നോർക്ക-ട്രിപ്പിൾ വിൻ ഏഴാം ഘട്ടം; 250 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു

കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോർക്ക ട്രിപ്പിൾ വിൻ കേരളയുടെ ഏഴാം എഡിഷനിൽ അഭിമുഖങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 250 പേരുടെ പട്ടിക നോർക്ക റൂട്ട്സ് വെബ്സൈറ്റിൽ (www.norkaroots.org) പ്രസിദ്ധീകരിച്ചു. അപേക്ഷ നൽകിയ 4200 അപേക്ഷകരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്ത 360 പേരാണ് കൊച്ചിയിലും തിരുവനന്തപുരത്തുമായി നടന്ന അഭിമുഖങ്ങളിൽ പങ്കെടുത്തത്. ഇവരിൽ നിന്നുളള 250 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുടെ കീഴിലുള്ള പ്ലേയ്സ്മെന്റ് ഉദ്യോഗസ്ഥർ നേരിട്ടെത്തിയായിരുന്നു അഭിമുഖം. ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായി 1000 പേരുടെ റിക്രൂട്ട്മെന്റെന്ന മികച്ച നേട്ടം ഈ വർഷം സാധ്യമാകുമെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുക്കപ്പെട്ടവർ ഗോയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമ്മൻ ഭാഷാ പരിശീലനത്തിൽ (ബി-1 വരെ) പങ്കെടുക്കേണ്ടതാണ്. ഒൻപതു മാസത്തോളം നീളുന്ന ഈ പരിശീലനം പൂർണമായും സൗജന്യമായിരിക്കും. ജർമ്മനിയിൽ നിയമനത്തിനുശേഷം ബി 2 ലെവൽ പരിശീലനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാൻസിൽ എ 2 അല്ലെങ്കിൽ ബി 1 പാസാവുന്നവർക്ക് 250 യൂറോ ബോണസിനും അർഹതയുണ്ട്. രജിസ്റ്റേർഡ് നഴ്സ് ആകുന്ന മുറയ്ക്ക് കുടുബാംഗങ്ങളേയും കൂടെ കൊണ്ട് പോകുവാനുളള അവസരമുണ്ട്. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ കേരള. കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.