പലവ്യഞ്ജന കിറ്റ് വിതരണം വിഷുവിന് മുന്‍പ് പൂര്‍ത്തീകരിക്കും

post

തൃശൂര്‍ : കോവിഡ് 19 ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുള്‍പ്പെടെയുളളവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പലവ്യഞ്ജന കിറ്റുകളുടെ വിതരണം വിഷുവിന് മുമ്പ് പൂര്‍ത്തീകരിക്കുമെന്ന് ഗവ. ചീഫ് വിപ് അഡ്വ. കെ രാജന്‍ പറഞ്ഞു. തൃശൂര്‍ താലൂക്കില്‍ പലവ്യജ്ഞന കിറ്റുകള്‍ തയ്യാറാക്കുന്ന കുരിയച്ചിറയിലെ വെയര്‍ഹൗസ് ഗോഡൗണ്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗവ. ചീഫ് വിപ്. പട്ടികവര്‍ഗ്ഗകോളനികളിലേക്കുളള കിറ്റ് വിതരണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പരിപ്പ്, ചെറുപയര്‍, വെളിച്ചെണ്ണ, ആട്ട, റവ, പഞ്ചസാര, മുളക്പൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, കടുക്, സസ്യ എണ്ണ, സോപ്പ് തുടങ്ങി പതിനേഴിനങ്ങള്‍ അടങ്ങിയ കിറ്റാണ് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നത്. ജില്ലയിലെ എല്ലാ താലൂക്കിലും കിറ്റ് തയ്യാറാക്കല്‍ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 

യുവജനസന്നദ്ധ പ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളുമാണ് കിറ്റുകള്‍ ഒരുക്കുന്നത്. കുരിയച്ചിറ ഗോഡൗണില്‍ 130തിലേറെ പേരാണ് കിറ്റ് തയ്യാറാകുന്നത്. താലൂക്കിലേക്കാവശ്യമായ 15000 കിറ്റുകള്‍ 4 ദിവസത്തിനകം പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃശൂര്‍ താലൂക്കിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വിതരണം ചെയ്ത 12000 ഭക്ഷ്യധാന്യ കിറ്റുകള്‍ രണ്ട് ദിവസം കൊണ്ടാണ് ഇവിടെ നിന്നും തയ്യാറാക്കിയത്. കോവിഡ് പ്രതിരോധിക്കാനും പൊതുജനങ്ങളുടെ പട്ടിണിയകറ്റാനും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സജീവ പിന്തുണയാണ് സന്നദ്ധപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും സാമൂഹ്യ അകലവും ആരോഗ്യസുരക്ഷയും പാലിച്ച് കൊണ്ട് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്നും ചീഫ് വിപിനോടൊപ്പുമുണ്ടായിരുന്ന ജില്ലാ കളക്ടര്‍ എസ് ഷാനവാസ് പറഞ്ഞു.