വനിതാ സംരംഭകർക്ക് കരുത്തേകാൻ കുടുംബശ്രീയുടെ ഐബിറ്റ് പരിശീലന കേന്ദ്രം

ഇടുക്കി ജില്ലയിലെ വനിതാ സംരംഭകർക്ക് എല്ലാ പിന്തുണയും ഉറപ്പാക്കി ജില്ലാതല തൊഴില്‍ പരിശീലന കേന്ദ്രം ഐബിറ്റ്. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്ത സംരംഭമായ ഐബിറ്റ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച ബഹുനില മന്ദിരത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സ്ത്രീ ശാക്തീകരണവും വനിതാ സംരംഭകർക്കുള്ള തൊഴിൽ പരിശീലനവും ലക്ഷ്യമാക്കിയാണ് മൂന്ന് നിലകളുള്ള പരിശീലന കേന്ദ്രം പ്രവർത്തനസജ്ജമായിരിക്കുന്നത്.
100 പേർക്ക് താമസസൗകര്യവും പരിശീലനവും ഒരേസമയം നൽകാൻ ശേഷിയുള്ള കേന്ദ്രത്തിൽ ജില്ലയിൽ തന്നെ ഇതുവരെ ലഭ്യമായതിൽ ഏറ്റവും മികച്ചതും സമഗ്രവുമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒരു കോടി 49 ലക്ഷം രൂപ ചെലവിലാണ് കേന്ദ്രം സാക്ഷാത്കരിച്ചത്.
കുടുംബശ്രീ സംഘടിപ്പിക്കുന്ന എല്ലാവിധ പരിശീലനങ്ങളും വിവിധ റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനവും ഇവിടെ നടക്കും. കുടുംബശ്രീ ജില്ലാ മിഷനുമായി ചേർന്ന് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും മറ്റ് സർക്കാർ സ്ഥാപനങ്ങളുടെയും വിവിധ പരിശീലനങ്ങളും ഇവിടെ സംഘടിപ്പിക്കും.
ബാലസഭ, കുടുംബശ്രീ എംഐഎസ് മാനേജർ ഇൻഫർമേഷൻ സിസ്റ്റം), ചെറുകിട സംരംഭകർക്കുളള പരിശീലനം, ട്രൈബൽ ആനിമേറ്റർമാർക്കുള്ള പരിശീലനം, കുടുംബശ്രീ മിഷൻ ജീവനക്കാർക്കുള്ള പരിശീലനം എന്നിവയ്ക്കും ഇവിടെ സൗകര്യമുണ്ട്.വനിതാ സംരംഭകർക്ക് എല്ലാ പിന്തുണയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.
സംരംഭങ്ങൾ തുടങ്ങുന്നതിന് കുടുംബശ്രീ അംഗങ്ങൾക്കായി ജനറൽ ഓറിയന്റേഷൻ ട്രെയിനിങ്, സംരംഭകത്വ വികസന ശില്പശാല എന്നിവയും കേന്ദ്രത്തിൽ സംഘടിപ്പിക്കും. കൃഷിയുമായി ബന്ധപ്പെട്ട കുടുംബശ്രീ അംഗങ്ങളായ അഗ്രി സിആർപിമാർ (കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ),കുട്ടികർഷകർ എന്നിവർക്കും പരിശീലനം ഒരുക്കും. കുടുംബശ്രീ അംഗങ്ങളായ വനിതൾക്ക് മാത്രമായിരിക്കും പരിശീലനത്തിന് സൗകര്യം.
കുടുംബശ്രീയുടെ പ്രതിമാസ അവലോകനയോഗങ്ങൾ ഇവിടെ സംഘടിപ്പിക്കും. നിലവിൽ ബാലസഭ ആർപിമാർക്കുള്ള ജില്ലാതല പരിശീലനം നടന്നുവരുന്നു.
