പട്ടികവർഗ വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

post

പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ തൊഴില്‍നൈപുണ്യപദ്ധതികള്‍ കാലോചിതമായി പരിഷ്‌കരിച്ചു: മന്ത്രി ഒ ആര്‍ കേളു

പട്ടികവര്‍ഗ വികസന വകുപ്പും ചവറ ഐ.ഐ.ഐ.സിയും നടപ്പാക്കിയ തൊഴില്‍പരിശീലനകോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

പട്ടികവര്‍ഗവിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ലഭ്യമാക്കാനും നൈപുണ്യവികസനത്തിനും കാലോചിതമായപദ്ധതികള്‍ നടപ്പാക്കുകയാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവേ പറഞ്ഞു.

പട്ടികവര്‍ഗ വിഭാഗത്തിനെ മുഖ്യധാരയിലേക്ക് കൂടുതല്‍ഉയര്‍ത്താനും സമഗ്രപുരോഗതിയും മുന്നില്‍ക്കണ്ട് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. 800ലധികം പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് ഉന്നതവിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ അവസരമൊരുക്കി. ഒരു വിദ്യാര്‍ഥിക്ക് 25 ലക്ഷം രൂപയാണ് ചിലവഴിച്ചത്. തൊഴില്‍ നൈപുണ്യവും വിദേശഭാഷകളില്‍ പ്രാവീണ്യവുംഉറപ്പാക്കാനുള്ള പദ്ധതികളും നടപ്പാക്കുന്നു. പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാപരിശീലനവും നല്‍കുന്നുണ്ട്. എം.ബി.ബി.എസ് പഠനത്തിന് 37 ലക്ഷം രൂപവരെ അനുവദിക്കുന്നു. പ്രത്യേകനിയമനത്തിലൂടെ വനം, ആരോഗ്യം, തദേശസ്വയംഭരണം വകുപ്പുകളിലും പട്ടികവര്‍ഗ വിഭാഗത്തിലെ യുവതയ്ക്ക് തൊഴില്‍ലഭ്യമാക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

പട്ടികവര്‍ഗ വികസന വകുപ്പിന്റെ നൈപുണ്യവികസന പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് കണ്‍സ്ട്രക്ഷനില്‍ 118 വിദ്യാര്‍ഥികള്‍ക്ക് കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് അഞ്ചു കോഴ്‌സുകളില്‍ പരിശീലനംനല്‍കുകയാണ്. പരിശീലനംപൂര്‍ത്തിയാക്കിയ 97 പേര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണമാണ് മന്ത്രി നിര്‍വഹിച്ചത്. 21 പേരുടെ പരിശീലനം തുടരുന്നു, ഇതിനായി വകുപ്പ് 1,39,25,600 രൂപയാണ് അനുവദിച്ചത്. അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ ലെവല്‍ മൂന്ന്, എക്‌സ്‌കവേറ്റര്‍ ഓപ്പറേഷന്‍ ലെവല്‍ നാല്, പ്ലമര്‍ ജനറല്‍ ലെവല്‍ നാല്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ജി.ഐ.എസ്, കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്‌നീഷ്യന്‍ ലെവല്‍ നാല് എന്നിവയാണ് കോഴ്‌സുകള്‍.

നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് കെ രാജീവന്‍ അധ്യക്ഷനായി. ഐ.ഐ.ഐ.സി ഡയറക്ടര്‍ ഡോ. ബി. സുനില്‍കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാഘവന്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി ശശികുമാര്‍,  വിദ്യാര്‍ഥികള്‍, അധ്യാപകര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.