ട്രാൻസ്ജെൻഡർ വിഭാഗത്തിന് ഭവന പദ്ധതിക്ക് അനുമതി

post

50 ലക്ഷം രൂപ അനുവദിച്ചു

ട്രാൻസ്ജെൻഡർ വ്യക്തികളെ ശാക്തീകരിക്കുന്നതിനും അതുവഴി സാമൂഹിക ഏകീകരണത്തിനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ട്രാൻസ്‌ജെൻഡർ ഭവനപദ്ധതിക്ക് തുടക്കമിടുന്നു. പാർപ്പിടപ്രശ്‌നങ്ങൾ നേരിടുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികളാണ് ഈ പദ്ധതിയുടെ ഉപഭോക്താക്കൾ. സ്വന്തമായി ഭൂമിയുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വീടു നിർമ്മിക്കാൻ ധനസഹായം നൽകുക, ഭൂരഹിതരായ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഭൂമി വാങ്ങുന്നതിനും വീട് നിർമ്മിക്കുന്നതിനും ധനസഹായം നൽകുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.

ഭവനനിർമ്മാണത്തിനായി വിവിധ സർക്കാർ - സർക്കാരിതര ഏജൻസികൾ വഴി ഭവനനിർമ്മാണത്തിനു സഹായം ലഭിച്ച ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കു നിർമ്മാണം പൂർത്തീകരിക്കുന്നതിനുള്ള ഗ്യാപ് ഫണ്ടിംഗ് നൽകാനും ഈ പദ്ധതി വഴി സാധിക്കും.  ഇതുപ്രകാരം ലൈഫ് പദ്ധതിപ്രകാരം വീട് അനുവദിച്ചിട്ടുള്ളവർക്ക് അധിക ധനസഹായമായി രണ്ട് ലക്ഷം രൂപ അനുവദിക്കും. തുടക്കത്തിൽ അഞ്ച് പേർക്കാണ് ഈ സഹായം ലഭ്യമാകുന്നത്. സ്വന്തമായി ഭൂമിയുള്ളതും എന്നാൽ ലൈഫ് മിഷൻ മുഖേനയോ മറ്റു ഭാവനപദ്ധതികളിലോ പേര് വരാത്തതുമായ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് 6 ലക്ഷം രൂപ വീതം ലഭ്യമാക്കും. ഭൂമി വാങ്ങുന്നതിനും ഭവന നിർമ്മാണത്തിനുമായി പരമാവധി 15 ലക്ഷം രൂപ വായ്പയായി അനുവദിക്കും. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ രൂപീകരിച്ചിട്ടുണ്ടന്ന് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ഡോ.  അദീല അബ്ദുള്ള പറഞ്ഞു.

ട്രാൻസ്‌ജെൻഡർ വിഭാഗത്തെ ശാക്തീകരിക്കുന്ന നിരവധി പദ്ധതികൾ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ചിട്ടുണ്ട്.  2018 ൽ ആരംഭിച്ച ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് 'വർണ്ണപ്പകിട്ട്', കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച അനന്യം പദ്ധതി, ട്രാൻസ്‌ജെൻഡർ ഷോർട്ട് സ്റ്റേ ഹോം എന്നിവക്ക് പുറമെ ഏവിയേഷൻ തൊഴിൽ രംഗങ്ങളിൽ കൊടുക്കുന്ന പരിശീലന പരിപാടികളും ഇവയിൽ പെടും. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സുരക്ഷിതവും നീതിയുക്തവുമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഭവനപദ്ധതി വഴി സാധിക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. അപേക്ഷകൾ ഓൺലൈനായോ നേരിട്ടോ സമർപ്പിക്കാവുന്നതുമാണ്. അപേക്ഷകരിൽനിന്നു മുൻഗണനാക്രമത്തിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കും. ഇതിനായി സാമൂഹ്യനീതി ഡയറക്ടർ അദ്ധ്യക്ഷനായി ഒരു ടെക്‌നിക്കൽ കമ്മിറ്റി രൂപീകരിക്കും. 

മാനദണ്ഡങ്ങൾ

അപേക്ഷകർ അവരുടെ ട്രാൻസ്‌ജെൻഡർ ഐഡന്റിറ്റി സ്ഥിരീകരിക്കുന്ന സാധുവായ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കണം. ഭവന നിർമ്മാണത്തിന് സാമ്പത്തിക സഹായം ആവശ്യപ്പെടുന്നവർ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്. ഭൂമിയുള്ളവർക്ക് ഭവന നിർമ്മാണത്തിനായി തുക അനുവദിക്കുന്നത് നിലവിൽ ലൈഫ്മിഷൻ പിന്തുടരുന്ന മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും. സ്വന്തമായി വീടില്ലാത്തവർ, താൽക്കാലിക ഷെൽട്ടറുകളിൽ അല്ലെങ്കിൽ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ താമസിക്കുന്നവർ, ട്രാൻസ്‌ജെൻഡർ വ്യക്തികളിൽ അംഗപരിമിതർ, പ്രായമായ വ്യക്തികൾ എന്നിവർക്ക് മുൻഗണന നൽകും.