ശുചിത്വ ഹരിത മാതൃകകൾ എണ്ണിപ്പറഞ്ഞ് ഗ്രീൻ ഇനിഷ്യേറ്റീവ്

കുട്ടികളിൽ നിന്ന് പകർത്താം കുട്ടികളെ മാതൃകയാക്കാം എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഗ്രീൻ ഇനിഷ്യേറ്റീവ് കുട്ടികളുടെ ശുചിത്വ പദ്ധതികളുടെ അവതരണത്തിൽ പുതു മാതൃകയായി. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച വ്യത്യസ്തമായ ക്യാമ്പയിൻ പ്രവർത്തനങ്ങൾ കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു. കണ്ണൂർ ജില്ലാ ആസുത്രണ സമിതി ഹാളിൽ ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, വിദ്യാഭ്യാസ വകുപ്പ്
വിദ്യാകിരണം മിഷൻ, സന്നദ്ധ സംഘടനയായ മോർ എന്നിവ ചേർന്നാണ് ഗ്രീൻ ഇനിഷ്യേറ്റീവ് സംഘടിപ്പിച്ചത്. കുട്ടികളുടെ ഇത്തരം ശുചിത്വ പ്രവർത്തനങ്ങൾ ഭാവിയിൽ തുടരാൻ സഹായകരമായ വിധത്തിൽ നിരീക്ഷകരായ അധ്യാപകരുടെയും വിദഗ്ധ പാനലുകാരുടെയും മുന്നിലാണ് ഗ്രീൻഇനിഷ്യേറ്റീവ് പരിപാടി അവതരിപ്പിച്ചത്. ശുചിത്വവും ഹരിതവുമായ കാര്യങ്ങളിൽ കുട്ടികളിൽ നിന്ന് പകർത്താനൊട്ടേറെയുണ്ടെന്നും കുട്ടികളുടെ മുൻകൈയ്യിൽ ആരംഭിച്ച പ്രവർത്തനങ്ങൾ വ്യാപിപ്പിക്കണമെന്നും ഗ്രീൻ ഇനിഷ്യേറ്റീവ് പരിപാടിയിൽ പങ്കെടുത്തവർ ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.
ഉളിക്കൽ കാരിസ് യു പി സ്കൂൾ, മയ്യിൽ മുല്ലക്കൊടി എ യു പി സ്കൂൾ, വളപട്ടണം ക്രീയേറ്റിവ് ഹോം, പായം പേരട്ട ഗവ. എൽ പി സ്കൂൾ, കതിരൂർ തരുവണതെരു യു പി സ്കൂൾ, രാജീവ് ഗാന്ധിസ്മാരക ഹയർ സെക്കണ്ടറി സ്കൂൾ മൊകേരി, എ കെ ജി സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ പെരളശ്ശേരി, ചപ്പാരപടവ് ഗവ ഹയർ സെക്കണ്ടറി തടികടവ്, കൊളന്ത എ എൽ പി സ്കൂൾ, സെന്റ് തെരസസ് കണ്ണൂർ എന്നിവരാണ് അവതരണം നടത്തിയത്. പങ്കെടുത്ത കുട്ടികൾക്കുള്ള സാക്ഷ്യപത്രം ജില്ലാ കലക്ടർ അരുൺ കെ വിജയൻ സമ്മാനിച്ചു.
അസി. കലക്ടർ എഹ്തെദ മുഫസിർ, ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ. എം. സുനിൽകുമാർ, എസ്.എസ്.കെ പ്രൊജക്ട് കോ ഓർഡിനേറ്റർ വിനോദ്, ഡോ.രമേശൻ കടൂർ, ജില്ലാ പ്ലാനിങ് ഓഫീസർ നെനോജ് മേപ്പടിയത്ത്, വിവിധ വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നുള്ള അധ്യാപക പ്രതിനിധികൾ, രക്ഷാകർത്താക്കൾ എന്നിവർ പരിപാടിയിൽ നിരീക്ഷകരായി പങ്കെടുത്തു.