പരിശീലന പരിപാടികൾ ദൈർഘ്യം ഉള്ളവയാണെങ്കിൽ ദൂരപ്രദേശങ്ങളിൽ നിന്നും എത്തുന്ന സ്ത്രീകൾക്ക് ഡോർമെറ്ററി സേവനങ്ങളും ഫ്രഷ് അപ്പ് സൗകര്യവും ഐബിറ്റ് കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. ഭക്ഷണ സൗകര്യത്തിനായി സമീപത്തെ സംരംഭ യൂണിറ്റുകളുടെ സേവനവും ഉപയോഗപ്പെടുത്തും. മിതമായ നിരക്കിലായിരിക്കും താമസ സൗകര്യങ്ങൾ ഒരുക്കുക. വാഴത്തോപ്പ് സിഡിഎസിൻ്റെ നേതൃത്വത്തിൽ പരിശീലന പരിപാടികൾ ക്രമീകരിക്കും.
കേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രത്യേക എക്സിക്യൂട്ടീവ് കമ്മിറ്റിയും അഡ്മിനിസ്ട്രേറ്റീവ് സംവിധാനവും നിലവിലുണ്ട്. ഭാവിയിൽ സംസ്ഥാനത്തെ മുൻനിര പരിശീലന കേന്ദ്രമായി മാറുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിൻ്റെ പ്രവർത്തനം.കുടുംബശ്രീ മുഖേന മികച്ച മാനേജ്മെൻ്റ് പരിശീലനമാണ് ഇവിടെ സജ്ജമാക്കുക.
ചിട്ടയായ പരിശീലനവും ആരോഗ്യകരമായ ഭക്ഷണവും സുരക്ഷിതമായ താമസവും ലഭുമാക്കും.ഒരു ബാച്ചിൽ പരമാവധി 30 പേരാണ് പ്രവേശനം ഉണ്ടാവുക. പ്രത്യേക സാഹചര്യത്തിൽ 35 ആക്കി ഉയർത്തും.പരിശീലനത്തിനു മുമ്പ് കൗൺസിലിംഗ് നൽകും. പരിശീലനവേളയിലും കൗൺസിലിംഗ് സൗകര്യം ലഭ്യമാണ്. പരിശീലനത്തിന് മുഴുവൻ സമയം പങ്കെടുത്തുവെന്ന് സത്യവാങ്മൂലം സമർപ്പിക്കണം. തൊഴിൽ കേന്ദ്രത്തിൽ താമസിച്ചുള്ള പരിശീലനങ്ങൾക്ക് 10 മണിക്കൂറും താമസിക്കാതെയുള്ള പരിശീലനങ്ങൾക്ക് 6 മണിക്കൂറുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
തൊഴിൽ വൈദഗ്ധ്യ പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാ സംരംഭകർക്കും പ്രതിദിന സ്റ്റൈപ്പൻ്റ് അനുവദിക്കും. പഞ്ചായത്ത് പരിധിയിൽ നടത്തുന്ന പരിശീലനം,ബ്ലോക്ക് പരിധിയിൽ നടത്തുന്ന പരിശീലനം, ജില്ലാ കേന്ദ്രത്തിൽ/ജില്ല കേന്ദ്രീകരിച്ച് നടത്തുന്ന പരിശീലനം എന്നിങ്ങനെ വിവിധ തരത്തിലാണ് സ്റ്റൈപ്പൻ്റ് നൽകുന്നത്.പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് നൽകും.
സംരംഭകർക്ക് നൈപുണ്യ വികസന പരിശീലന പരിപാടി
പരിശീലനത്തിൻ്റെ ദൈർഘ്യം, പ്രായോഗിക പരിശീലനത്തിനുള്ള ചെലവ് എന്നിവ പരിഗണിച്ച് സംരംഭ മേഖലകളെ എ,ബി,സി എന്നീ വിഭാഗങ്ങളാക്കി തിരിച്ചാണ് ഐബിറ്റിൽ പരിശീലനം നൽകുന്നത്.
