സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതൽ വേഗമാക്കാൻ 'നമ്മുടെ കേരളം' ഡിജിറ്റല്‍ കേരള ഇനീഷ്യേറ്റീവ് വരുന്നു

post

ഡിജിറ്റല്‍ ഗവര്‍ണന്‍സില്‍ ജനങ്ങള്‍ നേരിടുന്ന വിഷമതകള്‍ പരിഹരിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ വേഗതയിലും സൗകര്യപ്രദമായും നല്‍കാന്‍ നമ്മുടെ കേരളം ഡിജിറ്റല്‍ കേരള ഇനീഷ്യേറ്റീവ് വരുന്നു. പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി പ്രാഥമികയോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. എല്ലാ സേവനങ്ങളും പൗരകേന്ദ്രീകൃതമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനും പരാതികളുടെ തത്സമയ വിവരങ്ങൾ അറിയുന്നതിനും പ്രത്യേക സംവിധാനം ഉണ്ടാകും. സേവന വിതരണത്തിന് എ. ഐ ഉള്‍‌പ്പെടെയുള്ള നൂതന മാർഗ്ഗങ്ങൾ ഏര്‍പ്പെടുത്തും. സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഏകോപിപ്പിക്കുന്നതിന് ഏകീകൃത രജിസ്ട്രി ഉണ്ടാക്കും.

സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലായി നല്‍കുന്ന വിവിധ ആപ്ലിക്കേഷനുകളില്‍ കാലോചിതമായ മാറ്റം വരുത്തും. വകുപ്പുകള്‍ തമ്മിലുള്ള ഡാറ്റാ കൈമാറ്റത്തിന്റെ അഭാവം പരിഹരിക്കും.

പദ്ധതി നാല് പ്രധാനമേഖലകളായാണ് തിരിച്ചിരിക്കുന്നത്. സേവന കേരളം, ഭാവി കേരളം, സദ്ഭരണ കേരളം, ജന കേരളം എന്നിങ്ങനെയാണിത്. എല്ലാ ഓണ്‍ലൈന്‍ സര്‍ക്കാര്‍ സേവനങ്ങളും ഏകീകൃത പ്ലാറ്റ്ഫോമില്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് സേവന കേരളത്തിലൂടെ ചെയ്യുക. എ ഐ ഉള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകള്‍ സര്‍ക്കാര്‍ സേവനങ്ങളില്‍ ഉള്‍പ്പെടുത്തുകയാണ് ഭാവി കേരളത്തില്‍ ചെയ്യുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഡിജിറ്റല്‍ സദ്ഭരണ മാതൃക നടപ്പാക്കുകയാണ് സദ്ഭരണ കേരളത്തിലൂടെ. ജനകീയ ക്യാമ്പയിനുകള്‍ വഴി ഓണ്‍ലൈന്‍ സുരക്ഷാ ബോധവത്ക്കരണം ജന കേരളം പരിപാടിയിലൂടെ നടപ്പാക്കും.

പദ്ധതിയുടെ ആശയം ചര്‍ച്ച ചെയ്യാന്‍ എല്ലാ പ്രധാന വകുപ്പുകളിലെയും ഇ-ഗവര്‍ണന്‍സ് നോഡല്‍ ഓഫീസര്‍മാരും പ്രധാന സര്‍വ്വീസ് പ്രൊവൈഡര്‍മാരും പങ്കെടുത്ത് വിപുലമായ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇന്ന് ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മിന്‍ഹാജ് ആലം, ഐ ടി സെക്രട്ടറി സീറാം സാംബശിവ റാവു, തദ്ദേശസ്വയം ഭരണ വകുപ്പ് സെക്രട്ടറി ഡോ. അദീല അബ്ദുള്ള, ധനകാര്യ വ്യയ സെക്രട്ടറി കേശവേന്ദ്ര കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.