ജനങ്ങള്‍ക്ക് ഉപകാരപ്രദമായി മൊബൈല്‍ പോസ്റ്റ് ഓഫീസ്

post

തൃശൂര്‍ : കോവിഡ് 19 പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് അത്യാവശ്യ പണമിടപാടുകള്‍ നടത്തുന്നതിനായി സൗകര്യമൊരുക്കുന്ന മൊബൈല്‍ പോസ്റ്റ് ഓഫീസ് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാവുന്നു. ഗുരുവായൂര്‍ സബ് ഡിവിഷന്‍ പോസ്റ്റോഫീസിന്റെ നേതൃത്വത്തിലാണ് മൊബൈല്‍ പോസ്റ്റോഫീസ്. പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, ഇന്‍ഷൂറന്‍സ് തുക നിക്ഷേപിക്കല്‍ എന്നിവ മൊബൈല്‍ പോസ്റ്റ് ഓഫീസിലൂടെ നടത്താനാവും. എടിഎമ്മുകളില്‍ പോകാതെ തന്നെ ജനങ്ങള്‍ക്ക് ഏറെ സുരക്ഷിതമായ രീതിയില്‍ പണമിടപാട് നടത്താം എന്നതാണ് ഇതിന്റെ പ്രധാന ഗുണം. മൊബൈല്‍ പോസ്റ്റ് ഓഫീസ് അണുവിമുക്തവുമാണ്.

കടവല്ലൂര്‍ പഞ്ചായത്തിലെ കരിക്കാട്, കാട്ടകാമ്പാല്‍ പഞ്ചായത്തിലെ പഴഞ്ഞി, കണ്ടാണശ്ശേരി പഞ്ചായത്തിലെ മറ്റം, പുഴയ്ക്കല്‍ ബ്ലോക്കിലെ ചിറ്റാട്ടുകര എന്നിവിടങ്ങളിലാണ് മൊബൈല്‍ പോസ്റ്റ് ഓഫീസിന്റെ സേവനം ലഭ്യമായത്. ഗുരുവായൂര്‍ സബ് ഡിവിഷണല്‍ ഇന്‍സ്‌പെക്ടര്‍ എ വി ഹരിപ്രസാദ്, മെയില്‍ ഓവര്‍സീയര്‍ വേണുഗോപാല്‍, പോസ്റ്റല്‍ അസിസ്റ്റന്റ് ബിനീഷ് കുമാര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ടി സി പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് മൊബൈല്‍ പോസ്റ്റോഫീസ് പ്രവര്‍ത്തിക്കുന്നത്.മൊബൈല്‍ പോസ്റ്റോഫീസ് പര്യടനം ഏപ്രില്‍ 13 വരെ ജില്ലയിലെ വിവിധ ഇടങ്ങളില്‍ നടത്തും. തൃശൂര്‍ മുഖ്യ പോസ്റ്റോഫീസ്, വടക്കാഞ്ചേരി സബ് ഡിവിഷന്‍ എന്നിവയും ഇത്തരം പ്രവര്‍ത്തനം നടത്തും. ഏപ്രില്‍ 10 ന് സേവനം ഉണ്ടാവില്ല.