പ്രസിഡന്‍സ് ട്രോഫി ജലോത്സവം: വിളംബരമായി ഒരുക്കിയ വടംവലിയില്‍ ആവേശം

post

കൊല്ലം: പ്രസിഡന്‍സ് ട്രോഫി ജലോത്സവത്തിന്റെ ആവേശം പകര്‍ന്ന് വടംവലി. ആശ്രാമം മൈതാനത്താണ് വാശിയേറിയ വടംവലി മത്സരം നടന്നത്. ആദ്യമത്സരത്തില്‍ പ്രസ് ക്ലബ് സെക്രട്ടറി ജി ബിജു നയിച്ച മാധ്യമപ്രവര്‍ത്തകരുടെ ടീമിനെ പരാജയപ്പെടുത്തി സംഘാടക സമിതിക്ക് വേണ്ടി ഡോ കെ രാമഭദ്രന്‍ നയിച്ച ടീം ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് വിജയിച്ചു.

രണ്ടാം മത്സരത്തില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നയിച്ച ടീം ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്ക് എം നൗഷാദ് എം എല്‍ എ നയിച്ച ടീമിനെ തോല്‍പ്പിച്ചു.

വനിതകളുടെ മത്സരത്തില്‍ ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് നയിച്ച  ടീം ഏകപക്ഷീയമായ രണ്ടു സെറ്റുകള്‍ക്ക് സംഘാടക സമിതിക്കുവേണ്ടി ഷാഹിദ ലിയാഖത് നയിച്ച ടീമിനോട് പരാജയപ്പെട്ടു.

വാശിയോടെ നടന്ന അവസാന മത്സരത്തില്‍ ഓരോ സെറ്റ് വീതം നേടിയ കേരള പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവരെ സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. മോശം കാലാവസ്ഥയില്‍ മത്സരം അവസാനിപ്പിക്കേണ്ട സാഹചര്യത്തിലായിരുന്നു തീരുമാനം.