ദേശീയപാത പ്രവൃത്തികൾ അവലോകനം ചെയ്യാൻ ഉന്നതതലയോഗം ചേർന്നു

post

ദേശീയപാത 66 ന്റെ ഗുണനിലവാരം ഉറപ്പുവരുത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം

ദേശീയപാത പ്രവൃത്തികൾ അവലോകനം ചെയ്യാൻ ഉന്നതതലയോഗം ചേർന്നു.സംസ്ഥാനത്ത് ദേശീയപാത 66-ന്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന്  മന്ത്രി പി.എ.മുഹമ്മദ് റിയാസ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രവൃത്തികളിൽ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും  മന്ത്രി നിർദ്ദേശിച്ചു.

 പ്രവൃത്തികൾക്ക് കൃത്യമായ  സമയക്രമം നിശ്ചയിക്കുകയും ആ സമയക്രമത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തീകരിക്കപ്പെട്ടു എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. എന്നാൽ മികവുറ്റ രീതിയിൽ തന്നെയാകണം നിർമ്മാണ പ്രവൃത്തികൾ നടക്കേണ്ടത്. നിലവിൽ പ്രവൃത്തി പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാത്ത ഇടങ്ങളിൽ എൻഎച്ച്എഐ റീജിയണൽ ഓഫീസർ പ്രത്യേകമായി ശ്രദ്ധിക്കണം. ഈ സ്‌ട്രെച്ചുകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ഉണ്ടാകണം. മഴക്കാലമാണെങ്കിലും  പ്രീകാസ്റ്റിംഗ് പോലുള്ള പ്രവൃത്തികൾ ഈ സമയത്ത് നടത്താനാകും. അത്തരം പ്രവൃത്തികൾ പൂർത്തിയാക്കണം. പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി.

 പ്രവൃത്തി നടക്കുന്ന ഇടങ്ങളിലെ സർവ്വീസ് റോഡുകളുടെയും നിലവിലുള്ള റോഡുകളുടെയും അവസ്ഥ നിരന്തരമായി ചൂണ്ടിക്കാണിക്കുന്നതാണ്. പലയിടങ്ങളിലും സർവ്വീസ് റോഡുകളുടെ കാര്യത്തിൽ ജനങ്ങൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അടിയന്തിരമായി എല്ലാ സ്‌ട്രെച്ചുകളിലും നിലവിലുള്ള പാതകൾ പൂർണ്ണ ഗതാഗതയോഗ്യമാണെന്ന് ഉറപ്പുവരുത്തണം.അക്കാര്യത്തിൽ ഏതെങ്കിലും  തരത്തിലുള്ള   അലംഭാവം ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി കർശന നിർദ്ദേശം നൽകി. മഴകുറഞ്ഞുവരുന്ന ഘട്ടത്തിൽ അത്തരം പ്രവർത്തനങ്ങൾ  അടിയന്തിര സ്വഭാവത്തോടെ നടത്തണമെന്നും മന്ത്രി പറഞ്ഞു.

        ദേശീയപാത 66-ന്റെ  ഓരോ സ്‌ട്രെച്ചിന്റെയും പുരോഗതി യോഗം വിലയിരുത്തി. 70 ശതമാനം പ്രവൃത്തികൾ പൂർത്തീകരിച്ചുവെന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചിരിക്കുന്നത്. 400 കിലോമീറ്ററിലധികം ദൂരം ആറുവരിയായി മാറിക്കഴിഞ്ഞു എന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന മറ്റ് പദ്ധതികളും യോഗത്തിൽ അവലോകനം ചെയ്തു. യോഗത്തിൽ  പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.ബിജു ഐഎഎസ്, അഡീഷണൽ സെക്രട്ടറി എ.ഷിബു ഐഎഎസ്, ജില്ലാ കലക്ടർമാർ, ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ, വിവിധ പ്രൊജക്ട് ഡയറക്ടർമാർ, കരാറുകാർ തുടങ്ങിയവർ പങ്കെടുത്തു.