വിജ്ഞാന കേരളം: ചേര്‍ത്തലയിൽ മൈക്രോ തൊഴിൽമേള സംഘടിപ്പിച്ചു

post

1080 ഉദ്യോഗാർഥികൾ പങ്കെടുത്തു

സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേര്‍ത്തല നഗരസഭയും ചേര്‍ന്നുള്ള ക്ലസ്റ്ററിലെ മൈക്രോ തൊഴിൽമേള സംഘടിപ്പിച്ചു. ചേര്‍ത്തല ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി നിർവഹിച്ചു.

മൈക്രോ തൊഴിൽമേളയിൽ 1080 ഉദ്യോഗാർഥികൾ പങ്കെടുത്തു. 20 കമ്പനികളിലെ 51 തസ്തികകളിലോക്കായി 9000 ഒഴിവുകളാണ് തൊഴിലന്വേഷകർക്കായി ഒരുക്കിയത്. മുൻകൂട്ടി രജിസ്റ്റർ ചെയ്തു വന്നവർക്കായി തയ്യാറാക്കിയ ഏഴ് കൗണ്ടറുകൾക്ക് പുറമെ മൂന്ന് സ്പോട്ട് രജിസ്ട്രേഷൻ കൗണ്ടറുകളും ഒരു ഡിഡബ്ല്യൂഎംഎസ് പോര്‍ട്ടൽ രജിസ്ട്രേഷൻ കൗണ്ടറും സജ്ജീകരിച്ചിരുന്നു. ഉദ്യോഗാർഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനായി എസ്എൻ കോളേജ് ചേർത്തല, എൻഎസ്എസ് കോളേജ് പള്ളിപ്പുറം, സെൻ്റ് മൈക്കിൾസ് കോളേജ് ചേർത്തല എന്നിവിടങ്ങളിലെ എൻഎസ്എസ് വളണ്ടിയർമാരുടെ സേവനവും ഒരുക്കി. ഇവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കമ്മ്യൂണിറ്റി അംബാസിഡർമാർ, സാക്ഷരതാ പ്രേരക്മാർ, തീമാറ്റിക് എക്സ്പേർട്ട്സ്, ആർജിഎസ്എ ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, ഡിഡിയു ജികെവൈ ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, എന്നിവർ രജിസ്ട്രേഷൻ നടപടികൾക്ക് നേതൃത്വം നൽകി. ഉദ്യോഗാർഥികൾക്കായി ലഘുഭക്ഷണം, കുടിവെള്ളം, മെഡിക്കൽ സേവനം എന്നിവയും ഒരുക്കി. ജില്ലാ തലത്തില്‍ നടന്ന മെഗാ തൊഴില്‍ മേളയുടെ തുടര്‍ച്ചയായാണ് മൈക്രോ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത്. വരും മാസങ്ങളില്‍ മറ്റു പ്രദേശങ്ങളിലും തൊഴില്‍മേളകള്‍ സംഘടിപ്പിക്കും.

ചടങ്ങിൽ, നഗരസഭാധ്യക്ഷ ഷേർളി ഭാർഗ്ഗവൻ അധ്യക്ഷയായി. മുൻ എംപി എ എം ആരിഫ് മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എസ് ശിവപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ മേരി ടെൽഷ്യ, വി ആർ രജിത, പഞ്ചായത്ത് പ്രസിഡന്റുമാരായ രാഖി ആൻ്റണി, ബി ഷിബു, ജില്ലാ പഞ്ചായത്തംഗം സജിമോൾ ഫ്രാൻസിസ്, ചേർത്തല നഗരസഭ ഉപാധ്യക്ഷൻ ടി എസ് അജയകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ എ എസ് സാബു, ശോഭ ജോഷി, ജി രഞ്ജിത്ത്, മാധുരി സാബു, ഏലിക്കുട്ടി ജോൺ, നഗരസഭാഗംങ്ങളായ ബാബു മുള്ളൻചിറ, പി ഉണ്ണികൃഷ്ണൻ, രാജശ്രീ ജ്യോതിഷ്, വിജ്ഞാന കേരളം ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ സി കെ ഷിബു, വിജ്ഞാന കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡാനി വർഗീസ്, നഗരസഭ സിഡിഎസ് ചെയർപേഴ്സൺ അഡ്വ. പി ജ്യോതിമോൾ, നഗരസഭ സെക്രട്ടറി ടി കെ സുജിത്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.