ഏരൂരിനെ മാലിന്യമുക്ത പഞ്ചായത്ത് നേട്ടത്തിലേക്ക് നയിച്ച് ഹരിതകര്‍മസേന

post

ഏരൂര്‍ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്ത് നേട്ടത്തിലേക്ക് നയിച്ച് കുടുംബശ്രീ ഹരിതകര്‍മസേന. മാലിന്യ ശേഖരണവും സംസ്‌കരണവും കാര്യക്ഷമമാക്കുന്നതിനായി പഞ്ചായത്തുമായും കുടുംബശ്രീ സി.ഡി.എസുമായും കൈകോര്‍ത്ത് നടത്തിയ പ്രവര്‍ത്തനങ്ങളാണ് നേട്ടത്തിനിടയാക്കിയത്. 19 വാര്‍ഡുകളിലായി കുടുംബശ്രീ സി.ഡി.എസിന്റെ പരിധിയില്‍ 36 ഹരിതകര്‍മസേനാംഗങ്ങളാണ് മാലിന്യ ശേഖരണത്തിനുള്ളത്.

വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഹരിതകര്‍മസേനയുടെ സേവനം ലഭിക്കുന്നു. പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തി മാലിന്യശേഖരണം കാര്യക്ഷമമാക്കുന്നതിന് ഹരിതമിത്രം ആപ്ലിക്കേഷനുമുണ്ട്. ഏഴ് മാസമായി നൂറു ശതമാനം യൂസര്‍ഫീ കളക്ഷന്‍ നേടാനുമാകുന്നുണ്ട്.

അംഗങ്ങള്‍ക്ക് അധികവരുമാനം ലക്ഷ്യമിട്ടുള്ളസംരംഭങ്ങളും നടത്തുന്നുണ്ട്. മാലിന്യത്തില്‍നിന്ന് വളംനിര്‍മിക്കാന്‍ ആവശ്യമായ ഇനോക്കുലം ഇങ്ങനെയാണ് ശ്രദ്ധേയമായത്. ഗ്രീന്‍ ഇവന്റ് എന്ന പേരില്‍ സ്റ്റീല്‍ പാത്രങ്ങള്‍, ഗ്ലാസുകള്‍, കപ്പുകള്‍ എന്നിവ വാടകയ്ക്ക് നല്‍കുന്നുമുണ്ട്. പൊതുപരിപാടികള്‍ക്ക് ഹരിതചട്ടം പാലിക്കാനും പൊതു ഇടങ്ങള്‍ പ്ലാസ്റ്റിക് മുക്തമാക്കാനും സഹായകമാണിത്.