വാത്തിക്കുടിയില്‍ കുടുംബശ്രീയുടെ മഞ്ഞള്‍ ഹോം ഷോപ്പ് മാര്‍ക്കറ്റിംഗ് സെന്റര്‍ തുടങ്ങി

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഇടുക്കി വാത്തിക്കുടി സി ഡി എസില്‍ ആരംഭിച്ച 'മഞ്ഞള്‍ ഹോം ഷോപ്പ് മാര്‍ക്കറ്റിംഗ് സെന്റര്‍' വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാദേശിക വിപണി കണ്ടെത്താനും സ്ത്രീശാക്തീകരണം ഉറപ്പാക്കാനും ലക്ഷ്യമിടുന്ന പദ്ധതി, 'നല്ലതുവാങ്ങുക, നന്മചെയ്യുക' എന്ന ആശയത്തിനാണ് ഊന്നല്‍ നല്‍കുന്നത്. ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഗുണഭോക്താക്കള്‍ക്കായി നേരിട്ടു വീടുകളിലെത്തിച്ച് വിപണനംനടത്തുന്നതിലൂടെ, ഇടനിലക്കാരെ ഒഴിവാക്കി സംരംഭകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാനും ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനും സാധിക്കുന്നു. ഈ പദ്ധതിയിലൂടെ, വീട്ടിലിരുന്ന് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ചെറുകിട സംരംഭകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനും അതുവഴി വരുമാനം നേടാനും സാധിക്കും. മഞ്ഞള്‍, മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍, പ്രാദേശിക കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവ ഹോം ഷോപ്പ് മാര്‍ക്കറ്റിംഗ് സെന്റര്‍ വഴി ലഭ്യമാകും.
വാത്തിക്കുടി സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ആതിര അനില്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഇടുക്കി ഡി എം സി ഷിബു. ജി, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ സേതുലക്ഷ്മി കെ.എസ്, വി എ അരുണ്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ ഷിഹാബ്, റഹീം, എം.ഇ.സി ഷീജ സജി, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ജോസ്‌ന, വാര്‍ഡ് മെമ്പര്‍ തെരേസ രാരിച്ചന്‍ എന്നിവര്‍ സംസാരിച്ചു.