ദുരിതാശ്വാസനിധിയിലേക്ക് വായ്പയെടുത്ത് സംഭാവന; ജോര്‍ജേട്ടന്‍ വക

തൃശൂര്‍ : സമ്പാദ്യത്തില്‍ നിന്ന് സംഭാവന നല്‍കാന്‍ ചിലരെങ്കിലും മടിക്കുമ്പോഴാണ് വായ്പയെടുത്ത 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് തൃശൂര്‍ ഒല്ലൂക്കര സ്വദേശി ജോര്‍ജ് താഴത്ത്. മാനവികത ആവശ്യപ്പെടുന്ന മേഖലകളിലെല്ലാം നിറ സാനിധ്യമാണ് മുന്‍ കെ.എസ്.എഫ്.ഇ ജീവനക്കാരനായ ഈ 71കാരന്‍.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത് ആദ്യമായല്ല ഇദ്ദേഹം സംഭാവനകള്‍ നല്‍കുന്നത്. കഴിഞ്ഞ രണ്ട് പ്രളയകാലത്തും ജോര്‍ജേട്ടന്റെ സംഭാവനകള്‍ ദുരിതാശ്വാസ നിധിയില്‍ എത്തിയിരുന്നു. സര്‍ക്കാരിന്റെ കര്‍മ്മശേഷിയും മികച്ച രീതിയിലുള്ള ഫണ്ട് വിനിയോഗവും സംഭാവനകള്‍ നല്‍കാന്‍ സുമനസ്സുകള്‍ക്ക് പ്രേരണയേകും എന്ന് അടിവരയിടുന്നുണ്ട് ഇദ്ദേഹം.നാട്ടില്‍ അവയവ ദാനത്തിന് മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുന്ന അനശ്വര എന്നൊരു സംഘടനയുടെ സെക്രട്ടറിയാണ് ഇദ്ദേഹം. ഈ സംഘടനയിലൂടെ ഇന്നുവരെ 25 പേര്‍ കണ്ണുകള്‍ ദാനം ചെയ്തുകഴിഞ്ഞു. ഇതിന് പുറമേ പാതയോരത്ത് മരങ്ങള്‍ നട്ട് വളര്‍ത്തലും ജൈവകൃഷിയുമൊക്കെയായി സദാസമയം ബിസിയാണ് ജോര്‍ജേട്ടന്‍. എല്ലാ പ്രവൃത്തികള്‍ക്കും പിന്തുണയേകി ഭാര്യ ലീല ജോര്‍ജും കുടുംബവും കൂടെയുണ്ട്.