ചങ്ങരംകുളം ചിയ്യാനൂരിൽ ഹൈടെക് അങ്കണവാടി കെട്ടിടം നാടിന് സമർപ്പിച്ചു

ആലങ്കോട് ഗ്രാമപഞ്ചായത്തിലെ ചിയ്യാനൂർ ചിറക്കുളത്തിന് സമീപം നിർമാണം പൂർത്തീകരിച്ച ഹൈടെക് അങ്കണവാടി കെട്ടിടത്തിൻ്റെ ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമ - കായിക- വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടമാണ് നാടിന് സമർപ്പിച്ചത്. ജില്ലാ പഞ്ചായത്തിൻ്റെ 25 ലക്ഷവും ആലങ്കോട് പഞ്ചായത്ത് വകയിരുത്തിയ മൂന്ന് ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. ഏറെക്കാലമായി ഷീറ്റ് മേഞ്ഞ ഷെഡ്ഡിലാണ് അങ്കണവാടി പ്രവർത്തിച്ചിരുന്നത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ആരിഫ നാസർ അധ്യക്ഷത വഹിച്ചു. പി. നന്ദകുമാർ എംഎൽഎ മുഖ്യാതിഥിയായി. ആലങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ഷെഹീർ, വൈസ് പ്രസിഡൻ്റ് കെ.കെ പ്രബിത, പഞ്ചായത്തംഗങ്ങളായ സി.കെ പ്രകാശൻ, ഷഹന നാസർ, മുഹമ്മദ് ശരീഫ്, ടി സത്യൻ, പി വിജയൻ, എൻ.വി. ഉണ്ണി, ഷാനവാസ് വട്ടത്തൂർ, രഞ്ജിത്ത് അടാട്ട്, കൃഷ്ണൻ പാവിട്ടപ്പുറം എന്നിവർ സംസാരിച്ചു. ആലങ്കോട് പഞ്ചായത്തംഗം ടി.എ. അബ്ദുൾ മജീദ് സ്വാഗതവും ഐസിഡിഎസ് ഓഫീസർ റസീല നന്ദിയും പറഞ്ഞു.