സൗജന്യ സേവനങ്ങളും വിസ്മയ കാഴ്ചകളുമായി കൊല്ലം @ 75 മേള

പ്രദർശനം മാർച്ച് 10 വരെ; പ്രവേശനം സൗജന്യം
പൊതുജനങ്ങൾക്ക് സൗജന്യ സേവനങ്ങളും വിസ്മയ കാഴ്ചകളും ഒരുക്കി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആശ്രാമം മൈതാനത്തു നടക്കുന്ന കൊല്ലം @ 75 പ്രദർശന വിപണന മേള മാർച്ച് 10 വരെ. പുതിയ ആധാർ, 10 വർഷം കഴിഞ്ഞ ആധാർ പുതുക്കൽ, ആധാർ ഫോട്ടോ മാറ്റൽ, തിരുത്തൽ എന്നിങ്ങനെ ആധാർ സംബന്ധമായ സേവനങ്ങൾ, ജലത്തിന്റെ സൗജന്യ ഗുണനിലവാര പരിശോധന, ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം കണ്ടെത്താനുള്ള സൗജന്യ പരിശോധനകൾ, സൗജന്യമായി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം, സംരംഭകർക്ക് വേണ്ട ലൈൻസസുകൾ, വ്യവസായ അനുമതികൾ എന്നിവ സൗജന്യമായി നൽകൽ തുടങ്ങി വൻ ഓഫറുകളുള്ള പുസ്തകമേള വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്.
കൊല്ലത്തിന്റെ പഴമയും പെരുമയും പുതുമയും കൺമുന്നിൽ നിറയുന്ന കാഴ്ചകളുമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ തീം സ്റ്റാളാണ് സന്ദർശകരെ വരവേൽക്കുന്നത്. ആധാർ ബയോമെട്രിക് അപ്ഡേറ്റിങ്, ഡെമോഗ്രാഫിക് അപ്ഡേറ്റിങ്, കുട്ടികളുടെ ആധാർ എന്റോൾമെന്റ്, അഞ്ചിനും 15 വയസിലും നിർബന്ധിതമായി നടത്തേണ്ട ബയോമെട്രിക് അപ്ഡേറ്റ് എന്നിവ സൗജന്യമായി രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ അക്ഷയ സ്റ്റാളുകളിൽ ലഭിക്കും. എ. ഐ പവർ ടൂളുകൾ ഉപയോഗിച്ച് സന്ദർശകർക്ക് തത്സമയ, സംവേദനാത്മക അനുഭവങ്ങൾ നൽകുന്ന സ്റ്റാർട്ടപ്പ് മിഷൻ സ്റ്റാളുകൾ സന്ദർശകർക്ക് വിസ്മയകരമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. കാലാവസ്ഥ വ്യതിയാനം, മണ്ണ് സംരക്ഷണം, ഹരിതകേരളം മിഷൻ പ്രവർത്തനങ്ങൾ, ശുചിത്വ മാലിന്യസംസ്കരണം, സാധ്യതകൾ വെല്ലുവിളികൾ, പൊതുമരാമത്ത് വകുപ്പിന്റെ മാതൃകകൾ തുടങ്ങിയവും സജ്ജീകരിച്ചിട്ടുണ്ട്.
സർക്കാർ സേവനങ്ങൾക്ക് പുറമെ വ്യവസായവകുപ്പ്, കുടുംബശ്രീ, സഹകരണം, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ വിവിധ ഉത്പ്പന്നങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്ന വിപണന സ്റ്റാളുകളും പ്രദർശന നഗരിയിലുണ്ട്. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന സാധനങ്ങൾ മുതൽ ചിരട്ട കൊണ്ടുള്ള കരകൗശല ഉത്പ്പന്നങ്ങൾ, അലങ്കാര വസ്തുക്കൾ, കൈത്തറി, നെയ്ത്ത് വസ്ത്രങ്ങൾ, ഭക്ഷ്യവിഭവങ്ങൾ, ചക്ക വിഭവങ്ങൾ, പഴയക്കാല മധുര പലഹാരങ്ങൾ, മധുര പാനീയങ്ങൾ, മുള കൊണ്ടുണ്ടാക്കിയ കരകൗശല വസ്തുകൾ, തേൻ ഉത്പ്പന്നങ്ങൾ, മ്യൂറൽ പെയിന്റിങുങ്ങൾ, മുളയിൽ തീർത്ത കൊത്തുപണികൾ, കൃഷിവകുപ്പിന്റെ കാർഷിക വിപണന മേള- സന്ദർശകർക്ക് ഒരു കുടകീഴിൽ എല്ലാം ലഭ്യമാവുന്ന തരത്തിലാണ് പവലിയൻ ഒരുക്കിയിട്ടുള്ളത്. മേളയോടനുബന്ധിച്ച് വൈകിട്ട് തേക്കിൻകാട് ആന്റ് ആട്ടം ബാന്റിന്റെ മ്യൂസിക് ഫ്യൂഷൻ അരങ്ങേറി.
