ഇടുക്കി നിയോജകമണ്ഡലത്തിൽ പട്ടയ അസംബ്ലി ചേർന്നു

സംസ്ഥാന പട്ടയമിഷന്റെ ഭാഗമായി ഓരോ നിയോജകമണ്ഡലത്തിലേയും പട്ടയപ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനായി രൂപീകരിച്ചിട്ടുളള പട്ടയ അസംബ്ലി ഇടുക്കി മണ്ഡലത്തിൽ സംഘടിപ്പിച്ചു. തടിയമ്പാട് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച യോഗം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് ഉദ്ഘാടനം ചെയ്തു. പട്ടയ പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്ന് അസംബ്ലിക്ക് നേതൃത്വം നൽകിയ ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് പറഞ്ഞു.
പെരിയാർ പുഴയുടെ പുറമ്പോക്കിൽപ്പെട്ട ആളുകൾക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. 1964 ൽ ചുരുളി ഭാഗത്ത് നിന്നും മണിയാറാംകുടിയിൽ കുടിയിരുത്തിയ ആളുകൾ ഉൾപ്പെടെയുള്ളവർക്കും പട്ടയം ലഭിക്കാനുണ്ട്. ആദിവാസി ഭൂമിയിൽ താമസിക്കുന്നവർക്ക് പട്ടയം നൽകുന്നതിനുള്ള സാങ്കേതിക തടസം പരിഹരിക്കുക തുടങ്ങിയ വിഷയങ്ങൾ അസംബ്ലിയിൽ ചർച്ച ചെയ്തു. മണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ സിജി ചാക്കോ അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം രാജു ജോസഫ്, ഇടുക്കി തഹസിൽദാർ സി.ആർ ഷനോജ് കുമാർ, കട്ടപ്പന, മുരിക്കാശ്ശേരി, ഇടുക്കി സ്പെഷ്യൽ തഹസിൽദാർമാർ, ഇടുക്കി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർമാർ, ഇടുക്കി താലൂക്കിനു കീഴിലെ വില്ലേജ് ഓഫീസർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.