വാഗമൺ ഇന്റർനാഷണൽ ആക്കുറസി കപ്പ് മാർച്ച് 19 മുതൽ 23 വരെ

post

സമാപന സമ്മേളനം 22 ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

വാഗമൺ അന്താരാഷ്ട്ര ടോപ് ലാൻഡിംഗ് ആക്കുറസി കപ്പ് മാർച്ച് 19 മുതൽ 23 വരെ വാഗമൺ അഡ്വഞ്ചർ പാർക്കിൽ നടക്കും. സമാപന സമ്മേളനം മാർച്ച് 22ന് ഉച്ചക്ക് 12 ന് പൊതുമരാമത്ത് - വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വാഗമൺ ഇന്റർനാഷണൽ കപ്പിൽ വിജയികളായവർക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിക്കും.

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയും അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് സംഘടനയുടെയും ഏറോ ക്ലബ് ഓഫ് ഇന്ത്യയുടെയും സാങ്കേതിക സഹായത്തോടെയുമാണ് വാഗമൺ ഇന്റർനാഷണൽ ടോപ് ലാൻഡിംഗ് ആക്കുറസി കപ്പ് സംഘടിപ്പിക്കുന്നത്. 75 മത്സരാർത്ഥികളും നാല്പതിലധികം വിദേശ ഗ്ലൈഡറുകളും പങ്കെടുക്കും.

അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിൽ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, യുഎസ്, യുകെ, നേപ്പാൾ, ബെൽജിയം, സ്പെയിൻ, സ്വിറ്റ്സർലൻഡ്, തുർക്കി, ബ്രസീൽ, ജോർജിയ, മലേഷ്യ, തായ്ലൻഡ്, ഭൂട്ടാൻ, പെറു, ചെക്ക് റിപ്പബ്ലിക്, നോർവേ, സ്വീഡൻ, കാനഡ, ഡെൻമാർക്ക് എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ മത്സരാർത്ഥികളും ഡൽഹി, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഡൽഹി, ഗോവ, സിക്കിം, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ആഭ്യന്തര മത്സരാർത്ഥികളും പങ്കെടുക്കും.

മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നയാൾക്ക് 1,50,000 രൂപയും, രണ്ടാം സ്ഥാനത്തിന് 1,00,000 രൂപയും, മൂന്നാം സ്ഥാനത്തിന് 50,000 രൂപയുമാണ് സമ്മാനമായി ലഭിക്കുക.

വാഴൂർ സോമൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം പി, എം.എൽ.എമാരായ എം.എം മണി, പി ജെ ജോസഫ്, എ.രാജ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.വി ജോസഫ്, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തോമസ്, ത്രിതല പഞ്ചായത്തംഗങ്ങളായ കെ.ടി ബിനു, ആശ ആന്റണി, ശ്രുതി പ്രദീപ്, സിനി വിനോദ്, ടൂറിസം വകുപ്പ് റീജിയണൽ ജോയിന്റ് ഡയറക്ടർ ജി. എൽ. രാജീവ്, ജില്ലാ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ഷൈൻ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജിതീഷ് ജോസ് തുടങ്ങിയവർ പങ്കെടുക്കും.