പുനർഗേഹം തീരദേശ പുനരധിവാസ പദ്ധതി: മുട്ടത്തറയിൽ 332 'പ്രത്യാശ' ഫ്ലാറ്റുകളുടെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

post

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ 'പുനർഗേഹം' തീരദേശ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മുട്ടത്തറയിൽ നിർമിച്ച 'പ്രത്യാശ' ഫ്ലാറ്റ് സമുച്ചയത്തിലെ 332 ഫ്ലാറ്റുകളുടെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

കടലാക്രമണ ഭീഷണിയിൽ ജീവിതം ദുസ്സഹമായ തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിതവും മാന്യവുമായ താമസം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭവനസമുച്ചയം നിർമ്മിച്ചത് . മത്സ്യബന്ധന, സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷനായി. നാടമുറിച്ച ശേഷം മുഖ്യമന്ത്രി ഫ്ലാറ്റുകൾ സന്ദർശിച്ചു.

മലപ്പുറം ജില്ലയിലെ താനൂരിൽ നിർമിച്ച 16 ഫ്ലാറ്റുകളുടെ ഉദ്‌ഘാടനവും മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു.

കേരളം വലിയ തോതിൽ കടൽത്തീരമുള്ള സംസ്ഥാനമാണ്. അതിന്റെ ഭാഗമായുള്ള ഒട്ടേറെ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നുവെന്നു മുഖ്യമന്ത്രി ഉദ്‌ഘാടനപ്രസംഗത്തിൽ പറഞ്ഞു. തൊഴിലിന്റെ പ്രത്യേകത കാരണം മത്സ്യത്തൊഴിലാളികൾ കടലിനോട് ചേർന്ന് താമസിക്കേണ്ടതായി വരുന്നു. കടലാക്രമണ ഭീഷണി നേരിടുന്നവർക്ക് സുരക്ഷിതമായ താമസസ്ഥലം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'പുനർഗേഹം' പദ്ധതി ആവിഷ്കരിച്ചത്. മത്സ്യത്തൊഴിലാളികൾ ഈ പദ്ധതിയുമായി സഹകരിച്ചത് സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികൾ കേരളത്തിൽ ഏറ്റവും പ്രയാസമനുഭവിക്കുന്ന തൊഴിലാളി വിഭാഗമാണെന്നും അവർ പ്രത്യേക പരിഗണന അർഹിക്കുന്നുവെന്നും മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. നാട് വലിയ പ്രതിസന്ധികൾ നേരിട്ടപ്പോൾ, സ്വന്തം ജീവൻ പണയംവച്ച് സഹോദരങ്ങൾക്ക് വേണ്ടി ഇടപെട്ടവരാണ് മത്സ്യത്തൊഴിലാളികൾ. നമ്മുടെ നാടിന്റെ സ്വന്തം 'സൈന്യം' എന്ന് വിശേഷിപ്പിക്കപ്പെട്ട അവർക്ക് എന്ത് ചെയ്താലും അത് കുറഞ്ഞുപോകില്ല.

പദ്ധതിയുടെ നിർമാണം നിശ്ചിത സമയത്തിന് മുമ്പ് പൂർത്തിയാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച മുഖ്യമന്ത്രി, കേന്ദ്രതലത്തിൽ പാരിസ്ഥിതികാനുമതിയിൽ ഉണ്ടായ കാലതാമസം വെല്ലുവിളിയായിരുന്നുവെങ്കിലും, അതിനെ മറികടന്ന് ഫ്ലാറ്റുകൾ സമയബന്ധിതമായി പൂർത്തിയാക്കിയതിന് മന്ത്രി സജി ചെറിയാനും ഫിഷറീസ് വകുപ്പിനും നിർമ്മാണത്തിൽ പങ്കാളികളായ എല്ലാവര്ക്കും അഭിനന്ദനമറിയിച്ചു. നിർമാണചുമതല ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയെ (ULCCS) ഹാർദവമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നല്ല സൗകര്യങ്ങളോടുകൂടിയ ഭവനങ്ങൾ നിർമിക്കാൻ നമുക്ക് കഴിഞ്ഞു. ഈ 332 ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് നല്ലൊരു ജീവിതം ആശംസിക്കുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ അധ്യക്ഷനായ മന്ത്രി സജി ചെറിയാൻ, തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിതവും മാന്യവുമായ ജീവിതം ഉറപ്പാക്കുന്നതിന് പിണറായി വിജയൻ സർക്കാരിന്റെ പ്രതിബദ്ധതയുടെ ഉദാഹരണമാണ് ഈ പദ്ധതിയെന്ന് അഭിപ്രായപ്പെട്ടു. തീരദേശത്ത് ജീവിതം ദുസ്സഹമാക്കുന്ന സാഹചര്യങ്ങൾക്കിടയിൽ, 'പുനർഗേഹം' പദ്ധതി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ചിന്തയിൽ ഉയർന്നുവന്നതാണ്. വേലിയേറ്റ മേഖലയ്ക്ക് അരികിൽ താമസിക്കുന്ന 22,174 കുടുംബങ്ങളുടെ പുനരധിവാസമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.


