വിവിധ ഉല്പന്നങ്ങളും സേവനങ്ങളും ഒരു കുടക്കീഴിലൊരുക്കി കൊല്ലം @ 75 പ്രദർശനമേള

post

നിത്യോപയോഗിക്കുന്ന സാധനങ്ങൾ മുതൽ ചിരട്ട കൊണ്ടുള്ള കരകൗശല ഉത്പ്പന്നങ്ങൾ, അലങ്കാര വസ്തുക്കൾ, സൗജന്യ ആരോ​ഗ്യ പരിശോധന, സർക്കാർ സേവനങ്ങൾ എല്ലാം ഒരു കുടക്കീഴിൽ. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആശ്രാമം മൈതാനിയിൽ സംഘടിപ്പിക്കുന്ന കൊല്ലം @ 75 പ്രദർശന വിപണന മേളയിൽ സന്ദർശകർക്കായി വ്യവസായ വകുപ്പ്, കുടുംബശ്രീ, സഹകരണ വകുപ്പുകൾ മിതമായ നിരക്കിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് വിപണനത്തിന് സജ്ജമാക്കിയിരിക്കുന്നത്.

നൂറോളം സ്റ്റാളുകളിലായി 70 ലധികം ഉല്പന്നങ്ങളാണ് വിൽപ്പനക്കായുള്ളത്. മുളപ്പിച്ച തൈ ഇനങ്ങൾ, കറി പൗഡറുകൾ, ചക്ക വിഭവങ്ങൾ, ഭക്ഷ്യോല്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, എന്നിവ മേളയിൽ ലഭിക്കും. കുടുംബശ്രീയുടെയുടെ ബ്രാൻഡഡ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ധാന്യപ്പൊടികൾ, മൂല്യവർധിത ഉൽപന്നങ്ങൾ, മേളയുടെ ആകർഷണങ്ങളിൽ ഒന്നാണ്. ആനക്കൊമ്പ്, മുള, പനയോല, തടി, ചിരട്ട, കളിമണ്ണ്, കയർ, ലോഹങ്ങൾ, വൈക്കോൽ തുടങ്ങിയവ ഉപയോഗിച്ച് അതിമനോഹരങ്ങളായ അലങ്കാര വസ്തുക്കളും കുടിൽവ്യവസായ സംരംഭകർ വിപണനത്തിന് എത്തിച്ചിട്ടുണ്ട്. പ്രമേഹക്കാർക്കുള്ള മില്ലറ്റ് കഞ്ഞിക്കുട്ട്, തേൻ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ, തേനീച്ച കൃഷിക്ക് ആവശ്യമായ ഉപകരണങ്ങൾ, എൽ.ഇ.ഡി ബൾബുകൾ തുടങ്ങിയവയും മേളയിൽ ഇടം പിടിച്ചിട്ടുണ്ട്. നീതി സ്റ്റോറുകളിൽ നിന്ന് നിത്യുപയോഗ സാധനങ്ങളും മിതമായ വിലയിൽ ലഭിക്കുന്നതാണ്. സ്റ്റോളുകളിൽ എത്തുന്നവർക്ക് തൽസമയം മൺപാത്ര നിർമ്മാണം കാണാനും അടുത്തറിയാനും ഉള്ള അവസരവും സംരംഭകർ ഒരുക്കിയിട്ടുണ്ട്.

പുത്തൻ മാലിന്യനിർമാർജന മാതൃകകൾ, ഗ്രീൻ ക്രെഡിറ്റ് സബ്‌സിഡി നൽകി ശുചിത്വ മിഷൻ

കൊല്ലം @75 പ്രദർശന വിപണന മേളയിൽ ജൈവമാലിന്യങ്ങളുടെയും ഖരമാലിന്യങ്ങളുടെയും ശാസ്ത്രീയ സംസ്‌കരണവും റിന്യൂബിൾ എനർജി ഉൽപാദനവും നേരിട്ടറിയാൻ അവസരം. ശുചിത്വ മിഷന്റെ സ്റ്റാളിലാണ് ദ്രവമാലിന്യങ്ങളുടെ സംസ്‌കരണം വഴി റിന്യൂവബിൾ എനർജി ഉല്പാദിപ്പിക്കാൻ കഴിയുന്ന ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. വീടിനുള്ളിൽ തന്നെ മാലിന്യം ശരിയായ രീതിയിൽ ബയോഗ്യാസ് പ്ലാന്റിലൂടെ സംസ്‌കരണം നടത്തിയ ശേഷം ലഭ്യമാകുന്ന ഊർജ്ജം ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ടർബോ ബയോഗ്യാസ് പ്ലാന്റ് ഇവിടെ വ്യക്തമാകും. കൊതുകിന്റെ ശല്യമോ ദുർഗന്ധമോ ഉണ്ടാവില്ല. അടുക്കള മാലിന്യത്തെ ഊർജ്ജമാക്കി മാറ്റി പാചകത്തിന് ഉപയോഗിക്കാൻ കഴിയുന്നതിനോടൊപ്പം ഓർഗാനിക് ഫെർട്ടിലൈസർ കൃഷിക്ക് വളമായി ഉപയോഗിക്കാനും കഴിയും. ഈ ടർബോ ബയോഗ്യാസ് പ്ലാന്റ് സ്റ്റാൾ സന്ദർശിച്ചതിനു ശേഷം വീടുകളിൽ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ശുചിത്വ മിഷൻ 4000 ത്തോളം രൂപ ഗ്രീൻ ക്രെഡിറ്റ് സബ്‌സിഡി നൽകുന്നുണ്ട്. കൂടാതെ ഖരമാലിന്യങ്ങളുടെ സംസ്‌കരണത്തിനുള്ള കമ്പോസ്റ്റർ ഗാർഡൻ വേസ്റ്റ് പ്ലാന്റിനെയും കുറിച്ചറിയാം. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് 10000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്നും അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ച അവബോധമാണ് ശുചിത്വ മിഷന്റെ സ്റ്റോളിലൂടെ മനസിലാക്കി തരുന്നത്.

