കണ്ണൂർ ജില്ലയിൽ പരിസ്ഥിതിദിനാചരണം നടത്തി

post

ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പാഷൻ ഫ്രൂട്ട് തൈകൾ നടീൽ ഉദ്ഘാടനം ജില്ലാ കലക്ടർ അരുൺ കെ വിജയൻ നിർവഹിച്ചു. കലക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻചാർജ് തുളസി ചങ്ങാട്ട്, ഡെപ്യൂട്ടി ഡയറക്ടർമാരായ സി.വി ജിതേഷ്, സീമ സഹദേവൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


 തലശ്ശേരി നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫല വൃക്ഷതൈ നടീൽ ഉദ്ഘാടനം തലശ്ശേരി നഗരസഭ ചെയർപേഴ്‌സൺ കെ.എം ജമുനാറാണി ടീച്ചർ നിർവഹിച്ചു. കൊട്ടാര വളപ്പ് പരിസരത്ത് നടന്ന പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ എം.വി ജയരാജൻ അധ്യക്ഷനായി. നഗരസഭാ സ്ഥിരം സമിതി അംഗങ്ങളായ എൻ രേഷ്മ, സി സോമൻ, വാർഡ് കൗൺസിലർ ലിജേഷ്, നഗരസഭാ സെക്രട്ടറി എൻ സുരേഷ് കുമാർ, നഗരസഭ ക്ലീൻ സിറ്റി മാനേജർ ബിന്ദു, ഹരിത കർമ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.


ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഇരിട്ടി ഹയർ സെക്കന്ററി സ്‌കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. നഗരസഭാ ചെയർപേഴ്സൺ കെ ശ്രീലത പരിപാടി ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭ,കൃഷി വകുപ്പ്, എന്നിവയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി ഹയർ സെക്കന്ററി സ്‌കൂളിലെ  എൻ.എസ്.എസ്, എസ്.പി.സി, സ്‌കൗട്ട് ആന്റ് ഗൈഡ് വിദ്യാർത്ഥികളുടെ സഹകരണത്തോടെയാണ് വൃക്ഷത്തൈകൾ നട്ടത്.

'പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പൊരുതുക' എന്ന സന്ദേശമുയർത്തി ചിറക്കൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നഴ്‌സറിയിൽ തയാറാക്കിയ വൃക്ഷ തൈകളുടെ വിതരണവും നടീൽ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി നിർവഹിച്ചു. ചിറക്കൽ രാജാസ് യു.പി സ്‌കൂളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി അനിൽ കുമാർ അധ്യക്ഷനായി. വിദ്യാർഥികൾ, പഞ്ചായത്ത് അംഗങ്ങൾ,തൊഴിലുറപ്പ് ജീവനക്കാർ, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.


നെരുവമ്പ്രം ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ക്യാമ്പസിൽ നിന്ന് നീക്കം ചെയ്യുകയും ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. വിദ്യാർഥികളിൽ പരിസ്ഥിതി സംരക്ഷണ അവബോധം വളർത്തുന്നതിനായി കോളേജ് വാക്കത്തോൺ, കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുളള സെമിനാർ, ക്വിസ്മത്സരം എന്നിവയും സംഘടിപ്പിച്ചു.