായണൻ ശില്പശാലയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സെമിനാറുകളിലും പാനൽ ചർച്ചകളിലും അതാതു മേഖലകളിലെ വിദഗ്ധർ പങ്കെടുക്കുന്നു. മെഡിക്കൽ കോളേജ്, ദന്തൽ കോളേജ്, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽമാർ, ആശുപത്രി സൂപ്രണ്ടുമാർ, ഇൻഫെക്ഷൻ കൺട്രോൾ വിഭാഗം, ഹൗസ് കീപ്പിംഗ് വിഭാഗം, ഹെൽത്ത് ഇൻസ്പെക്ടർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, തുടങ്ങിയവർ പങ്കെടുത്തു.