തിരഞ്ഞെടുപ്പ് സുഗമമാക്കാൻ ഏവരും സഹകരിക്കണം
തദ്ദേശ പൊതുതിരഞ്ഞെടുപ്പിലെ സുതാര്യവും സുഗമവുമായ പോളിംഗിന് രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു. സമ്മതിദായകർക്ക് നിർഭയമായും സ്വതന്ത്രമായും വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണം.
തിരഞ്ഞെടുപ്പു പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർക്ക് ബാഡ്ജുകളും തിരിച്ചറിയൽ കാർഡുകളും ഉണ്ടാകണം. വോട്ടർമാർക്ക് വിതരണം ചെയ്യുന്ന സ്ലിപ്പുകൾ വെള്ളക്കടലാസിലായിരിക്കണം. അവയിൽ സ്ഥാനാർത്ഥിയുടെയോ കക്ഷിയുടെയോ പേരോ ചിഹ്നമോ ഉണ്ടാകരുത്. രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ വോട്ടർമാരെ പോളിംഗ് സ്റ്റേഷനിൽ എത്തിക്കാൻ വാഹന സൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്. തിരഞ്ഞെടുപ്പ് നിരീക്ഷകൻ, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥർ, പ്രിസൈഡിംഗ് ഓഫീസർ, വെബ് കാസ്റ്റിംഗ് ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവർക്കൊഴികെ ആർക്കും പോളിംഗ് സ്റ്റേഷനകത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അനുവദനീയമല്ല.
വോട്ടെടുപ്പ് ദിവസം പഞ്ചായത്തുകളിൽ പോളിംഗ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലത്തിലും നഗരസഭകളിൽ 100 മീറ്റർ അകലത്തിലും മാത്രമേ രാഷ്ട്രീയ പാർട്ടികളുടെ ബൂത്തുകൾ സ്ഥാപിക്കാവൂ. സ്ഥാനാർത്ഥിയുടെ പേര്, പാർട്ടിചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനർ സ്ഥാപിക്കാം. പഞ്ചായത്തുകളിലെ പോളിംഗ് സ്റ്റേഷനുകളുടെ 200 മീറ്റർ പരിധിക്കുള്ളിലും നഗരസഭകളിൽ 100 മീറ്റർ പരിധിക്കുള്ളിലും വോട്ട് പിടിക്കാനോ പ്രചാരണം നടത്താനോ പാടില്ല. രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ഉള്ള മാസ്‌ക്, വസ്ത്രം, തൊപ്പി എന്നിവ ഈ പരിധിക്കുള്ളിൽ ഉപയോഗിക്കാൻ പാടില്ല. എല്ലാവരും ഹരിതചട്ടം പാലിക്കാൻ ശ്രദ്ധിക്കണമെന്നും കമ്മീഷണർ ആവശ്യപ്പെട്ടു.
സ്ഥാനാർത്ഥികളുടെ ക്യാമ്പുകൾ ഹരിതചട്ടം പാലിച്ചാകണം. സംഘർഷം ഒഴിവാക്കുന്നതിനായി ബൂത്തുകൾക്ക് സമീപവും രാഷ്ട്രീയ കക്ഷികളുടെയും സ്ഥാനാർത്ഥികളുടെയും ക്യാമ്പിന്റെ പരിസരത്തും ആൾക്കൂട്ടം ഒഴിവാക്കണം. വോട്ടെടുപ്പ് ദിവസം സ്ഥാനാർത്ഥികളും ഏജന്റുമാരും വാഹനങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം പാലിക്കണം. പെർമിറ്റുകൾ വാഹനങ്ങളിൽ പ്രദർശിപ്പിക്കണമെന്നും കമ്മീഷണർ നിർദേശിച്ചു.
