അധിനിവേശ ജീവജാല നിയന്ത്രണം; ബോധവല്‍ക്കരണത്തിന് തുടക്കമായി

അധിനിവേശ ജീവജാലങ്ങള്‍ ആവാസ വ്യവസ്ഥയില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് വ്യാപകമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കര്‍മപരിപാടികളുമായി ഹരിത കേരളം മിഷനും ജൈവ വൈവിധ്യ ബോര്‍ഡും. മൊകേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ജൈവ വൈവിധ്യ ബോര്‍ഡ്, കണ്ണൂര്‍ ആകാശവാണി എന്നിവയുടെ സഹകരണത്തോടെ 'അധിനിവേശ ജീവജാലങ്ങള്‍ ആവാസ വ്യവസ്ഥയില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ നടന്ന ജില്ലാതല സെമിനാറിലാണ് കര്‍മ പരിപാടി തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി പ്രസ്തുത വിഷയത്തില്‍ ബ്ലോക്ക് തലങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. അപകടകാരികളായ അധിനിവേശ സസ്യങ്ങളെയും ജീവികളെയും അവയുടെ നിയന്ത്രണ മാര്‍ഗങ്ങളും പരിചയപ്പെടുത്തുന്ന ഷോര്‍ട്ട് വീഡിയോകള്‍ പ്രചരിപ്പിക്കും. ജൈവ വൈവിധ്യ ബോര്‍ഡ് സംസ്ഥാന മെമ്പര്‍ സെക്രട്ടറി ഡോ. വി ബാലകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വത്സന്‍ അധ്യക്ഷനായി. മൊകേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാറില്‍ വി.സി ബാലകൃഷ്ണന്‍, ഡോ. പി ദിലീപ്, ശ്രീബിന്‍ കടൂര്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. സെമിനാറിന്റെ ഭാഗമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ വി.സി. ബാലകൃഷ്ണന് മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വല്‍സന്‍ വൃക്ഷതൈ കൈമാറി.