വയോമധുരം; ഗ്ലൂക്കോമീറ്റർ വിതരണം ചെയ്തു

post

സാമൂഹ്യനീതി വകുപ്പിന്റെ വയോജനങ്ങൾക്കുള്ള വയോമധുരം പദ്ധതിയുടെ ഭാഗമായി ഗ്ലൂക്കോമീറ്ററുകൾ വിതരണം ചെയ്തു. ഗ്ലൂക്കോമീറ്ററുകളുടെയും സ്ട്രിപ്പുകളുടെയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ വയോജന കമ്മിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രത്‌നകുമാരി നിർവഹിച്ചു. പരിപാടിയിൽ 24 ഗ്ലൂക്കോമീറ്ററുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. ആദ്യമായി ഗ്ലൂക്കോമീറ്റർ ഉപയോഗിക്കുന്നവർക്കായി വയോമിത്രം കണ്ണൂർ കോർപറേഷൻ മെഡിക്കൽ ഓഫീസർ ഡോ സഹേൽ ഖാലിദ് പ്രവർത്തനക്രമം വിശദീകരിച്ചു. വയോജനങ്ങൾക്ക് വീട്ടിൽ നിന്ന് തന്നെ പ്രമേഹം പരിശോധിക്കാം എന്ന ലക്ഷ്യത്തോടെ 2018 ലാണ് സമൂഹ്യ നീതി വകുപ്പ് വയോമധുരം എന്ന പേരിൽ പദ്ധതി ആരംഭിച്ചത്. ബിപിഎൽ കാറ്റഗറിയിലുള്ള 60 വയസ്സിന് മുകളിലുള്ളവർക്കാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി ഗ്ലൂക്കോമീറ്ററും പരിശോധനയ്ക്കാവശ്യമായ സ്ട്രിപ്പുകളും സൗജന്യമായി വിതരണം ചെയ്യുന്നത്. വയോജന കൗൺസിൽ അംഗം ചാത്തൂട്ടി, ജില്ലാ വയോജന കമ്മിറ്റി അംഗം പ്രസന്നൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു, സാമൂഹ്യ നീതി വകുപ്പ് സീനിയർ സൂപ്രണ്ടും എൻ എം ബിഎ നോഡൽ ഓഫീസറുമായ പി കെ നാസ്സർ എന്നിവർ സംസാരിച്ചു.