പോളിംഗ് സ്റ്റേഷൻ പ്രവേശനത്തിന് നിയന്ത്രണം
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ദിവസത്തിൽ പോളിങ് സ്റ്റേഷനിൽ പ്രവേശിക്കാൻ കർശന നിയന്ത്രണമുണ്ട്. വോട്ടിങ്ങിന് അർഹതയുള്ള സമ്മതിദായകർ, പോളിങ് ഓഫീസർമാർ, സ്ഥാനാർത്ഥി, സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ഏജന്റ്, സ്ഥാനാർത്ഥിയുടെ ഒന്ന് വീതം പോളിങ് ഏജന്റ്, തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയിട്ടുള്ളവർ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ, കമ്മിഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകർ, സമ്മതിദായകന്റെ ഒപ്പമുള്ള കൈക്കുഞ്ഞ്, പരസഹായം കൂടാതെ സഞ്ചരിക്കാൻ കഴിയാത്ത അന്ധതയോ അവശതയോയുള്ള സമ്മതിദായകനോടൊപ്പം അനുവദിക്കപ്പെടുന്ന പ്രായപൂർത്തിയായ വ്യക്തി, സമ്മതിദായകരെ തിരിച്ചറിയുന്നതിനോ വോട്ടെടുപ്പ് നടത്തുന്നതിന് മറ്റു വിധത്തിൽ സഹായിക്കുന്നതിനോ പ്രിസൈഡിങ് ഓഫീസർ പ്രവേശിപ്പിക്കുന്നവർ എന്നിവരെ മാത്രമേ പോളിങ് സ്റ്റേഷനിൽ പ്രവേശിപ്പിക്കുകയുള്ളു.
പ്രിസൈഡിങ് ഓഫീസർമാർക്കാണ് ഇതിനുള്ള പൂർണ്ണ അധികാരവും ഉത്തരവാദിത്തവുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സമ്മതിദായകനല്ലാത്തതോ വോട്ടെടുപ്പ് നടത്തുന്നതിൽ പ്രിസൈഡിങ് ഓഫീസറെ സഹായിക്കാൻ ചുമതലപ്പെട്ടവരോ അല്ലാത്ത ആരെയും പോളിങ് സ്റ്റേഷനിൽ കടക്കുവാൻ അനുവദിക്കുന്നതല്ല.
ഒന്നിലധികം വോട്ട് ചെയ്യുന്നതും, ആൾമാറാട്ടം നടത്തുന്നതും ശിക്ഷാർഹം
ഏതെങ്കിലും കാരണവശാൽ ഒരാളുടെ പേര് ഒന്നിലധികം വോട്ടർപട്ടികകളിലോ, ഒരു വോട്ടർപട്ടികയിൽ തന്നെ ഒന്നിലധികം പ്രാവശ്യമോ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഒരു വോട്ട് മാത്രമേ ചെയ്യാൻ പാടുള്ളൂ. ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും അയാൾ ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരമാണ്. അവർക്കെതിരെ കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.
അതുപോലെ വോട്ടു ചെയ്യാൻ ഹാജരാകാത്തവരുടെയും മരണപ്പെട്ടവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ട് ആൾമാറാട്ടത്തിലൂടെ രേഖപ്പെടുത്തുന്നവർ ക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുന്നതാണ്. അത്തരം കുറ്റക്കാരെ പോലീസിന് കൈമാറുന്നതാണ്. കുറ്റക്കാരൻ ഭാരതീയ ന്യായസംഹിതയിലെ 174 വകുപ്പ് പ്രകാരം ഒരു വർഷം വരെ തടവുശിക്ഷയ്ക്കും പിഴശിക്ഷയ്ക്കും അർഹനാണ്.
തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടിങ് സമയം ശ്രദ്ധിക്കണം
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് സമയക്രമം സമ്മതിദായകർ ശ്രദ്ധിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം 6 വരെ പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാനെത്തിയ മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം നൽകും.
വോട്ടെടുപ്പ് അവസാനിപ്പിക്കാൻ നിശ്ചയിച്ച സമയത്തിന് പോളിങ് സ്റ്റേഷനിൽ ക്യൂവിൽ നിൽക്കുന്ന എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. ഇവർക്ക് പ്രിസൈഡിങ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് നൽകും. ഏറ്റവും അവസാനത്തെ ആൾക്ക് ഒന്ന് എന്ന ക്രമത്തിലാണ് സ്ലിപ് നൽകുക. വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിനുള്ള സമയം കഴിഞ്ഞാലും ക്യൂവിലുള്ള സമ്മതിദായകർ എല്ലാവരും വോട്ട് ചെയ്തു കഴിയുന്നതു വരെ വോട്ടെടുപ്പ് തുടരും.










