ജനസംഖ്യാ ദിന ബോധവത്കരണ സെമിനാര്‍ നടത്തി

post

ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം, രാജകുമാരി എന്‍ എസ് എസ് കോളേജ്, കുടുംബാരോഗ്യ കേന്ദ്രം രാജകുമാരി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക ജനസംഖ്യാ ദിന ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.

2025ലെ ലോക ജനസംഖ്യാ ദിനത്തിന്റെ പ്രതിപാദ്യ വിഷയം 'ഗര്‍ഭധാരണത്തിന്റെ ശരിയായ പ്രായവും ഇടവേളയും ആരോഗ്യകരമായ കുടുംബത്തിന്റെ അടിത്തറ' എന്നതാണ്. 'അമ്മയാകേണ്ടത് ശരിയായ പ്രായത്തില്‍; മനസും ശരീരവും തയാറാകുമ്പോള്‍ മാത്രം' എന്നതാണ് മുദ്രാവാക്യം. സ്ത്രീകളുടെ പ്രത്യുത്പാദന അവകാശവും ആരോഗ്യവുമാണ് ചര്‍ച്ചാവിഷയം.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും കേരളത്തിലും 15 മുതല്‍ 19 വയസിനിടയിലുള്ള പെണ്‍കുട്ടികളുടെ പ്രസവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അനാവശ്യ ഗര്‍ഭധാരണത്തെ തുടര്‍ന്നുള്ള ഗര്‍ഭഛിദ്രങ്ങളുടെ തോതും കൂടിവരുന്നുണ്ട്. പ്രത്യുത്പാദന ആരോഗ്യത്തെകുറിച്ചും ആഗ്രഹിക്കാത്തതും അനവസരത്തിലുള്ളതുമായ ഗര്‍ഭധാരണങ്ങള്‍ ഒഴിവാക്കുന്നതിനെക്കുറിച്ചും ബോധവത്ക്കരണം തുടരേണ്ടതിന്റെ ആവശ്യകതയുമാണ് ലോക ജനസംഖ്യാ ദിനാചരണം ബോധ്യപ്പെടുത്തുന്നത്. 

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാജകുമാരി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആശാ സന്തോഷ് നിര്‍വഹിച്ചു. ഡെപ്യൂട്ടി ഡി എം ഒ ഡോക്ടര്‍ ശരത് ജി റാവു അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പ്രവീണ്‍ എന്‍ ദിനാചരണ സന്ദേശം നല്‍കി. രാജകുമാരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ലിന്‍ഡ സാറാ കുര്യന്‍ ടീനേജ് പ്രഗ്‌നന്‍സി, അബോര്‍ഷന്‍, എം റ്റി പി ആക്ട് എന്നിവയെ സംബന്ധിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഷൈലാഭായി, രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ആന്റണി ജോസ് , രാജകുമാരി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു ജോര്‍ജ് കോളേജ് അധ്യാപകര്‍,അനധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.