സീനിയേഴ്‌സ് സെന്റര്‍ പദ്ധതിക്ക് ജൂണില്‍ തുടക്കമാകും

post

കൊല്ലം ജില്ലാ പഞ്ചായത്ത് വയോജനങ്ങള്‍ക്കായി ഗ്രന്ഥശാലകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന സീനിയേഴ്‌സ് സെന്റര്‍ പദ്ധതിയ്ക്ക് ജൂണില്‍ തുടക്കമാകുമെന്ന് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍. വെളിച്ചം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു.

ഗ്രാമീണ ഗ്രന്ഥശാലകള്‍ക്ക് ലാപ്‌ടോപ്പ്, പ്രൊജക്ടര്‍, സ്‌ക്രീന്‍ വിതരണം ചെയ്യുന്നതാണ് പദ്ധതി. തെരെഞ്ഞെടുക്കപ്പെട്ട 52 ഗ്രന്ഥശാലകള്‍ക്കാണ് ലഭ്യമാക്കിയത്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ലൈബ്രറി സംവിധാനം ഒരുക്കുന്ന ഗ്രന്ഥപുര പദ്ധതി ഈ സാമ്പത്തിക വര്‍ഷത്തോടെ പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രസിഡന്റ് പറഞ്ഞു. വയോജനങ്ങളെ ഗ്രന്ഥശാലകളിലെത്തിച്ച് മാനസിക ഉല്ലാസം, മെഡിക്കല്‍ ചെക്കപ്പ്, ലഘുഭക്ഷണം, വിശ്രമം, വിനോദം എന്നിവ ഒരുക്കി നല്‍കുന്ന സീനിയേഴ്‌സ് സെന്റര്‍ പദ്ധതിയും അടുത്ത മാസത്തോടെ നടപ്പിലാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. അനില്‍ എസ് കല്ലേലിഭാഗം, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജെ. നജീബത്ത്, വസന്താ രമേശ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആര്‍.രശ്മി, അഡ്വ. സി.പി സുധീഷ് കുമാര്‍, എസ്. സോമന്‍, ആശാ ദേവി, അഡ്വ. സുമാ ലാല്‍ സെക്രട്ടറി, സയൂജ.റ്റി.കെ, സൂപ്രണ്ടുമാരായ കബീര്‍ദാസ്.എ, സുനില്‍ കുമാര്‍.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.