ലഹരിക്കെതിരെ കൈകോര്‍ക്കണമെന്ന് കൊല്ലം ജില്ലാ വികസന സമിതി

ലഹരി ഉപയോഗത്തിനെതിരെ നിരന്തര ബോധവത്ക്കരണവും വ്യാപനം തടയിടുന്നതിന് സുശക്തമായ നടപടികളും സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ ജനപ്രതിനിധികളുടെ നിര്‍ദ്ദേശം. ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് മറുപടി നല്കി.
സ്കൂളുകളിലും കോളേജുകളിലും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ബോധവല്‍ക്കരണം നടത്തും. ചെറുപ്പക്കാരെയും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ക്യാമ്പയിനിന്റെ ഭാഗമാക്കും. ഭക്ഷ്യവസ്തുക്കളില്‍ മായംചേര്ക്കുന്നതിനെതിരെയും കര്‍ശന പരിശോധന നടത്തും. ബേക്കറികള്‍, വഴിയോരകടകള്‍, ചിപ്സ് ഉല്പാദന യൂണിറ്റ് തുടങ്ങിയവയില്‍ പരിശോധനനടത്തി സാമ്പിളുകള്‍ ശേഖരിക്കും. തദ്ദേശസ്ഥാപനങ്ങളും ആരോഗ്യ വിഭാഗവും സംയുക്തമായി പരിശോധന നടത്തുമെന്നും വ്യക്തമാക്കി. ജിംനേഷ്യങ്ങളിലും ബ്യൂട്ടിപാര്‍ലറുകളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്താനും നിര്‍ദ്ദേശം നല്കി.കച്ചിക്കടവ് പാലം, ഇരവിപുരം മേല്‍പ്പാലം, പള്ളിമുക്ക് മാര്‍ക്കറ്റ് നവീകരണം തുടങ്ങിയ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് എം നൗഷാദ് എം.എല്‍.എ നിര്‍ദേശിച്ചു. ചേനങ്കര മുക്ക്-പട്ടക്കടവ്-കാരാളിമുക്ക് വരെയുള്ള റോഡുകളിലെ അഗാധ ഗര്‍ത്തങ്ങള്‍ നികത്തി ഗതാഗതയോഗ്യമാക്കണമെന്നും ടൂറിസ്റ്റ് ബസുകളിലെ പരിശോധന കാര്യക്ഷമമാക്കണമെന്നും കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ ആവശ്യപ്പെട്ടു. പുതിയകാവ്-കാട്ടില്‍ക്കടവ് റോഡ്, തൊടിയൂര്‍ പഞ്ചായത്തിലെ ഷാപ്പുമുക്ക്-മാരാരിത്തോട്ടം റോഡ്നിര്‍മ്മാണം ഉടനെ പൂര്‍ത്തിയാക്കണമെന്നായിരുന്നു സി ആര് മഹേഷ് എം.എല്‍.എയുടെ ആവശ്യം.
ആവണീശ്വരം മേല്‍പ്പാലം നിര്‍മ്മാണത്തിനായുള്ള ഭൂമി ഏറ്റെടുപ്പ് നടപടി വേഗത്തിലാക്കണം, പുനലൂര്‍ മെമു ട്രെയിനിലെ ബോഗികള്‍ വര്‍ദ്ധിപ്പിക്കണം, അപകടങ്ങള്‍ സ്ഥിരമാകുന്ന സാഹചര്യത്തില്‍ പത്തനാപുരം-പുനലൂര്‍ റോഡില്‍ ശാസ്ത്രീയപഠനം നടത്തി സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മന്ത്രി കെ. ബി ഗണേഷ് കുമാറിന്റെ പ്രതിനിധി സജിമോന്‍ പറഞ്ഞു.
കൊട്ടിയം ജംഗ്ഷനിലെ ഗതാഗത തടസ്സം പരിഹരിക്കുന്നത് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു. എം.സി റോഡിലെ അനധികൃത കയ്യേറ്റത്തിനെതിരെ നടപടി സ്വീകരിക്കുക, കൊല്ലം കെ.എസ്.ആര്.ടി.സി ബസ്റ്റാന്‍ഡ് പ്രവര്‍ത്തനം താല്‍ക്കാലികമായി പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ എന്‍ കെ പ്രേമചന്ദ്രന് എം.പിയുടെ പ്രതിനിധി കെ എസ് വേണുഗോപാല്‍ ഉന്നയിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന പൊന്തുവെള്ളം, കട്ടവള്ളം രീതിയിലുള്ള മത്സ്യബന്ധനം നിരോധിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കെ സി വേണുഗോപാല്‍ എം.പിയുടെ പ്രതിനിധി തൊടിയൂര്‍ രാമചന്ദ്രന് ആവശ്യപ്പെട്ടു.
കുണ്ടറ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ് നിര്‍മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുക, കുണ്ടറ-ചിറ്റുമല- മണ്‍റോതുരുത്ത് റോഡിലെ നവീകരണം പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പി. സി വിഷ്ണുനാഥ് എം.എല്‍.എയുടെ പ്രതിനിധി മുന്നോട്ട് വച്ചു.യോഗത്തിനു മുന്നോടിയായി കാശ്മീരിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടിലും യോഗം അനുശോചനം രേഖപ്പെടുത്തി.