മേളയിൽ നാളെ (മാര്‍ച്ച് 6)
കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് മാർച്ച് ആറ് വൈകുന്നേരം 5 മണിക്ക് ആശ്രാമം മൈതാനത്തില്‍ കവിയരങ്ങ് നടക്കും. ശാന്തന്,സുമേഷ് കൃഷ്ണന്,ചവറ കെ. എസ്. പിള്ള, പെരുമ്പുഴ ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് 6.30 ന് ഗായകന് അലോഷിയും സംഘവും ഒരുക്കുന്ന സംഗീതവിരുന്ന് നടക്കും.
സൗജന്യമായി വോട്ടർ പട്ടികയിൽ ഇടം നേടാൻ അവസരം
കൊല്ലം @ 75 പ്രദർശന വിപണന മേളയിയിൽ സൗജന്യമായി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം ഒരുക്കി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം. സന്ദർശകരായി എത്തുന്ന 17 വയസ് കഴിഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനാവുംവിധമാണ് സജ്ജീകരണങ്ങൾ നടത്തിയിട്ടുള്ളത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യകാല തിരഞ്ഞെടുപ്പ് ചിത്രങ്ങൾ മുതൽ കോവിഡ് 19 കാലത്തെ തിരഞ്ഞെടുപ്പ് ചിത്രങ്ങൾ വരെ ഉൾക്കൊള്ളിച്ച ഫോട്ടോ ഗാലറിയാണ് സ്റ്റാളിന്റെ മറ്റൊരാകർഷണം.
പാൽ ഉല്പന്നങ്ങളുമായി ക്ഷീരകർഷക വികസന വകുപ്പ്
വിവിധയിനം പാലുൽപന്നങ്ങൾ, കാലിത്തീറ്റകൾ, പാലിന്റെ മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ എന്നിവ കാണാനും അടുത്തറിയാനുള്ള അവസരമൊരുക്കി ക്ഷീരവികസന വകുപ്പ്. പാലിനെ എങ്ങനെ മൂല്യ വർധിത ഉൽപ്പന്നമാക്കി മാറ്റാം എന്നതിന്റെ ബോധവൽക്കരണവും നൽകുന്നുണ്ട്.
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നവനീതം പദ്ധതി പ്രകാരം തട്ടാർകോണം ക്ഷീര സംഘങ്ങൾക്ക് മൂല്യ വർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കാനുള്ള ഉപകരണങ്ങൾ നൽകിയതിന്റെ ഭാഗമായി തയ്യാറാക്കിയ പാലുല്പന്നങ്ങളുടെ വിപണനവും സംഘടിപ്പിച്ചിട്ടുണ്ട്. പശുക്കളുടെ ആരോഗ്യ സംരക്ഷണത്തിന് നിർബന്ധമായി കൊടുത്തിരിക്കേണ്ട തീറ്റപ്പുല്ല് ഇനങ്ങളും ക്ഷീരകർഷകർക്കായി സജ്ജീകരിച്ചിട്ടുണ്ട്.
ആശ്രാമത്ത് ഫ്രീയായി ബാസ്ക്കറ്റ് ബോൾ കളിക്കാം
കുട്ടികളിലും മുതിർന്നവരിലും കായിക താൽപര്യം വളർത്തുകയെന്ന ലക്ഷ്യത്തോടെ കായിക വികസന വകുപ്പ് കൊല്ലം @ 75 ൽ ഒരുക്കിയിരിക്കുന്നത് ബാസ്കറ്റ് ബോൾ ആക്ടിവിറ്റി കോർണറാണ്. കായിക വകുപ്പിന്റെ പ്രധാന നേട്ടങ്ങളുടെയും പ്രവർത്തനങ്ങളുടെയും ചിത്രങ്ങളോടെ കൊല്ലത്തെ പ്രധാന പ്രവർത്തനങ്ങളുടെ ദൃശ്യ ആവിഷ്കാരവും സ്റ്റോളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
കുട്ടികളുടെ ശ്രദ്ധ ആകർഷിക്കുന്നതിനും കായികക്ഷമത വർധിപ്പിക്കുന്നതിനും ഓട്ടോമാറ്റിക് സെൻസിംഗ് സംവിധാനത്തോടെയുള്ള ആക്ടിവിറ്റി കോർണറാണ് സജ്ജീകരിച്ചിട്ടുള്ളത്.