ഇടുക്കിയിൽ അഞ്ച് റോഡുകൾ മുഖ്യമന്ത്രി മേയ് 16ന് ഉദ്ഘാടനം ചെയ്യും

സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനത്തെ നിർമ്മാണം പൂർത്തിയായ 51 റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ മേയ് 16ന് വൈകിട്ട് 4.30 ന് ഓൺലൈനായി നിർവഹിക്കും. ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ഇടുക്കിയിൽ അഞ്ച് റോഡുകൾ ഉദ്ഘാടനം ചെയ്യും.

ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ പെരിഞ്ചാംകുട്ടി - എഴുകുംവയൽ റോഡ്, തൊടുപുഴ നിയോജക മണ്ഡലത്തിൽ അർപ്പാമറ്റം - കരിമണ്ണൂർ റോഡ്, കാരിക്കോട് - വെള്ളിയാമറ്റം - പൂമാല റോഡ്, പീരുമേട് നിയോജക മണ്ഡലത്തിലെ കൂട്ടിക്കൽ-കൊക്കയാർ-35-ാം മൈൽ റോഡ്, 35-ാം മൈൽ-തെക്കേമല റോഡുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉടുമ്പൻചോല മണ്ഡലത്തിൽ എഴുംകുംവയൽ ജംഗഷ്നിൽ സംഘടിപ്പിക്കുന്ന ശിലാഫലക അനാച്ഛാദനവും, പ്രാദേശിക യോഗവും എം.എം മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പീരുമേട് മണ്ഡലത്തിൽ 35-ാം മൈൽ ജംഗ്ഷനിൽ നടക്കുന്ന പരിപാടിയിൽ വാഴൂർ സോമൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. തൊടുപുഴ നിയോജക മണ്ഡലത്തിലെ കലയന്താനി ജംക്ഷനിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ പി.ജെ ജോസഫ് എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീരണാംകുന്നേൽ, ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, പൊതുമരാ മത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.