ഡേ കെയറും പ്രീ-സ്കൂൾ മാനേജ്മെന്റും,ഇവന്റ് മാനേജ്മെന്റ്, കാന്റീനും കാറ്ററിംഗും, അടിസ്ഥാനപരമായ ടെയ്ലറിംഗും ഫാഷൻ ഡിസൈനിംഗും, ബ്യൂട്ടീഷൻ കോഴ്സ്,പ്രിന്റിംഗും സ്ക്രീൻ പ്രിന്റിംഗും, പെയിൻ്റിങ്, പ്ലംബിംഗ്, കല്‍പ്പണി, ഡ്രൈവിംഗ് - എൽഎംവി, എച്ച്എംവി, കമ്പ്യൂട്ടർ ഹാർഡ്വെയർ, ഫിറ്റ്നസ് സെന്റർ, ഭക്ഷ്യ സംസ്കരണവും അച്ചാർ നിർമ്മാണവും, ബ്യൂട്ടി തെറാപ്പിസ്റ്റ്, മെഡിക്കൽ ലാബ്, ബേക്കറിയും മധുരപലഹാരവും നിർമാണം, സിമന്റ് ബ്രിക്ക് പരിശീലനം തുടങ്ങിയവയാണ് എ വിഭാഗത്തിലുള്ളത്.
ബി വിഭാഗത്തിൽ ഹോം സ്റ്റേ മാനേജ്മെന്റ്, തുണി ബാഗും മറ്റ് തിരഞ്ഞെടുത്ത ഇനങ്ങളും നിർമ്മാണം, ചണം/പൊടി/റെക്സിൻ ബാഗ് നിർമ്മാണം, കഫേ കിയോസ്ക്, ടൈലറിംഗ് - ഫിനിഷിംഗ് പരിശീലനം, എംബ്രോയ്ഡറി (കൈയും യന്ത്രവും), ആഭരണ നിർമ്മാണം, ഇലക്ട്രിഷ്യൻ, ഫെറോ സിമന്റ് വർക്ക് പരിശീലനം,, പരമ്പരാഗത ചികിത്സ പരിശീലനം, ടെക്സ്റ്റൈൽ ഹാൻഡ് വീവിംഗ് പരിശീലനം, ഹോം നഴ്സിംഗ് പരിശീലനം,
എൽഇഡി ലൈറ്റ് നിർമ്മാണ പരിശീലനം,കയർ ഉൽപ്പന്നങ്ങൾ നിർമ്മാണ പരിശീലനം, ഹെയർ സ്പെഷ്യലിസ്റ്റ്, മൺപാത്രങ്ങൾ നിർമ്മാണ പരിശീലനം ,സംഗീത ഉപകരണങ്ങൾ പരിശീലനം, ആയുർവേദ സ്പാ തുടങ്ങിയവയിൽ പരിശീലനം നൽകുന്നു.
ഷാംപൂ, സോപ്പ് നിർമ്മാണം, പപ്പടം നിർമ്മാണം, കിണര്‍ റീചാര്‍ജിംഗ്, തുണി അലക്കൽ, കുട നിർമ്മാണം, ജ്യൂസ് കിയോസ്ക്, വെയിറ്റിംഗ് ഹാൾ മാനേജ്മെന്റ്, പാർക്കിംഗ് മാനേജ്മെന്റ്, പച്ചക്കറി - പഴവർഗങ്ങളുടെ കൃഷി വിപണനം, മെഹന്തി, മെഴുകുതിരി നിർമ്മാണം, ലോഷൻ നിർമ്മാണം, പായ നിർമ്മാണം, ചന്ദനത്തിരി നിർമ്മാണം, ഡിടിപി കമ്പ്യൂട്ടർ പരിശീലനം, സുഗന്ധ തൈലം നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം, കറി മസാല നിർമ്മാണം, വെൽഡിംഗ് തുടങ്ങിയ പരിശീലനങ്ങളാണ് സി വിഭാഗത്തിൽ നൽകുന്നത്.