വിദ്യാർഥി പ്രതിഭകൾക്ക് ആദരവ് : മെറിറ്റ് അവാർഡ് 2025 വിതരണം ചെയ്തു

post

കൊല്ലം കൊട്ടാരക്കര മണ്ഡലത്തിലെ വിദ്യാർഥി പ്രതിഭകൾക്കുള്ള ആദരവായ മെറിറ്റ് അവാർഡ് 2025 ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പുലമൺ മാർത്തോമ ജൂബിലി മന്ദിരത്തിൽ വിതരണം ചെയ്തു .കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ വിവിധ വിദ്യാഭ്യാസ മേഖലകളിലെ ഉയർന്ന മാർക്ക് നേടിയ 1600 ഓളം വിദ്യാർഥികൾ ആദരവ് ഏറ്റുവാങ്ങി.

ജീവിതസാഹചര്യങ്ങൾ കാരണം തൊഴിൽ മുറിഞ്ഞുപോയവരുടെ വീണ്ടെടുപ്പിന്കൂടി സംസ്ഥാന സർക്കാർ മുൻകൈയെടുക്കുകയാണ് എന്ന് മന്ത്രി പറഞ്ഞു.

വൈവാഹിക ജീവിതത്തിലേക്ക് കടന്ന വീട്ടമ്മമാർ കരിയർ ബ്രേക്ക് അനുഭവിക്കുന്നു. ഗ്രാമ ജീവിതമാണ് പലപ്പോഴും ഇതിനു കാരണമാകുന്നത്. എന്നാൽ ഉന്നത വിദ്യാഭ്യാസവും മികച്ച തൊഴിലും പിന്തുടർന്നവർക്ക് തുടർ ജീവിതത്തിലും തൊഴിൽ ഉറപ്പാക്കാൻ സർക്കാർ മുൻകൈ എടുക്കുകയാണ്. സോഹോ കോർപ്പറേഷന്റെ സഹകരണത്തോടെ നെടുവത്തൂരിൽ ആരംഭിക്കുന്ന ഐ.ടി പാർക്ക് പ്രവർത്തനങ്ങൾക്ക് ജൂലൈയിൽ തുടക്കമാകും. കേന്ദ്ര സർക്കാരിന്റെയും ഐഐടിയുടെയും ആഭിമുഖ്യത്തിൽ ഡ്രോൺ റിസർച്ച് പാർക്ക് ഇവിടേക്ക് വരികയാണ്. തൊഴിലുറപ്പ് സാധ്യമാക്കുന്ന വൻകിട സംരംഭങ്ങൾ നാടിന്റെ മുഖച്ഛായ തന്നെ മാറ്റും. അവയിലൂടെ കരിയർ ബ്രേക്ക് അനുഭവിക്കുന്ന രീതിക്കും മാറ്റം വരും.

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉയർന്ന വിജയ ശതമാനം നേടിയ വിദ്യാഭ്യാസ ജില്ലയാണ് കൊട്ടാരക്കര. പുതുതലമുറയുടെ മികവുറ്റ ഭാവിയാണ് ഇത്തരം വിജയങ്ങളിലൂടെ ഉറപ്പാക്കാൻ ആകുന്നത്. വിദ്യാഭ്യാസ മേഖലയിലെ മികവും മികച്ച അടിസ്ഥാന സൗകര്യങ്ങളുമായി കൊട്ടാരക്കരയിൽ വരുന്ന ഗുണകരമായ മാറ്റങ്ങൾ മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ആകും. വളർച്ചയിൽ സംസ്ഥാനം ഒന്നാമത് തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ് സോമനാഥ് മുഖ്യാതിഥിയായി.