മുട്ടത്തറ വില്ലേജിൽ ക്ഷീര വികസന വകുപ്പിന് കീഴിലുണ്ടായിരുന്ന 8 ഏക്കർ ഭൂമി ഫിഷറീസ് വകുപ്പിന് കൈമാറിയതിന് മുഖ്യമന്ത്രി, ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി, റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ എന്നിവർക്ക് മന്ത്രി നന്ദി അറിയിച്ചു. തിരുവനന്തപുരം നഗരത്തിന്റെ കണ്ണായ ഈ പ്രദേശത്ത് ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് മത്സ്യത്തൊഴിലാളികൾക്കായി ലഭിച്ചത്. നിശ്ചയിച്ച സമയത്തിന് രണ്ട് മാസം മുമ്പ് തന്നെ താക്കോൽ കൈമാറാൻ കഴിഞ്ഞത് ഫിഷറീസ് വകുപ്പിലെ ടീം വർക്കിന്റെ വിജയമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ഓരോ ഫ്ലാറ്റിലും ഇരിപ്പുമുറി, ഭക്ഷണമുറി, രണ്ട് ബെഡ്റൂമുകൾ, ശൗചാലയം, അടുക്കള എന്നിവ ഉൾപ്പെടുന്നു. ഒരു ഫ്ലാറ്റിന്റെ നിർമാണച്ചെലവ് ഏകദേശം 20 ലക്ഷം രൂപയ്ക്ക് മുകളിലാണ്. വൈദ്യുതി, കുടിവെള്ളം, റോഡ്, ഡ്രെയിനേജ്, നടപ്പാത, ചുറ്റുമതിൽ തുടങ്ങിയ എല്ലാ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഇത്രയധികം ഫ്ലാറ്റുകൾ ഒരുമിച്ച് നിർമിച്ച് നൽകുന്ന ആദ്യ സംസ്ഥാനമായിരിക്കും കേരളമെന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, തുറമുഖ-സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി, ആൻ്റണി രാജു എം.എൽ.എ., മേയർ ആര്യ രാജേന്ദ്രൻ, ഫിഷറീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അബ്ദുൾ നാസർ ബി., ഫിഷറീസ് ഡയറക്ടർ ചെൽസാസിനി വി., ജില്ലാ കളക്ടർ അനുകുമാരി, ശാന്തഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം സുഹൈബ് മൗലവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.




പദ്ധതി വിശദാംശങ്ങൾ:

2023-ൽ ആരംഭിച്ച 'പ്രത്യാശ' ഫ്ലാറ്റ് സമുച്ചയ പദ്ധതി, ക്ഷീരവികസന വകുപ്പിൽനിന്ന് ഫിഷറീസ് വകുപ്പിന് കൈമാറിയ 8 ഏക്കർ ഭൂമിയിലാണ് നിർമിച്ചത്. 81 കോടി രൂപയുടെ അടങ്കൽ തുകയോടെ സർക്കാർ ഭരണാനുമതി നൽകിയ ഈ പദ്ധതിയിൽ 400 ഫ്ലാറ്റ് യൂണിറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഘട്ടമായി 332 ഫ്ലാറ്റുകളും രണ്ടാം ഘട്ടമായി 68 ഫ്ലാറ്റുകളും പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടു. നിലവിൽ ആദ്യ ഘട്ടത്തിലെ 332 ഫ്ലാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറാൻ തയ്യാറാണ്.

നിർമാണചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ഏറ്റെടുക്കുകയും സാങ്കേതിക മേൽനോട്ടം ഹാർബർ എൻജിനീയറിങ് വകുപ്പ് നിർവഹിക്കുകയും ചെയ്തു. കടലാക്രമണ ഭീഷണിക്കിടയിലും തീരദേശ ജനതയ്ക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കുന്നതിന്റെ പ്രതീകമായാണ് 'പ്രത്യാശ' എന്ന പേര് ഈ ഭവനസമുച്ചയത്തിന് നൽകിയത്.