സംരംഭകർക്കുള്ള സേവനങ്ങൾ സൗജന്യമായി നൽകി വ്യവസായ വാണിജ്യ വകുപ്പ്

സംരംഭകർക്ക് ഇനി ലൈസൻസിനും, ലോണിനും മറ്റ് ആനുകൂല്യങ്ങൾക്കുമായി ഓഫീസുകൾ കേറി ഇറങ്ങേണ്ട. കൊല്ലം @ 75 പ്രദർശന വിപണന മേളയിൽ സംരംഭകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും സൗജന്യമായി വ്യവസായ വകുപ്പിന്റെ സ്റ്റാളിൽ ലഭിക്കും. കെ സ്വിഫ്റ്റിലൂടെ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ഓൺലൈൻ അനുമതി, ഉദ്യം രജിസ്ട്രേഷൻ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് കരസ്ഥമാക്കാനും സംരംഭകർക്ക് അവസരം ഒരുക്കിയിട്ടുണ്ട്. പുതുതായി സംരംഭങ്ങൾ ആരംഭിക്കാനും, വിപുലീകരിക്കാനും, വൈവിധ്യവത്ക്കരിക്കുന്നതിനും ആവശ്യമായ സാമ്പിൾ പ്രോജക്ട് റിപ്പോർട്ടും സൗജന്യമായാണ് സംരംഭകർക്ക് മേളയിൽ നിന്ന് ലഭ്യമാകുന്നത്. സാങ്കേതിക വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരുടെ സേവനവും ഉണ്ടാകും. സംരംഭകർക്കായി സർക്കാർ ആവിഷ്‌കരിച്ച പദ്ധതികളും മറ്റു വിശദീകരണങ്ങളും അടങ്ങുന്ന കൈപ്പുസ്തകം സ്റ്റാളിൽ നിന്ന് സൗജന്യമായി ലഭിക്കും. സേവനങ്ങൾ എല്ലാം ഞൊടിയിടയിൽ ലഭിച്ച സന്തോഷത്തിൽ സംരംഭകർക്ക് ഇവിടെനിന്ന് മടങ്ങാം.


വ്യത്യസ്ത ഫാം ഉൽപ്പന്നങ്ങൾ ആശ്രാമത്ത്

കുരിയോട്ടുമല, തോട്ടത്തറ, കുരീപ്പുഴ ഫാമുകളിലെ വ്യത്യസ്ത ഉൽപ്പന്നങ്ങൾ ആശ്രാമത്ത്. 800 ഓളം പശുക്കൾ ഉള്ള കുരിയോട്ടുമല ഫാമിലെ പാലും പാലുൽപന്നങ്ങളുമാണ് സ്റ്റോളിലെ പ്രധാന പ്രദർശനം. കുരിയോട്ടുമല സർക്കാർ ഹൈടെക് ഡയറി ഫാം ഉൽപ്പന്നങ്ങളായ പശുവിൻ പാൽ, ആട്ടിൻ പാൽ, നെയ്യ്, പനീർ, തൈര്, കാടമുട്ട, കോഴി മുട്ട, ഒട്ടകപക്ഷി മുട്ട, ആട്ടിൻ കുട്ടികൾ, കാള കുട്ടികൾ, മുയൽ കുട്ടികൾ തുടങ്ങിയ ഉൽപ്പന്നങ്ങളിൽ പ്രദർശന വിധേയമായവ വിപണനത്തിനുണ്ട്. കൂടാതെ ചാണകപ്പൊടി, ട്രൈക്കോഡർമ എന്റിച്ച്ഡ് ചാണകപ്പൊടി, ആട്ടിൻ വളം, വെർമി വാഷ്, മണ്ണിര കമ്പോസ്റ്റ്, വെച്ചൂർ ഗോമൂത്രം തുടങ്ങിയ ഫാമിൽ നിർമ്മിച്ച ജൈവവളങ്ങളും ലഭ്യമാണ്. കുരിയോട്ടുമല ഫാമിലെ കാർഷിക വിഭാഗത്തിന്റെ ഭാഗമായുള്ള ഇൻഡോർ ഔട്ട്‌ഡോർ സസ്യങ്ങളും വ്യത്യസ്തയിനം അലങ്കാര മത്സ്യങ്ങളും പ്രധാനമായി ഗപ്പിയുടെ ഹൈബ്രിഡുകളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കുരിയോട്ടുമല കൂടാതെ തോട്ടത്തറ ഹാച്ചറി കോംപ്ലക്‌സിന്റെ ഉൽപ്പന്നങ്ങളും കുരീപ്പുഴയിലെ ടർക്കി ഫാമിലെ വിവരങ്ങളും സ്റ്റോളിൽ ലഭ്യമാണ്. ഫാമിൽ ഉപയോഗിക്കുന്ന കൂടുകളും ഉപകരണങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.