ലോക വയോജന അതിക്രമ അവബോധ ദിനാചരണം സംഘടിപ്പിച്ചു

post

ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക വയോജന അതിക്രമ അവബോധ ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. ആരോഗ്യമുള്ള കാലത്ത് സമൂഹത്തിന് വേണ്ടി നിരവധി സംഭാവന ചെയ്തവരാണ് ഇന്നത്തെ വയോജനങ്ങളെന്നും അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാർ - സാമൂഹിക സംവിധാനങ്ങൾക്കുണ്ടെന്നും മേയർ പറഞ്ഞു. എസ്.എൻ കോളേജിൽ നടന്ന പരിപാടിയിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷനായി. തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി മുഖ്യാതിഥിയായി. മെയിന്റനൻസ് ട്രിബ്യൂണലും സാമൂഹ്യ നീതി വകുപ്പും ചേർന്ന് ഒരുക്കിയ 'ആർദ്ര ദീപം വീഡിയോ' ജില്ലാ കലക്ടർ പ്രകാശനം ചെയ്തു. വയോജന സംരക്ഷണ പ്രതിജ്ഞ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി വിനീഷ് ചൊല്ലിക്കൊടുത്തു. പരിപാടിയോടനുബന്ധിച്ച് എസ്.എൻ കോളേജ് ദത്തെടുത്ത ഗ്രാമത്തിലെ മുതിർന്ന പൗരന്മാരെയും 50 വർഷത്തെ സന്ന്യാസ ജീവിതം പൂർത്തീകരിച്ച ഡി എസ് എസ് സിസ്റ്റർ വിനീതയെയും ആദരിച്ചു.

ജില്ലാ സാമൂഹിക നീതി ഓഫീസർ പി ബിജു, ജില്ലാ വയോജന കമ്മിറ്റി മെമ്പർമാരായ സി.പി ചാത്തുക്കുട്ടി, എ.ഒ പ്രസന്നൻ, എസ്.എൻ കോളേജ് പ്രിൻസിപ്പൽ കെ.പി പ്രശാന്ത്, എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ കെ.പി നിധീഷ്, കേരള സീനിയർ സിറ്റിസൺ ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ മാസ്റ്റർ, കേരള സീനിയർ സിറ്റിസൺ ഫോറം ജില്ലാ സെക്രട്ടറി സി.കെ രഘുനാഥൻ നമ്പ്യാർ, എസ്.എൻ കോളേജ് ഐക്യുഎസി കോ-ഓർഡിനേറ്റർ കെ ജിതേഷ്, എസ്.എൻ കോളേജ് യൂണിറ്റ് 20 എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം.വി ജീഷ്ണ, എസ്.എൻ കോളേജ് യൂണിറ്റ് 21 എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സി.കെ.വി രമേശൻ, ജില്ലാ പ്രൊബേഷൻ ഓഫീസർ എസ് സജിത, ഗവ. വൃദ്ധ സദനം സൂപ്രണ്ട് പി.ആർ രാധിക തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ ഭരണകൂടം, എൻ എസ് എസ് യൂണിറ്റുകൾ, കെ എസ് എസ് എം എന്നിവയുടെ സഹകരണത്തോടെ നടത്തിയ സംസ്ഥാനതല റീൽസ് മത്സരത്തിൽ വിജയികളായ കെ.ആർ സൗപർണിക, കെ.ആർ ഋതുപർണിക എന്നിവർ ജില്ലാ കലക്ടറിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി. സെൽഫി വിത്ത് ഗ്രാൻഡ് ഫാദർ/ ഗ്രാൻഡ് മദർ മത്സരത്തിൽ വിജയികളായവരും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ഒളയിക്കര സൗത്ത് എൽ.പി സ്കൂളിലെ മൂന്നാംതരം വിദ്യാർഥിനി ശ്രീയുക്തയാണ് സെൽഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്. വട്ടോളി എൽ.പി സ്‌കൂളിലെ മൂന്നാംതരം വിദ്യാർഥി ആഷിക്ക് രാജ് രണ്ടാംസ്ഥാനവും ഭാരതീയ വിദ്യാഭവൻ ഏഴാംതരം വിദ്യാർഥിനി ഇഷാനി സംജിത് മൂന്നാം സ്ഥാനവും നേടി. ഏയ്ഞ്ചൽ റോസ് പ്രിൻസ്, അൻവിക രഞ്ജിത്ത്, മുഹമ്മദ് അസീം എന്നിവർക്ക് സ്‌പെഷ്യൽ ജൂറി പരാമർശം ലഭിച്ചു. കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജ് 19, 22 എൻ.എസ്.എസ് യൂണിറ്റ് ടീം അംഗങ്ങൾ അവതരിപ്പിച്ച ഓൾഡ് മാൻ സ്ട്രീറ്റ് ഒന്നാം വളവ് എന്ന ലഘു നാടകവും കണ്ണൂർ എസ്.എൻ കോളേജ് 20, 21 എൻ.എസ്.എസ് യൂണിറ്റ് ടീം അവതരിപ്പിച്ച പരിഭ്രമണം നാടകവും പരിപാടിയുടെ ഭാഗമായി അരങ്ങേറി.