തദ്ദേശസ്ഥാപന വാർഡ് പുനർവിഭജനപ്രക്രിയ പൂർത്തിയായി ജില്ലാപഞ്ചായത്ത് വാർഡ് : അന്തിമവിജ്ഞാപനമായി

post

14 ജില്ലാപഞ്ചായത്തുകളിലെ വാർഡ് പുനർവിഭജനത്തിന്റെ അന്തിമവിജ്ഞാപനംസംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ അംഗീകരിച്ചു. ഇതോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർനിർണയപ്രക്രിയ പൂർത്തിയായി.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ ചെയർമാനും വിവിധ സർക്കാർ വകുപ്പ് സെക്രട്ടറിമാരായ ഡോ.രത്തൻ യു ഖേൽക്കർ, കെ.ബിജു, എസ്.ഹരികിഷോർ, ഡോ.കെ.വാസുകി എന്നിവർ അംഗങ്ങളും തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ ജോസ്നമോൾ.എസ് സെക്രട്ടറിയുമായുള്ള ഡീലിമിറ്റേഷൻ കമ്മീഷനാണ് വാർഡ് വിഭജനപ്രക്രിയനടത്തിയത്.

വാർഡ് പുനർവിഭജനപ്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സഹകരിച്ച എല്ലാപേരോടും ഡീലിമിറ്റേഷൻ കമ്മീഷൻ നന്ദി അറിയിച്ചു.

മൂന്ന് ഘട്ടങ്ങളിലായാണ് വാർഡ് പുനർവിഭജനപ്രക്രിയ നടന്നത്.ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവടങ്ങളിലും, രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകളിലും വാർഡ് പുനർവിഭജനം നടത്തിയത്.

2011 ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യാടിസ്ഥാനത്തിൽ വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാർഡുകളുടെ എണ്ണം 21900ൽ നിന്നും  23612 ആയി.

87 മുനിസിപ്പാലിറ്റികളിലെ 3113 വാർഡുകൾ 3241 ആയും, ആറ് കോർപ്പറേഷനുകളിലെ 414 വാർഡുകൾ 421 ആയും, 941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാർഡുകൾ 17337 ആയും, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ 2267 ആയും, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാർഡുകൾ 346 ആയും വർദ്ധിച്ചു.

2011 ലെ സെൻസസ് ജനസംഖ്യയുടെയും, തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ച 2024 ലെ സർക്കാർ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് വാർഡ് പുനർവിഭജനം നടത്തിയത്. 2015 ൽ വാർഡ് പുനർവിഭജനം നടത്തിയതും നിലവിലുള്ള വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ലാത്തതുമായ പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റിയെയും തൃക്കടീരി ഗ്രാമപഞ്ചായത്തിനെയും ഇപ്പോഴത്തെ ഡീലമിറ്റേഷൻ പ്രക്രിയയിൽ നിന്നും ഒഴിവാക്കിയിരുന്നു.

ആദ്യഘട്ടത്തിൽ നടന്ന ഡീലിമിറ്റേഷനിൽ ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും കോർപ്പറേഷനുകളുടെയും വാർഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം 2024 നവംബർ 18 ന് പ്രസിദ്ധീകരിച്ചിരുന്നു. കരട് സംബന്ധിച്ച് സംസ്ഥാനത്തെ 1032 തദ്ദേശസ്ഥാപനങ്ങളിൽ  നിന്നുമായി ആകെ 16896 പരാതികളാണ് ലഭിച്ചത്.  ഗ്രാമപഞ്ചായത്തുകളിൽ 12425 ഉം, മുനിസിപ്പാലിറ്റികളിൽ 2864 ഉം, കോർപ്പറേഷനുകളിൽ 1607 ഉം പരാതികൾ ലഭിച്ചു. 2025 ജനുവരി 16 ന് പത്തനംതിട്ടയിൽ ജില്ലയിൽ ആരംഭിച്ച ഹിയറിംഗ് 14 ജില്ലകളിലായി 18 ദിവസം നീണ്ടു. ഗ്രാമപഞ്ചായത്തുകളുടെ അന്തിമവിജ്ഞാപനം 2025 മേയ് 19 നും മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളുടേത് മേയ് 27 നും പ്രസിദ്ധീകരിച്ചിരുന്നു.

