ഐ.സി.ടി. പാഠ്യപദ്ധതിയിൽ ഇനി അനിമേഷൻ, ഗെയിമിംഗ്, കോമിക്സ്; മുഴുവൻ കുട്ടികൾക്കും പഠിക്കാൻ അവസരം

post

രാജ്യത്താദ്യമായി നിർമിത ബുദ്ധിയും, റോബോട്ടിക്‌സും ഫാക്ട് ചെക്കിംഗുമെല്ലാം ഐ.സി.ടി. പാഠ്യപദ്ധതിയുടെ ഭാഗമാക്കിയതിന്റെ തുടർച്ചയായി അനിമേഷൻ, വിഷ്വൽ എഫക്ട്‌സ്, ഗെയിമിംഗ്, കോമിക്‌സ് (എ.വി.ജി.സി) സാങ്കതികവിദ്യകളും പഠിക്കാൻ മുഴുവൻ കുട്ടികൾക്കും അവസരമൊരുക്കി കേരളം. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ പുറത്തിറക്കിയ എ.വി.ജി.സി - എക്‌സ്.ആർ. (എക്സ്റ്റന്റഡ് റിയാലിറ്റി) നയത്തിനനുസൃതമായി പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) തയ്യാറാക്കിയ പുതുക്കിയ ഐ.സി.ടി. പാഠപുസ്തകങ്ങളിലാണ് രാജ്യത്താദ്യമായി മുഴുവൻ കുട്ടികൾക്കുമായി എ.വി.ജി.സി. ഉള്ളടക്കം പഠിക്കാൻ അവസരം നൽകുന്നത്.

മൂന്നാം ക്ലാസിലെ 'പാട്ടുപെട്ടി' എന്ന അദ്ധ്യായത്തിൽ സംഗീത സ്വരങ്ങൾ കേട്ട് ട്രയൽ & എറർ രീതിയിൽ അടിസ്ഥാന സ്വരങ്ങൾ തിരിച്ചറിയാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു. നാലാം ക്ലാസിലാകട്ടെ 'പിയാനോ വായിക്കാം', 'ഉത്സവമേളം' എന്നീ അദ്ധ്യായങ്ങളിലൂടെ കുട്ടികൾക്ക് ഗാനങ്ങൾ ചിട്ടപ്പെടുത്താം. എഡ്യൂടെയിൻമെന്റ് രീതിയിൽ വിവിധ ഗെയിമുകൾ കളിക്കുന്ന ലാഘവത്തോടെയാണ് 'കളിപ്പെട്ടി' എന്ന് പേരിട്ട പാഠപുസ്തകത്തിലൂടെ കുട്ടികൾ ഇവ പഠിക്കുന്നത്. ഒമ്‌നിടെക്‌സ്, ജികോംപ്രിസ്, മ്യൂസ്‌കോർ, ഒഡാസിറ്റി എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾക്ക് പുറമെ കൈറ്റ് തയ്യാറാക്കിയ 'താളം' സോഫ്റ്റ്‌വെയറും ഇതിനായി ഉപയോഗിക്കുന്നു. കേവലം സംഗീത പഠനം എന്നതിലുപരി ഡിജിറ്റൽ സംഗീതത്തിന്റെ സാധ്യതകൾ ഡിജിറ്റൽ ഓഡിയോ വർക്ക് സ്റ്റേഷനായ എൽ.എം.എം.എസ്. എന്ന സോഫ്റ്റ്‌വെയറിലൂടെ പ്രയോഗിക്കാൻ സ്വന്തമായി ഒരു അനിമേഷൻ സിനിമയ്ക്ക് പശ്ചാത്തല സംഗീതം നൽകിക്കൊണ്ട് എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും അവസരം ലഭിക്കുന്നു.

അപ്പർ പ്രൈമറി തലത്തിൽ അനിമേഷൻ സാങ്കേതികവിദ്യ പ്രാഥമികമായി പരിചയപ്പെടുകയും പത്താം ക്ലാസിലെത്തുന്നതോടെ അനിമേഷൻ ഉള്ളടക്ക നിർമാണത്തിന് അവസരം നൽകുകയും ചെയ്യുന്ന വിധത്തിലാണ് ഐ.സി.ടി. പാഠപുസ്തകങ്ങൾ. ആറാം ക്ലാസിൽ 'വരയ്ക്കാം ചലിപ്പിക്കാം' എന്ന അദ്ധ്യായത്തിലൂടെ 'പെൻസിൽ 2ഡി' എന്ന സോഫ്റ്റ്‌വെയറിലൂടെ പന്തിന്റേയും കാറിന്റേയും ചലനങ്ങൾ തയ്യാറാക്കിക്കൊണ്ടാണ് അനിമേഷൻ പഠനം ആരംഭിക്കുന്നത്. എഫ്.പി.എസ്, ഒനിയൻ സ്‌കിന്നിംഗ്, ഫ്രെയിംസ് തുടങ്ങിയ സങ്കേതങ്ങൾ കുട്ടികൾ ഇതോടൊപ്പം മനസ്സിലാക്കുന്നു. പത്താം ക്ലാസിലെ 'ചിത്രങ്ങൾക്ക് ജീവൻ പകരാം' എന്ന അദ്ധ്യായത്തിൽ ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സ്റ്റോറി ബോർഡ് തയ്യാറാക്കൽ, കഥാപാത്രങ്ങളുടെ രൂപകല്പന, കീഫ്രെയിം, ട്വീനിങ്ങ്, ചിത്ര ശ്രേണിയിൽ ഉപയോഗിച്ചിട്ടുള്ള അനിമേഷൻ നിർമാണം തുടങ്ങിയവ കുട്ടികൾ പരിചയപ്പെടുന്നു.

