സുസ്ഥിര കെട്ടിടനിർമ്മാണം: ദക്ഷിണേന്ത്യൻ മേഖലാ ശിൽപശാലക്ക് തിരുവനന്തപുരത്ത് തുടക്കമായി

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഊർജ സംരക്ഷണവും സുസ്ഥിര കെട്ടിടനിർമ്മാണവും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള മേഖലാ ശിൽപശാലക്ക് തിരുവനന്തപുരത്തെ ഉദയ സ്യൂട്ട്‌സ് ഗാർഡൻ ഹോട്ടലിൽ തുടക്കമായി. എനർജി മാനേജ്മെന്റ് സെന്റർ (EMC) കേരളയും ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയും (BEE) സംയുക്തമായി സംഘടിപ്പിച്ച പരിപാടി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഊർജ സംരക്ഷണ മേഖലയിൽ കേരളം നടത്തുന്ന മാതൃകാ പ്രവർത്തനങ്ങൾക്ക് ശിൽപ്പശാലയിലെ ആശയങ്ങൾ കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. 2025-ലെ കേരള എനർജി കൺസർവേഷൻആൻറ് സസ്‌റ്റൈനബിൾ ബിൽഡിങ് കോഡ് (KECSBCR) നിയമങ്ങൾ വിജ്ഞാപനം ചെയ്ത രാജ്യത്തെ ആദ്യ സംസ്ഥാനം കേരളമാണ്. കെട്ടിടങ്ങളിലെ ഊർജ ഉപഭോഗ നിയന്ത്രണത്തിനായുള്ള സാങ്കേതിക വിദ്യകൾ വ്യാപിപ്പിക്കുന്നതിൽ സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ ആർ ഹരികുമാർ സ്വാഗതം പറഞ്ഞു. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ഡയറക്ടർ പ്രവതനളിനി സമൽ ആമുഖപ്രസംഗം നടത്തി. ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ജി വിനോദ് ആശംസകളർപ്പിച്ചു. എൻ എം ഇ ഇ ഇ & ഡി എസ് എം വിഭാഗം മേധാവി ജോൺസൺ ഡാനിയൽ നന്ദി അറിയിച്ചു.
സുസ്ഥിര കെട്ടിട നിർമ്മാണ നയത്തിൽ കേരളം വലിയൊരു മുന്നേറ്റമാണ് ഈ വർഷം നടത്തിയത്. 2017-ലെ നിയമങ്ങൾക്ക് പകരമായി 2025 ഏപ്രിൽ 1-ന് പുതിയകേരള ഊർജ സംരക്ഷണ, സുസ്ഥിര കെട്ടിട കോഡ് (KECSBCR) നിയമങ്ങൾ നിലവിൽ വന്നു. കേരളത്തിലെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഊർജ്ജക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദപരവുമായ നിർദ്ദേശങ്ങളും ഈ പുതിയ കോഡിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കെട്ടിട രൂപകൽപ്പന, ലൈറ്റിംഗ്, എയർ കണ്ടീഷനിംഗ്, പുനരുപയോഗ ഊർജ ഉപയോഗം, കാര്യക്ഷമമായ ജല വിതരണ സംവിധാനങ്ങൾ മാലിന്യ സംസ്‌കരണം ഇൻഡോർ എയർ ക്വാളിറ്റി എന്നിവ ശിൽപ്പശാലയിൽ ചർച്ച ചെയ്യും.
ആന്ധ്രാപ്രദേശ്, കേരളം, തെലങ്കാന, തമിഴ്നാട്, കർണാടക, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, ഗോവ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും നഗര വികസനം, ഊർജ,വൈദ്യുത വകുപ്പുകൾ സംസ്ഥാന നിയുക്ത ഏജൻസികൾ (SDAs) ECSBC സെല്ലുകൾ എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ അറുപതിലധികം പേർ ശിൽപ്പശാലയിൽ പങ്കെടുക്കുന്നുണ്ട്. ഊർജ-കാര്യക്ഷമവും സുസ്ഥിരവുമായ നിർമ്മാണ രീതികൾ പ്രോത്സാഹിപ്പിക്കുക, നിലവിലെ പുരോഗതി വിലയിരുത്തുക, മികച്ച മാതൃകകൾ പങ്കുവെക്കുക, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ ശിൽപശാലയുടെ പ്രധാന ലക്ഷ്യങ്ങൾ.
ശിൽപ്പശാലയുടെ ആദ്യദിനം സുസ്ഥിര ഊർജ സംരക്ഷണ കെട്ടിട നിർമാണ (ECSBC ) ചട്ടങ്ങൾ, കെട്ടിടങ്ങളുടെ സ്റ്റാർ ലേബലിംഗ്, നിലവിലുള്ള കെട്ടിടങ്ങൾ ഊർജകാര്യക്ഷമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള അവതരണങ്ങൾ നടന്നു. സംസ്ഥാന, നഗര തലങ്ങളിൽ ഈ കോഡുകൾ എങ്ങനെ നിർബന്ധമാക്കാം, അതിന് ആവശ്യമായ സാങ്കേതികവും സാമ്പത്തികവുമായ വിഭവങ്ങൾ എങ്ങനെ കണ്ടെത്താം തുടങ്ങിയ വിഷയങ്ങളിലാണ് വിശദമായ ചർച്ചകൾ നടന്നത്. വിവിധ സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പാക്കിയ മാതൃകകളും പങ്കുവെച്ചു. രണ്ടാം ദിനത്തിൽ പരിപാടിയിൽ പങ്കെടുത്ത സംസ്ഥാനങ്ങളുടെയും വിവിധ ഏജൻസികളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തും.
സുസ്ഥിര കെട്ടിടനിർമ്മാണ രീതികൾ നടപ്പാക്കുന്നത് ഇന്ത്യയുടെ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയിലെയും എനർജി മാനേജ്മന്റ് സെൻററിലെയും ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ശിൽപ്പശാല നാളെ (ഓഗസ്റ്റ് 13) സമാപിക്കും.