രണ്ടാംഘട്ടത്തിൽ സംസ്ഥാനത്തെ 152 ബ്ലോക്ക്പഞ്ചായത്തുകളുടെ വാർഡ് പുനർവിഭജനമാണ് നടത്തിയത്. 2080 ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ 2267 ആയി വർദ്ധിച്ചു. കരട് വിജ്ഞാപനം 2025 മെയ് 30 ന് പ്രസിദ്ധീകരിക്കുകയും 131 ബ്ളോക്ക് പഞ്ചായത്തുകളിലായി  ആകെ 782 പരാതികൾ ലഭിക്കുകയും ചെയ്തു. 21 ഇടങ്ങളിൽ നിന്നും പരാതിയൊന്നും ലഭിച്ചിരുന്നില്ല. 14 ജില്ലകളെ മൂന്നു മേഖലളായി തിരിച്ചാണ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിൽ മൂന്ന് ദിവസങ്ങളിലായി ഹീയറിംഗ് നടത്തിയത്. ബ്ലോക്ക്പഞ്ചായത്ത് വാർഡ് വിഭജന അന്തിമവിജ്ഞാപനം 2025 ജൂലൈ 10ന് പ്രസിദ്ധീകരിച്ചിരുന്നു.

അന്തിമഘട്ടത്തിൽ നടത്തിയ ജില്ലാപഞ്ചായത്ത് വാർഡ് വിഭജനത്തിന്റെ കരട് ജൂലൈ 21ന് പ്രസിദ്ധീകരിച്ചിരുന്നു. 14 ജില്ലകളിൽ നിന്നുമായി ആകെ 147 പരാതികളാണ് ലഭിച്ചത്. ജൂലൈ 31ന് തിരുവനന്തപുരത്ത് നടന്ന ഹിയറിംഗിൽ ഡീലിമിറ്റേഷൻ കമ്മീഷൻ പരാതിക്കാരെ നേരിൽ കേട്ടിരുന്നു.

വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ഡീലിമിറ്റേഷൻ കമ്മീഷന് പരാതിയോ ആക്ഷേപമോ സമർപ്പിച്ചിരുന്നവരിൽ ഹിയറിംഗിന് ഹാജരായ മുഴുവൻ പേരെയും നേരിൽ കേട്ട്, പരാതികൾ പരിശോധിച്ചാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ എ.ഷാജഹാൻ അറിയിച്ചു.

ഇതാദ്യമായാണ് വാർഡ് വിഭജനത്തിന്റെ ഭാഗമായി തദ്ദേശവാർഡുകളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കിയത്. തിരഞ്ഞെടുപ്പ് ആവശ്യത്തിന് പുറമെ സർക്കാരിനും തദ്ദേശസ്ഥാപനങ്ങൾക്കും വിവിധ ഏജൻസികൾക്കും വികസന ആവശ്യങ്ങൾക്കും മറ്റ് പ്രവർത്തനങ്ങൾക്കും ഡിജിറ്റൽ ഭൂപടം ഉപയോഗിക്കാനാകും. ഇൻഫർമേഷൻ കേരള മിഷൻ പൂർണമായും ഓപ്പൺ സോഴ്സ് സാങ്കേതികത അടിസ്ഥാനമാക്കി തയ്യാറാക്കിയ ക്യൂഫീൽഡ് ആപ്പ് ഉപയോഗിച്ചാണ് വാർഡുകളുടെ ഭൂപടം തയ്യാറാക്കിയിട്ടുള്ളത്. പൂർത്തീകരിച്ച മാപ്പുകൾ പൊതുജനങ്ങൾക്ക് കാണുവാനും പ്രിന്റ് എടുക്കുന്നതിനും പൂർണസുരക്ഷ ഉറപ്പാക്കി എച്ച്.റ്റി.എം.എൽ ഫോർമാറ്റിൽ വെബ്സൈറ്റിൽ ലഭ്യമാണ്. വാർഡ് പുനർവിഭജനത്തിന്റെ അന്തിമവിജ്ഞാപനം സംസ്ഥാന അച്ചടിവകുപ്പിന്റെ e-gazette വെബ് സൈറ്റിൽ (www.compose.kerala.gov.in) ലഭിക്കും.


ഡീലിമിറ്റേഷന് ശേഷമുള്ള വാർഡുകളുടെ വിവരം ജില്ലാടിസ്ഥാനത്തിൽ

ജില്ല / തദ്ദേശസ്ഥാപനങ്ങള്‍, നിയോജകമണ്ഡലങ്ങള്‍/വാർഡുകൾ