കോഡിങ്ങ് പ്രധാനപ്പെട്ടൊരു മേഖലയായി ഐ.സി.ടി. കരിക്കുലം വിഭാവനം ചെയ്യുന്നതിനാൽ അതിന്റെ തുടർച്ചയായാണ് നിർമിതബുദ്ധിയും കോമിക്‌സ്-ഗെയിം നിർമാണവുമെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്നാം ക്ലാസ് വരെ ലോജിക്കൽ ഗെയിമിങ് കളിച്ച് പ്രോഗ്രാമിങിന്റെ മുന്നൊരുക്കപ്രവർത്തനങ്ങൾ ചെയ്യുന്ന കുട്ടികൾ നാലിൽ സ്‌ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചെറിയ ചലനം സൃഷ്ടിക്കുന്ന പ്രവർത്തനവും അഞ്ചിൽ   ഗണിത പാറ്റേണുകൾ നിർമ്മിക്കുന്ന പ്രവർത്തനങ്ങളും ചെയ്യും . ഒരു എലിക്കുഞ്ഞിനെ അതിന്റെ അമ്മയുടെ അടുത്തെത്തിക്കുന്ന കമ്പ്യൂട്ടർ ഗെയിം ആറാം ക്ലാസിലെ 'കോഡിങ്ങ് : കളിയിലെ കാര്യങ്ങൾ' എന്ന അദ്ധ്യായത്തിൽ കുട്ടികൾ സ്വന്തമായി തയ്യാറാക്കുന്നു. എഴാം ക്ലാസിലെ 'നിർമ്മിക്കാം കമ്പ്യൂട്ടർ ഗെയിമുകൾ' എന്ന അദ്ധ്യായത്തിലും എട്ടാം ക്ലാസിലെ 'കമ്പ്യൂട്ടർ ഗെയിമുകൾ' എന്ന അദ്ധ്യായത്തിലും ക്രമാനുഗതമായി കുട്ടികൾക്ക് കോഡിങ്ങ് ശേഷി ആർജിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഒൻപത്, പത്ത് ക്ലാസുകളിൽ പൈത്തൺ പ്രോഗ്രാമിങ്ങ് ഭാഷ ഉപയോഗിച്ച് ആഴത്തിലുള്ള പ്രോഗ്രാമിംഗ് പഠനത്തിനും കുട്ടികൾക്ക് അവസരം ലഭിക്കും.

പുതിയ എ.ഐ. കാലത്ത് ഒരേ സമയം സാങ്കേതിക ശേഷികൾ ആർജിക്കാനും, വിവിധ വിഷയങ്ങൾ എളുപ്പം ഗ്രഹിക്കാനും തൊഴിൽ നൈപുണി വളർത്താനും ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ ഐ.സി.ടി. പാഠപുസ്തകങ്ങൾ തയ്യാറാക്കിയിട്ടുള്ളതെന്ന് ഐ.സി.ടി. പാഠപുസ്തക രചനാ സമിതി ചെയർമാനും കൈറ്റ് സി.ഇ.ഒ.യുമായ കെ. അൻവർ സാദത്ത് പറഞ്ഞു. ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിലെ കുട്ടികൾക്ക് വിശദമായി പഠിപ്പിച്ച് ആ അനുഭവം കൂടി ഉൾപ്പെടുത്തിയാണ് മുഴുവൻ കുട്ടികൾക്കും പഠിക്കാൻ ഇപ്പോൾ അവസരം നൽകുന്നത്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മീഡിയങ്ങളിൽ തയ്യാറാക്കിയ എട്ട് , ഒൻപത് , പത്ത് പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗവും  ഓണാവധിക്ക് ശേഷം കുട്ടികളുടെ കയ്യിലെത്തും. ഐസിടി പഠിപ്പിക്കുന്ന മുഴുവൻ അധ്യാപകർക്കും കൈറ്റ് നേരിട്ട് പരിശീലനം നൽകിക്കഴിഞ്ഞു. എല്ലാ സോഫ്ട്‌വെയറുകളും സ്‌കൂളുകൾക്ക് ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ടിന്റെ കൂടെ കൈറ്റ് നൽകിക്കഴിഞ്ഞു.