മുണ്ടക്കൈ- ചൂരൽമല: ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു

post

മൂന്ന് വീടുകളുടെ പ്ലോട്ടിങ് കഴിഞ്ഞു, ഒരു വീടിന്റെ ഫൗണ്ടേഷൻ പണി പൂർത്തിയായി

മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമിയില്‍ മാതൃകാ വീടിൻ്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. ടൗൺഷിപ്പ് നിർമ്മാണം നവംബറിനകം പൂർത്തിയാക്കും. 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയില്‍ ക്ലസ്റ്ററുകളായാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. ശുചിമുറിയോട് ചേര്‍ന്നുള്ള പ്രധാന മുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് ഉള്‍പ്പെടുന്നത്. പ്രകൃതി ദുരന്തങ്ങള്‍ പ്രതിരോധിക്കും വിധമാണ് ടൗണ്‍ഷിപ്പിലെ വീടുകള്‍ രൂപകല്‍പ്പന ചെയ്തത്.

സർവേ പൂർത്തിയാക്കിയ പോയിന്റുകൾ കിഫ്‌കോൺ അധികൃതർ പരിശോധിച്ചു. മൂന്ന് വീടുകളുടെ പ്ലോട്ടിങ് കഴിഞ്ഞു. നാല് ഖനന യന്ത്രങ്ങൾ ഉപയോഗിച്ചാണ് പ്ലോട്ടുകളായി തിരിക്കുന്നത്. നിലവിൽ ഒരു വീടിന്റെ ഫൗണ്ടേഷൻ പണികൾ പൂർത്തിയായി. 40 തൊഴിലാളികളാണ് നിർമ്മാണ പ്രവൃത്തികളിൽ ഏർപ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം കെട്ടിടം നിർമാണ പ്രവൃത്തികളും തുടങ്ങി.

ടൗൺഷിപ്പിലേക്കുള്ള റോഡിനായി അനുമതി ലഭിച്ചാൽ ഉടൻ പ്രവൃത്തി ആരംഭിക്കുമെന്നും റോഡിനായുള്ള മാർക്കിംഗ് നടത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.