ജലോത്സവത്തിന് കേളികൊട്ടുണര്‍ത്തി വിളംബരജാഥ

post

കൊല്ലം :  പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന് മുന്നോടിയായി നാടറിയിച്ച് വര്‍ണാഭമായ ഘോഷയാത്ര. ബീച്ച് പരിസരത്തു നിന്ന് ആരംഭിച്ച് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന്  സമീപം ജലോത്സവ നഗരിയില്‍  അവസാനിച്ച ഘോഷയാത്ര എം മുകേഷ് എം എല്‍ എ ഫഌഗ് ഓഫ് ചെയ്തു. റോളര്‍ സ്‌കേറ്റിംഗ്, ചെണ്ടമേളം,  നിശ്ചലദൃശ്യങ്ങള്‍, കായിക താരങ്ങള്‍, ബൈക്ക് റാലി എന്നിവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ നിറഞ്ഞു നിന്ന വള്ളംകളിയുടെ വായ്ത്താരികള്‍ റോഡിനിരുവശവും തിങ്ങിനിറഞ്ഞ കാഴ്ചക്കാരെയും ആവേശഭരിതരാക്കി.
സമാപന സമ്മേളനത്തില്‍ ജലോത്സവത്തിന്റെ സ്മരണീക സ്റ്റാമ്പ് പുറത്തിറക്കി. കൊല്ലം പോസ്റ്റ് ഓഫീസ് സീനിയര്‍ സൂപ്രണ്ട് എ ആര്‍ രഘുനാഥന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് സ്റ്റാമ്പ് കൈമാറി. വിവിധ കലാപരിപാടികളും അരങ്ങേറി. സംഘാടക സമിതി അംഗങ്ങളായ  ഡോ രാമഭദ്രന്‍, കുരീപ്പുഴ ഷാനവാസ്, മങ്ങാട് ഉപേന്ദ്രന്‍, എന്‍ എസ് വിജയന്‍, ഡി ടി പി സി സെക്രട്ടറി സി സന്തോഷ്,  തുടങ്ങിയവര്‍ പങ്കെടുത്തു