മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: രണ്ടാംഘട്ട 2-എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പട്ടികയിൽ 87 ഗുണഭോക്താക്കൾ
മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് പുനരധിവാസത്തിന് അർഹരായ ഗുണഭോക്താക്കളുടെ രണ്ടാംഘട്ട 2-എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ ലിസ്റ്റിൽ 87 ഗുണഭോക്താക്കളാണ് ഉൾപ്പെട്ടത്. രണ്ടാംഘട്ട കരട് 2-എ ലിസ്റ്റിലുൾപ്പെട്ട 81 ഗുണഭോക്താക്കളും കരട് പട്ടിക പ്രകാരം ലഭിച്ച അപേക്ഷകളിലും ആക്ഷേപങ്ങളിലും ഗുണഭോക്തൃ പട്ടികയിലേക്ക് തെരഞ്ഞെടുക്കാനുള്ള മാനദണ്ഡ പ്രകാരം കണ്ടെത്തിയ ആറ് പേരെ ഉൾപ്പെടുത്തി തയ്യാറാക്കിയ അന്തിമ പട്ടികയിലാണ് 87 ഗുണഭോക്താക്കളുള്ളത്. ദുരന്ത പ്രദേശത്ത് വിദഗ്ധ സമിതി രേഖപ്പെടുത്തിയ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിൽ സ്ഥല പരിശോധന നടത്തിയാണ് 81 പേരുൾപ്പെട്ട കരട് 2-എ ലിസ്റ്റ് തയ്യാറാക്കിയത്. കളക്ടറേറ്റ്, മാനന്തവാടി സബ് കളക്ടറുടെ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്തിലും ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും വെബ്‌സൈറ്റുകളിലും പൊതുജനങ്ങൾക്ക് അന്തിമ പട്ടിക പരിശോധിക്കാം. അന്തിമ പട്ടികയിൽ ആക്ഷേപം, പരാതി ഉള്ളവർക്ക് ദുരന്ത നിവാരണ (എ) വകുപ്പിൽ നൽകാമെന്ന് ജില്ലാ ദുരന്ത നിവാരണ വിഭാഗം ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.