വെള്ളിത്തിര ഇളക്കിമറിച്ച ക്ലാസിക് ഹിറ്റുകളുമായി എന്റെ കേരളം ഫിലിം ഫെസ്റ്റിവല്‍

ഒരിക്കല്‍ കൂടി തിയേറ്ററില്‍ കാണണമെന്ന് കൊതിക്കുന്ന പഴയ ക്ലാസിക്ക്, ഹിറ്റ് സിനിമകളുടെ പ്രദര്‍ശനം ഒരുക്കി എന്റെ കേരളം പ്രദര്‍ശന വിപണമേള. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ‘കൊട്ടകകളെ’ ഇളക്കിമറിച്ച ജനപ്രിയ സിനിമകള്‍ മുതല്‍ ലോകസിനിമക്ക് മലയാളം സമ്മാനിച്ച ക്ലാസിക് ചിത്രങ്ങള്‍ വരെയുള്ള വൈവിധ്യമാണ് എന്റെ കേരളത്തിലെ മിനി തീയറ്ററില്‍. ചെമ്മീന്‍, വൈശാലി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ചെറിയച്ചാന്റെ ക്രൂരകൃത്യങ്ങള്‍ പോലുള്ള മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ക്ലാസിക്കുകള്‍ മുതല്‍ പ്രാഞ്ചിയേട്ടന് ആന്റ് ദ സെയ്ന്റ് വരെയുള്ള സിനിമകളുമുണ്ട് പ്രദര്‍ശനപ്പട്ടികയില്‍.
സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷനാണ് മിനി തിയറ്റര്‍ ഒരുക്കിയത്. 21.5 അടി നീളവും 11.5 അടി ഉയരവുമുള്ള എല്‍ഇഡി സ്ക്രീനും അത്യാധുനിക സൗണ്ട് സിസ്റ്റവും മികച്ച സാങ്കേതിക വിദ്യകളുമായി നിര്‍മ്മിച്ച താല്‍ക്കാലിക മിനി തിയറ്ററില്‍ ഒരേ സമയം 70 പേര്‍ക്ക് സിനിമ കാണാം. ദിവസവും അഞ്ചു സിനിമകള്‍ വീതമാണ് പ്രദര്‍ശനം. 22 സിനിമകള്‍ ഇതുവരെ പ്രദര്‍ശിപ്പിച്ചു.