ഇടുക്കി മെഡിക്കൽ കോളേജിൽ ഹാഫ് ബർത്ത്ഡേ വെൽനസ് ക്ലിനിക്ക് തുടങ്ങി

ആറ് മാസം പ്രായമുള്ള കുട്ടികൾക്കായി എല്ലാ മാസവും മൂന്നാമത്തെ ബുധനാഴ്ച ക്ലിനിക്ക് പ്രവർത്തിക്കും
ഇടുക്കി മെഡിക്കൽ കോളേജിൽ ഹാഫ് ബർത്ത്ഡേ വെൽനസ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. കുഞ്ഞുങ്ങളുടെ അരവയസിൽ ആരോഗ്യ പരിശോധനയും വളർച്ചയുടെ നിരീക്ഷണവും മാതാപിതാക്കളുമായി സജീവ ഇടപെടലും നടത്തി അവരെ ആരോഗ്യമുള്ളവരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കുട്ടിയുടെ ആദ്യ ആറ് മാസം അതീവ പ്രധാനമായതിനാൽ തുടർച്ചയായ ആരോഗ്യ പരിശോധനകൾ, വളർച്ചാ നിരീക്ഷണം, പോഷണ പരിശീലനങ്ങൾ, പ്രതിരോധ കുത്തിവയ്പ്പുകളെ കുറിച്ചുള്ള അറിവുകൾ, കുട്ടിയുടെ ഡെവലപ്മെന്റ് സ്ക്രീനിംഗ് എന്നിവ നൽകുന്നതിനായി ആവിഷ്കരിച്ചിട്ടുള്ളതാണ് ഹാഫ് ബർത്ത്ഡേ വെൽനസ് ക്ലിനിക്ക്. എല്ലാ മാസവും മൂന്നാമത്തെ ബുധനാഴ്ച പീഡിയാട്രിക് ഒ.പിയോട് ചേർന്ന് രാവിലെ 10 മണി മുതലാണ് ക്ലിനിക്കിന്റെ പ്രവർത്തനം.
ഔപചാരിക ഉദ്ഘാടനം ജില്ലാകളക്ടർ വി.വിഘ്നേശ്വരി നിർവഹിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. വന്ദന അധ്യക്ഷയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. സുരേഷ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ശിശുരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സജിനി വർഗീസ് പദ്ധതി വിശദീകരിച്ചു. ഗൈനക്കോളജി വകുപ്പ് മേധാവി ഡോ.ദീപാ മാത്യൂസ്, ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ്, ജില്ലാ ആശുപത്രി ആർ.എം.ഒ നവാസ് എന്നിവർ സംസാരിച്ചു.